അഡ്വക്കേറ്റ് രാമൻ പിള്ളയാകും ബോബിക്കായി ഹൈക്കോടതിയിൽ ഹാജരാവുക
ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. മജിസ്ടേറ്റ് കോടതി ജാമ്യപേക്ഷ തള്ളി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ഇന്ന് തന്നെ പരിഗണിച്ചേക്കും. അഡ്വക്കേറ്റ് രാമൻ പിള്ളയാകും ബോബിക്കായി ഹൈക്കോടതിയിൽ ഹാജരാവുക.
നടിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ബോബിയെ റിമാൻഡ് ചെയ്യുകയായിരുന്നു.
ALSO READ: വീണ്ടും കുരുക്ക്; ബോബി ചെമ്മണ്ണൂരിൻ്റെ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം ശക്തമാക്കാൻ ഇഡി
പരാതിക്കാരി വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞ് നിന്ന് പബ്ലിസിറ്റി നൽകുകയാണെന്നാണ് ബോബി ചെമ്മണ്ണൂരിൻ്റെ വാദം. ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും അന്വേഷണവുമായി സഹകരിക്കുമെന്നുമാണ് നിലപാട്. കൂടാതെ പരാതി നൽകാനുണ്ടായ കാലതാമസവും ഹൈക്കോടതിയെ അറിയിക്കും. സെഷൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചാൽ തീരുമാനം വൈകാൻ സാധ്യതയുണ്ടെന്ന അഭിഭാഷകരുടെ വിലയിരുത്തലിനെ തുടർന്നാണ് ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ നേരിട്ടെത്തിയത്.
എന്നാൽ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷയെ എതിർക്കാൻ കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിൻ്റെ നീക്കം. ജാമ്യാപേക്ഷ കോടതിയിൽ എത്തിയാൽ ഉടൻ ബോബിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. കഴിഞ്ഞ ദിവസം ഹോസ്‌പിറ്റലിൽ അതിക്രമം നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കാനും പൊലീസ് നീക്കം നടത്തും. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ബോബി ചെമ്മണ്ണൂരുമായി കാക്കനാട്ടെ ജയിലിലേക്ക് പോകാനൊരുങ്ങിയ പൊലീസ് വാഹനം തടഞ്ഞ് ആളുകൾ പ്രതിഷേധിച്ചിരുന്നു. ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഹോസ്‌പിറ്റലിൽ നടന്ന ഈ അതിക്രമത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ എസ്ഐയ്ക്ക് എസിപി നിർദേശം നൽകി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേയ്ക്ക് പൊലീസ് നീങ്ങും.
ALSO READ: ബോബിയെ ജയിലിലേക്ക് മാറ്റുന്നതിനിടെ അതിക്രമം: പ്രതിഷേധക്കാർക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്
അതേസമയം ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം ശക്തമാക്കാനൊരുങ്ങുകയാണ് ഇഡി. ബോബിയുടെ സ്ഥാപനങ്ങളായ ഫിജികാർട്ട്, ക്രെഡിറ്റ് സൊസൈറ്റി എന്നിവയ്ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. ഫിജികാർട്ട് എന്ന സ്ഥാപനത്തിൻ്റെ മറവിൽ വിദേശത്തേക്ക് കോടിക്കണക്കിന് രൂപ കടത്തിയതായി ഇഡിക്ക് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു.
ഫിജികാർട്ടുമായി ബന്ധപ്പെട്ട് മുൻപ് രണ്ട് തവണ ഇഡി ബോബി ചെമ്മണ്ണൂരിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ക്രെഡിറ്റ് സൊസൈറ്റിക്കെതിരെയും കഴിഞ്ഞ ദിവസം പരാതി ലഭിച്ചു. ഈ പരാതി ശക്തമായി അന്വേഷിക്കാനാണ് ഇഡിയുടെ നീക്കം.