fbwpx
"ലോകത്തെ പെണ്‍കുട്ടികളിൽ‌ എട്ടിലൊരാള്‍, അതായത് 37 കോടി പേർ പ്രായപൂര്‍ത്തിയാകും മുമ്പേ ലൈംഗിക അതിക്രമം നേരിട്ടിരിക്കുന്നു"
logo

ന്യൂസ് ഡെസ്ക്

Posted : 11 Oct, 2024 01:45 PM

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഭൂമിശാസ്ത്രപരമോ, സാംസ്കാരികമോ, സാമ്പത്തികമോ ആയ അതിരുകള്‍ക്കപ്പുറം വ്യാപകമാണെന്ന് കണക്കുകള്‍

WORLD


ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന പെണ്‍കുട്ടികളിലും സ്ത്രീകളിലും 37 കോടി പേര്‍, അതായത് എട്ടിലൊരാള്‍ 18 വയസ് തികയുംമുമ്പേ ബലാത്സംഗമോ ലൈംഗിക അതിക്രമമോ നേരിട്ടിട്ടുണ്ടെന്ന് യുണിസെഫ്. ഓണ്‍ലൈന്‍ അല്ലെങ്കില്‍ വാക്കാലുള്ള അധിക്ഷേപം പോലുള്ള 'സമ്പര്‍ക്കേതര' ലൈംഗിക അതിക്രമങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ അതിജീവിതരുടെ എണ്ണം 65 കോടി, അതായത് അഞ്ചിലൊരാള്‍ എന്ന നിലയിലേക്ക് ഉയരുമെന്നും അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യമായാണ് ഇത്തരത്തില്‍ പ്രാദേശിക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആഗോള റിപ്പോര്‍ട്ട് യുണിസെഫ് പ്രസിദ്ധീകരിക്കുന്നത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഭൂമിശാസ്ത്രപരമോ, സാംസ്കാരികമോ, സാമ്പത്തികമോ ആയ അതിരുകള്‍ക്കപ്പുറം വ്യാപകമാണെന്ന് കണക്കുകള്‍ കാണിക്കുന്നു. സബ് സഹാറന്‍ ആഫ്രിക്കയിലാണ് അതിജീവിതര്‍ കൂടുതലുള്ളത്. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും 22 ശതമാനം, അതായത് 790 ലക്ഷം പേര്‍ ഇത്തരത്തില്‍ അതിക്രമങ്ങള്‍ നേരിട്ടുണ്ട്. കിഴക്കന്‍, തെക്ക്-പൂര്‍വേഷ്യ 750 ലക്ഷം (എട്ട് ശതമാനം), മധ്യ, ദക്ഷിണ ഏഷ്യ 730 ലക്ഷം (ഒമ്പത് ശതമാനം), യൂറോപ്പ്, വടക്കേ അമേരിക്ക 680 ലക്ഷം (14 ശതമാനം), ലാറ്റിന്‍ അമേരിക്ക, കരിബീയന്‍ 450 ലക്ഷം (18 ശതമാനം), വടക്കന്‍ ആഫ്രിക്ക, പശ്ചിമേഷ്യ 290 ലക്ഷം (15 ശതമാനം), ഓഷ്യാനിയ 60 ലക്ഷം (34 ശതമാനം) എന്നിങ്ങനെയാണ് കണക്ക്.

"കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം നമ്മുടെ ധാര്‍മിക മനസാക്ഷിക്കുമേലുള്ള കളങ്കമാണ്" എന്നാണ് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചത്. തങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നേണ്ട ഇടങ്ങളില്‍, അടുത്തറിയാവുന്നതും ഏറ്റവും വിശ്വസ്തരുമായ ചിലരില്‍ നിന്നുണ്ടാകുന്ന മോശം അനുഭവങ്ങള്‍ അവരില്‍ ആഴത്തിലും ദീര്‍ഘകാലത്തേക്കുമുള്ള ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും കാതറിന്‍ റസല്‍ പറയുന്നു.


ALSO READ: സ്കൂളും, കൂട്ടുകാരും, ജീവനും നഷ്ടപ്പെടുന്ന ഗാസയിലെ കുട്ടികള്‍...!


അധികാര സ്ഥാപനങ്ങളും, യുഎൻ സമാധാന സേനകളും ദുര്‍ബലമായ സ്ഥലങ്ങള്‍, രാഷ്ട്രീയ-സുരക്ഷാ പ്രതിസന്ധികള്‍ കാരണം അഭയാര്‍ഥികളായി കൂട്ടപ്പലായനം ചെയ്യുന്ന സാഹചര്യങ്ങള്‍ എന്നിവിടങ്ങളില്‍ പെണ്‍കുട്ടികള്‍ ഇതിനേക്കാള്‍ വലിയ അപകടസാധ്യതയാണ് നേരിടുന്നത്. അവിടങ്ങളില്‍ കുട്ടിക്കാലത്തെ ബലാത്സംഗവും ലൈംഗികാതിക്രമവും നാലിലൊന്ന് എന്ന നിലയിലാണ്. "ഇത്തരം സാഹചര്യങ്ങളിലെ കുട്ടികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നു. ബലാത്സംഗവും, ലിംഗാധിഷ്ഠിത അക്രമങ്ങളും പലപ്പോഴും യുദ്ധായുധങ്ങളായി ഉപയോഗിക്കപ്പെടുന്ന ഇത്തരം സംഘര്‍ഷ മേഖലകളിലെ ഭയാനകമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷികളാകേണ്ടിവരുന്നു" -കാതറിന്‍ റസല്‍ വ്യക്തമാക്കി.

