വിവാഹ റിസപ്ഷന് വിജയ് അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്
നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരന്‍. ഗോവയില്‍ വെച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കീര്‍ത്തി തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. 15 വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ റിസപ്ഷന് വിജയ് അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
വിവാഹത്തിന് മുന്‍പ് കീര്‍ത്തി സുരേഷ് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹേദരി രേവതി സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളായ കീര്‍ത്തി പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മലയാളത്തില്‍ നിന്ന് തുടങ്ങി പിന്നീട് തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങുകയായിരുന്നു താരം. മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തിക്ക് ലഭിച്ചിരുന്നു.