കള്ളു കുടിക്കുന്നതിനായി ഒരു മോശം കമ്പനി കൂടാന്‍ പാടില്ല. പ്രമാണിമാരുടെയോ കള്ളന്മാരുടെയോ കയ്യില്‍ നിന്ന് പണം വാങ്ങി കുടിക്കാനും പാടില്ല
പാര്‍ട്ടി അംഗങ്ങള്‍ക്ക് മദ്യപിക്കാമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അംഗങ്ങള്‍ക്ക് വീട്ടിലിരുന്ന് മദ്യപിക്കാം, കള്ളുകുടിച്ച് നാല് കാലില്‍ പുറത്തിറങ്ങാന്‍ പാടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
അംഗങ്ങളോ നേതാക്കളോ മദ്യപിക്കരുതെന്ന കര്‍ശന പെരുമാറ്റ ചട്ടമുള്ള പാര്‍ട്ടിയായിരുന്നു സിപിഐ. എന്നാല്‍ പുതുക്കിയ പെരുമാറ്റ ചട്ടത്തില്‍ ഇങ്ങനെ പറയുന്നു. പ്രവര്‍ത്തകര്‍ക്ക് മദ്യപിക്കാം, എന്നാല്‍ അമിതമാകരുത്, നേതാക്കളും പ്രവര്‍ത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കണം, പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കരുതെന്നുമാണ് സെക്രട്ടറി പറയുന്നത്.
'മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയം. കമ്യൂണിസ്റ്റുകാര്‍ മദ്യപിച്ച് ജനങ്ങളുടെ മുന്നില്‍ പരസ്യമായി നാലുകാലില്‍ വരാന്‍ പാടില്ല. അത് തീര്‍ച്ചയാണ്. ആളുകള്‍ ആ നിലയില്‍ കമ്യൂണിസ്റ്റുകാരെ ഒരിക്കലും കാണാന്‍ പാടില്ല. കള്ളു കുടിക്കുന്നതിനായി ഒരു മോശം കമ്പനി കൂടാന്‍ പാടില്ല. പ്രമാണിമാരുടെയോ കള്ളന്മാരുടെയോ കയ്യില്‍ നിന്ന് പണം വാങ്ങി കുടിക്കാന്‍ പാടില്ല എന്നൊക്കെയാണ് ഉദ്ദേശിക്കുന്നത്. ഒരാള്‍ക്ക് മദ്യപാന ശീലമുണ്ടെങ്കില്‍ അത് വീട്ടില്‍ വെച്ച് ആയിക്കോളൂ,' ബിനോയ് വിശ്വം പറഞ്ഞു.
സമൂഹത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ പാലിക്കണമെന്നും വ്യക്തിജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നതായിരിക്കണമെന്നും പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുന്നുണ്ട്. മദ്യപാനത്തിന്റെ കാര്യത്തില്‍ സിപിഐ നിലപാട് മയപ്പെടുത്തുമ്പോഴും സിപിഎം കര്‍ശന വിലക്ക് തുടരുകയാണ്.