കുട്ടിക്കാലത്തെ ലൈംഗിക അതിക്രമങ്ങളിൽ ഏറിയപങ്കും സംഭവിക്കുന്നത് കൗമാരകാലത്താണ്. അതായത്, 14നും 17നും ഇടയില്‍ ലൈംഗിക അതിക്രമങ്ങള്‍ അനുഭവിക്കുന്നുവരുടെ എണ്ണം ഗണ്യമാണ്. ഒരിക്കല്‍ ലൈംഗികാതിക്രമം നേരിട്ട കുട്ടികൾ വീണ്ടും വീണ്ടും ഇരയാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ കാണിക്കുന്നു. അതിക്രമത്തിന്റെ ഇത്തരമൊരു ചാക്രികസ്വഭാവം തകര്‍ക്കുന്നതിനും, ദീര്‍ഘകാല ആഘാതങ്ങളും വ്യഥകളും ഇല്ലാതാക്കുന്നതിനും കൗമാരകാലത്തെ കൃത്യമായ ഇടപെടലുകള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.


ALSO READ: സ്കൂളുകളില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, സ്കൂള്‍ മാനേജ്മെൻ്റിനും പ്രിൻസിപ്പലിനും ഉത്തരവാദിത്തമുണ്ട്: സുപ്രീം കോടതി


കൗമാരകാലത്ത് ലൈംഗിക അതിക്രമം നേരിട്ടവര്‍ അതിന്റെ ആഘാതവും വ്യഥകളുമൊക്കെ പ്രായപൂര്‍ത്തിയാകുമ്പോഴും അനുഭവിക്കേണ്ടിവരുന്നു. ലൈംഗികമായി പകരുന്ന രോഗങ്ങൾ, ലഹരി ഉപയോഗം, സാമൂഹിക ഒറ്റപ്പെടൽ, ഉത്കണ്ഠ, വിഷാദം എന്നിങ്ങനെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം ആരോഗ്യകരമായ ബന്ധങ്ങൾ രൂപീകരിക്കുന്നതില്‍ വെല്ലുവിളികളും അവര്‍ അനുഭവിക്കും. കുട്ടികൾ അവര്‍ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്താൻ വൈകുന്നത്, ദീര്‍ഘകാലത്തേക്കോ അല്ലെങ്കില്‍ ജീവിതകാലമോ അവ രഹസ്യമായി സൂക്ഷിക്കുന്നത് ആഘാതം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പെണ്‍കുട്ടികളും സ്ത്രീകളും മാത്രമല്ല, ആണ്‍കുട്ടികളും പുരുഷന്മാരും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ലോകത്ത് 24 മുതല്‍ 31 കോടി വരെ ആണ്‍കുട്ടികളും പുരുഷന്മാരും, അതായത് പതിനൊന്നിലൊരാള്‍ കുട്ടിക്കാലത്ത് നിര്‍ബന്ധിത ലൈംഗിക വേഴ്ചയോ, അതിക്രമമോ അനുഭവിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. സമ്പര്‍ക്കേതര ലൈംഗികാതിക്രമങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ കണക്ക് 41-53 കോടിയായി ഉയരും.

2010-2022 കാലത്തിനിടെ 120 രാജ്യങ്ങളിലായി നടത്തിയ സര്‍വേ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ലോകമെങ്ങുമുള്ള, പ്രത്യേകിച്ച് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, അതുണ്ടാക്കുന്ന ആജീവനാന്ത പ്രത്യാഘാതങ്ങള്‍ എന്നിവയുടെ തോത് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സമഗ്രമായ പ്രതിരോധ നടപടികള്‍ക്കൊപ്പം, എല്ലാത്തരം അതിക്രമളെയും അധിക്ഷേപത്തെയും ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിനാവശ്യമായ പിന്തുണാ തന്ത്രങ്ങളുടെ അടിയന്തര ആവശ്യകതയിലേക്ക് കൂടിയാണ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.

KERALA
ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ച് ബോബി ചെമ്മണ്ണൂർ; ഹർജി ഇന്ന് തന്നെ പരിഗണിക്കാൻ സാധ്യത
Also Read
user
Share This

Popular

KERALA
KERALA
അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യം? ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി