റെഡ് ബുൾ സാൽസ്‌ബെർഗിൽ തുടങ്ങി പിന്നീട് ബൊറൂസിയ ഡോർട്ട്മുണ്ടിലെത്തിയ താരം തകർപ്പൻ പ്രകടനമാണ് അവിടെ നടത്തിയത്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മെഷീനാണ് നോർവേ സ്ട്രൈക്കർ എർലിങ് ഹാലണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കായി 125 മത്സരങ്ങളിൽ നിന്ന് 111 ഗോളുകളാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. റെഡ്‌ബുൾ സാൽസ്‌ബെർഗിലും ബൊറൂസിയ ഡോർട്ട്മുണ്ടിലും തകർപ്പൻ പ്രകടനമാണ് താരം നടത്തിയത്.
2022ലാണ് അദ്ദേഹം സിറ്റിയിലേക്ക് ചേക്കേറിയത്. 2022-23 ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ മുതൽ ഗോളടിയിൽ കാര്യത്തിൽ നിരവധി റെക്കോർഡുകളാണ് താരത്തിന് മുന്നിൽ വഴിമാറിയത്. 2022-23 സീസണിൽ 53 മത്സരങ്ങളിൽ നിന്ന് 52 ഗോളും, 2023-24 സീസണിൽ 45 മത്സരങ്ങളിൽ നിന്ന് 38 ഗോളും താരം നേടി. പുതിയ സീസണിൽ തുടക്കം നന്നായില്ലെങ്കിലും പതിയെ ഫോമിലേക്കുയരുന്ന കാഴ്ചയാണ് കാണാനാകുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യൻ റെസ്റ്റോറൻ്റുകളോടും ഇന്ത്യൻ ഭക്ഷണങ്ങളോടുമുള്ള താൽപ്പര്യം താരം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ സ്റ്റൈലിലുള്ള കറികളുടെ കടുത്ത ഫാനാണ് ഹാലണ്ട്. ബട്ടർ ചിക്കൻ, ലാംപ് ചോപ്സ്, ഗാർലിക് നാൻ എന്നിവയൊക്കെ തൻ്റേ ഫേവറിറ്റ് വിഭവങ്ങളാണെന്നാണ് താരം പ്രീമിയർ ലീഗ് സംഘാടകർക്ക് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയിരിക്കുന്നത്.
2016ൽ നോർവെയിൽ തന്നെയുള്ള ബ്രയിൻ എഫ്‌കെ ക്ലബ്ബിലൂടെയാണ് ഹാലണ്ട് തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. അടുത്ത വർഷം മോൾഡ് എഫ്‌കെയിലേക്ക് മാറി. അവിടെ അദ്ദേഹം രണ്ടു വർഷം ചെലവഴിച്ചു. 2019 ജനുവരിയിൽ ഓസ്ട്രിയൻ ടീമായ റെഡ് ബുൾ സാൽസ്ബർഗ് അദ്ദേഹവുമായി അഞ്ച് വർഷത്തെ കരാറിലെത്തി. 2019-20 യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കൗമാരക്കാരനായി എർലിങ് ഹാലണ്ട് ശ്രദ്ധ നേടി. പിന്നാലെ 2019 ഡിസംബർ 29ന് 20 ദശലക്ഷം യൂറോ പ്രതിഫലത്തിന് ബോറൂസിയ ഡോർട്ട്‌മുണ്ടിലേക്ക് ഹാലണ്ട് ചേക്കേറി.
2019ൽ ഫിഫ അണ്ടർ 20 ലോകകപ്പിൽ നോർവേക്കായി അരങ്ങേറിയ ഹാലണ്ട് ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയിരുന്നു. തൊട്ടു പിന്നാലെ 2019 സെപ്റ്റംബറിൽ നോർവേ സീനിയർ ടീമിലും അരങ്ങേറ്റം കുറിച്ചു. 2020-21 ചാംപ്യൻസ് ലീഗ് ടോപ് സ്കോറർ പദവി നേടി. 2020ൽ ഗോൾഡൺ ബോയ് പുരസ്കാരവും 2021ലെ ബ്യുണ്ടസ് ലീഗ് പ്ലെയർ ഓഫ് ദി സീസൺ പുരസ്കാരവും നേടി. 2022ൽ 60 ദശലക്ഷം യൂറോ പ്രതിഫലം നൽകിയാണ് മാഞ്ചസ്റ്റർ സിറ്റി അദ്ദേഹത്തെ ടീമിലെത്തിച്ചത്.