എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടി വന്നാൽ ഞാൻ ശ്രദ്ധിച്ചുകൊള്ളാമെന്നും ഹണി റോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു
രാഹുൽ ഈശ്വർ സ്ത്രീകളുടെ പ്രശ്നങ്ങൾ നിർവീര്യമാക്കുന്നുവെന്നും പൂജാരി ആയിരുന്നെങ്കിൽ അവിടെയും ഡ്രസ് കോഡ് കൊണ്ടുവന്നേനെയെന്നും വിമർശനവുമായി നടി ഹണി റോസ്. രാഹുൽ പൂജാരി ആകാതിരുന്നത് നന്നായി. ഭാഷയിലെ നിയന്ത്രണം വസ്ത്രധാരണം കാണുമ്പോഴില്ല.
"ശ്രീ രാഹുൽ ഈശ്വർ, താങ്കളുടെ ഭാഷയുടെ മുകളിലുള്ള നിയന്ത്രണം കേമമാണ്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ. അതുകൊണ്ട് തന്നെ രാഹുൽ ഉണ്ടെങ്കിൽ ഒരുപക്ഷത്ത് അതിമനോഹരമായ ഭാഷാ നിയന്ത്രണത്തോടെ രാഹുൽ നിൽക്കും. ചർച്ചകൾക്ക് രാഹുൽ ഈശ്വർ എന്നും മുതൽക്കൂട്ടാണ്. സ്ത്രീകൾ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിർവീര്യമാക്കും," ഹണി റോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
"പക്ഷേ തന്ത്രി കുടുംബത്തിൽപ്പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം പൂജാരി ആയിരുന്നുവെങ്കിൽ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് ഡ്രസ് കോഡ് ഉണ്ടാക്കിയേനെ. കാരണം ഏത് വേഷത്തിൽ കണ്ടാലാണ് അദ്ദേഹത്തിൻ്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്നാണ് എനിക്ക് മനസിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടി വന്നാൽ ഞാൻ ശ്രദ്ധിച്ചുകൊള്ളാം," ഹണി റോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബോബി ചെമ്മണ്ണൂരിനെ ഹണി റോസിന് വിമർശിക്കാമെങ്കിൽ അവരുടെ വേഷവിധാനത്തെ തനിക്കും വിമർശിക്കാമെന്ന് രാഹുൽ ഈശ്വർ ന്യൂസ് മലയാളത്തോട് പറഞ്ഞു. "ബോചെ ഇങ്ങനെ പറഞ്ഞതിനെതിരെ ആദ്യം വിമർശിച്ച ആളാണ് ഞാൻ. കുന്തീ ദേവി പരാമർശം തെറ്റായിയെന്നും പറഞ്ഞിട്ടുണ്ട്. ദ്വയാർഥ പ്രയോഗങ്ങൾ ബോബി ചെമ്മണ്ണൂർ ഒഴിവാക്കണം. ബോബിയുടെ ഭാഗത്തും തെറ്റുണ്ട്. എന്നുവെച്ച് മൂന്ന് വർഷം അദ്ദേഹത്തെ ജയിലിൽ ഇടണമെന്നാണോ ഹണി റോസ് ഉദ്ദേശിക്കുന്നത്," രാഹുൽ ഈശ്വർ ചോദിച്ചു.
"ഹണി റോസ് ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പ് സ്വീകരിച്ച് അദ്ദേഹത്തെ വെറുതെ വിടണം. വസ്ത്രധാരണത്തിലെ മാന്യത ഹണി റോസും പാലിക്കണം. അവരുടെ വസ്ത്രധാരണത്തിൽ പലർക്കും വിമർശനം ഉണ്ട്. മലയാളികളിൽ പലർക്കും അവർക്കും അവരുടെ വസത്രധാരണത്തിൽ പരാതിയുണ്ട്. ക്ഷേത്രത്തിൽ ഡ്രസ് കോഡ് ഉണ്ടെന്ന് ഹണി റോസിന് അറിയാത്തതാണ്. ഹണി റോസ് സഭ്യമായ രീതിയിൽ വസ്ത്രം ധരിക്കണമെന്ന് പറയുന്നത് ബഹുമാനത്തോടെയുള്ള വിമർശനമായി കണക്കാക്കണം," രാഹുൽ ഈശ്വർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ALSO READ: ജാമ്യം തേടാൻ ബോബി ചെമ്മണ്ണൂർ; കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസ്