2021 അർബൻ ബാങ്കിൽ താൻ പറയുന്ന ആൾക്ക് നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയുടെ ലെറ്റർ പാഡിൽ നൽകിയ ശുപാർശയുടെ കോപ്പിയാണ് ന്യൂസ് മലയാളത്തിന് ലഭിച്ചത്
വയനാട് മുൻ ഡിസിസി പ്രസിഡൻ്റ് എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്ക് കുരുക്ക് മുറുകുന്നു. ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് എംഎൽഎ നൽകിയ ശുപാർശ കത്ത് പുറത്ത്. 2021 അർബൻ ബാങ്കിൽ താൻ പറയുന്ന ആൾക്ക് നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയുടെ ലെറ്റർ പാഡിൽ നൽകിയ ശുപാർശയുടെ കോപ്പിയാണ് ന്യൂസ് മലയാളത്തിന് ലഭിച്ചത്.
എൻ.എം. വിജയൻ്റെയും മകന്റെയും മരണത്തിൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് ശുപാർശ കത്ത് പുറത്തെത്തിയിരിക്കുന്നത്. സുൽത്താൻ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണൻ്റെ മകൾക്ക് അർബൻ ബാങ്കിൽ സ്വീപ്പർ പോസ്റ്റിലേക്ക് നിയമനം നൽകണമെന്നാണ് ശുപാർശ കത്തിലെ നിർദേശം. 2021ലാണ് കത്ത് അച്ചടിച്ചിരിക്കുന്നത്. അന്നത്തെ ഡിസിസി പ്രസിഡൻ്റ് കൂടിയായിരുന്നു ഐ.സി. ബാലകൃഷ്ണൻ എംഎൽഎ.
ALSO READ: എന്‍.എം വിജയന്റെ മരണം: മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാക്കള്‍
സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ അനധികൃത നിയമനം നടന്നുവെന്ന് നിലവിലെ ബാങ്ക് ചെയർമാൻ ഡി.പി. രാജശേഖരൻ നേരത്തെ പറഞ്ഞിരുന്നു. 2023ൽ താൻ ചെയർമാനായി വന്നപ്പോൾ സഹകരണ വകുപ്പിൻ്റെ ഉത്തരവിൽ ചട്ട പ്രകാരമല്ലാതെ നിയമനം നേടിയ അഞ്ച് പേരെ പിരിച്ചു വിട്ടിരുന്നെന്നും രാജശേഖരൻ വെളിപ്പെടുത്തിയിരുന്നു. ഇതും ഐ.സി. ബാലകൃഷ്ണന് കുരുക്കായേക്കും.
കോൺഗ്രസ് നേതാക്കൾ ബാങ്ക് ജോലിക്കായി കോഴ വാങ്ങിയ സംഭവമാണ് വിജയന്റെയും മകന്റെയും മരണത്തിന് പിന്നിലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കോഴ വാങ്ങിയതിനെ സാധൂകരിക്കുന്ന പഴയ കരാര്‍ രേഖകളും പുറത്തു വന്നു. ബാങ്ക് നിയമനത്തിനായി ഉദ്യോഗാര്‍ഥിയുടെ പിതാവില്‍ നിന്ന് 30 ലക്ഷം വാങ്ങിയതായെന്നായിരുന്നു നേരത്തെ കണ്ടെത്തിയത്.
ഉന്നത നേതാക്കൾ വാഗ്ദാനം ചെയ്ത ബാങ്ക് ജോലി നൽകാൻ കഴിയാതായതോടെ ഉദ്യോഗാർഥിയുടെ വീട്ടുകാർ പണം തിരികെ ചോദിച്ചു. തുടർന്നാണ് കോൺഗ്രസ് നേതാവിൻ്റെ നിർദേശ പ്രകാരം വിജയൻ ലക്ഷങ്ങൾ പലിശയ്ക്കു വാങ്ങിയത്. പലിശയ്ക്ക് പണം വാങ്ങിയത് തിരിച്ചു നൽകാനാവാത്തതിനാൽ ഒടുവിൽ വിജയന് തൻ്റെ പേരിലുള്ള ഭൂമി ഈടു നൽകേണ്ടി വന്നു. സ്ഥലം ഈട് നൽകി 20 ലക്ഷംവാങ്ങിയ ഈ കരാറിൽ, 2022 ഏപ്രിൽ 29ന് നിലവിലെ ഡിസിസി വൈസ് പ്രസിഡൻ്റ് ഒപ്പിട്ടു. എന്നാൽ പണം തിരിച്ചടക്കാൻ കഴിയാഞ്ഞതോടെയാണ് വിജയൻ കടക്കെണിയിലായതും പിന്നാലെ ആത്മഹത്യ ചെയ്തതുമെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: എൻ.എം. വിജയൻ്റെ മരണം: ഐ.സി ബാലകൃഷ്ണൻ്റെയും എൻ.ഡി അപ്പച്ചൻ്റെയും അറസ്റ്റ് തടഞ്ഞ് കോടതി
എൻ.എം. വിജയൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. എന്നാൽ വിഷയത്തിൽ നേതാക്കളും പ്രവർത്തകരും പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും, പരാതികളുള്ളവർക്ക് അന്വേഷണ സമിതിയെ സമീപിക്കണമെന്നുമായിരുന്നു എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പക്ഷം. ഐ.സി. ബാലകൃഷ്ണനെതിരെയുള്ള നിർണായ തെളിവ്, കോൺഗ്രസിനെ ഇനിയും വെട്ടിലാക്കുമെന്നതിൽ സംശയമില്ല.