പി.ആർ. വസന്തൻ ഉൾപ്പടെ നാല് നേതാക്കളെയാണ് ഒഴിവാക്കിയത്
എസ്. സുദേവനെ വീണ്ടും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കരുനാഗപ്പള്ളിയിൽ നിന്നുള്ള അംഗങ്ങളെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. പി.ആർ. വസന്തൻ ഉൾപ്പടെ നാല് നേതാക്കളെയാണ് ഒഴിവാക്കിയത്. സംസ്ഥാന സമ്മേളനത്തിലേക്ക് 36 പ്രതിനിധികളെയാണ് കൊല്ലത്ത് നിന്ന് തെരഞ്ഞെടുത്തത്.
വിഭാഗീയ പ്രവർത്തനം നടത്തിയവർക്ക് ശക്തമായ നടപടിയെടുത്താണ് സിപിഎം കൊല്ലം ജില്ലാ സമ്മേളനം അവസാനിച്ചത്. കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവർത്തനം വലിയ തലവേദനയാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിനുണ്ടാക്കിയത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ആർ. വസന്തൻ, പി. കെ. ബാലചന്ദ്രൻ, സി. രാധാമണി, ബി. ഗോപൻ എന്നിവരെയാണ് ഒഴിവാക്കിയത്. ജില്ലാ കമ്മിറ്റിയിൽ നാല് പുതുമുഖങ്ങളെയും ഉൾപ്പെടുത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം, കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗീതാ കുമാരി, അഡ്വ. വി. സുമലാൽ എന്നിവരാണ് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെട്ടത്. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന കൊട്ടാരക്കര മുൻ എംഎൽഎ ആയിഷ പോറ്റിയുടെ ആവശ്യപ്രകാരം അവരെ ഒഴിവാക്കി. പാർട്ടി സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ലാ സെക്രട്ടറി എസ്. സുദേവൻ പറഞ്ഞു.
മാർച്ചിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ ജില്ലാ സമ്മേളനം തീരുമാനിച്ചു. പാർട്ടി അംഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന സംഭാവന കൊണ്ടാണ് സമ്മേളനം നടത്തുക. പാർട്ടിയെയും ഇടത് സർക്കാരിനെയും ദുർബലപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും ജില്ലാ സെക്രട്ടറി സുദേവൻ കൂട്ടിച്ചേർത്തു.