സാബിത്തിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കും മുഹമ്മദ് റഹീസിന്റെ ലൈസന്‍സ് 6 മാസത്തേക്കുമാണ് സസ്‌പെന്റ് ചെയ്തത്
പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ അപകടമരണമുണ്ടായ സംഭവത്തില്‍ വാഹനമോടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒ. അപകടകാരണമായ ബെന്‍സ് ഓടിച്ച സാബിത്തിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കും മുഹമ്മദ് റഹീസിന്റെ ലൈസന്‍സ് 6 മാസത്തേക്കുമാണ് സസ്‌പെന്റ് ചെയ്തത്. വിശദ അന്വേഷണത്തിനായി മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് 999 ഓട്ടോമോട്ടിവ് എന്ന സ്ഥാപനത്തിന്റെ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ സ്ഥാപന ഉടമ കൂടിയായ സാബിത്ത് ഓടിച്ച ആഡംബര വാഹനം ഇടിച്ച് വടകര സ്വദേശി ആല്‍വിന്‍ മരിച്ചത്. മൊബൈല്‍ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെ സാബിത്ത് ഓടിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ആല്‍വിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെളിഞ്ഞിരുന്നു. അപകടം സംബന്ധിച്ച് സാബിത്തും, റഹീസും നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും കൂടുതല്‍ പരിശോധനയ്ക്കായി പ്രത്യേക ടീമിനെ നിയോഗിച്ചുവെന്നും എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു.
വാഹനങ്ങളുടെ ആര്‍സി റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് മുന്നോടിയായാണ് കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഡ്രൈവ് ബൈ യു എന്ന കമ്പനിയുടെ പേരില്‍ തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയ്ത ബെന്‍സിന് ഇന്‍ഷുറന്‍സും ടാക്‌സും ഉണ്ടായിരുന്നില്ല. ചിത്രീകരണത്തിന് ഉപയോഗിച്ച ഡിഫന്‍ഡറിന് രജിസ്‌ട്രേഷന്‍ നമ്പര്‍ കിട്ടിയിട്ടും താല്‍കാലിക നമ്പര്‍ ഉപയോഗിച്ചതിനും എംവിഡി കേസെടുത്തിട്ടുണ്ട്. അപകടകാരണമായ ബെന്‍സ് കാര്‍ നേരത്തെയും വേഗപരിധി ലംഘനം നടത്തിയിട്ടുണ്ട്.