കഴിഞ്ഞ സെപ്റ്റംബറിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ ശുപാർശയ്‌ക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകിയത്
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സമഗ്രമായ ബിൽ ഈ സമ്മേളന കാലയളവിൽ തന്നെ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബില്ലിൽ സമവായത്തിന് ശ്രമിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ രാജ്യത്തുടനീളമുള്ള ഏകീകൃത തെരഞ്ഞെടുപ്പിന് വഴിയൊരുക്കുന്ന സമഗ്രമായ ബിൽ ഉടൻ പാസാക്കാൻ സാധ്യതയുണ്ട്. പദ്ധതിയിൽ കേന്ദ്ര സർക്കാർ സമവായം ഉണ്ടാക്കണമെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വിഷയം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കതീതമാണെന്നും രാജ്യത്തിൻ്റെ മൊത്തം സേവനമാണ് ലക്ഷ്യമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട കമ്മിറ്റി ചെയർമാൻ കൂടിയായ രാം നാഥ് കോവിന്ദ് മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി നടപ്പിലാക്കിയതിന് ശേഷം രാജ്യത്തിൻ്റെ ജിഡിപി 1-1.5 ശതമാനം വരെ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സെപ്റ്റംബറിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട് രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ ശുപാർശയ്‌ക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകിയത്. 2029 മുതൽ ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരേസമയം നടത്തണമെന്നായിരുന്നു സമിതിയുടെ നിർദേശം.
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത് ബിജെപി സർക്കാരിൻ്റെ പ്രഖ്യാപിത മുദ്രാവാക്യമാണ്. ഈ പദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ രാജ്യത്തെ ഒറ്റ തെരഞ്ഞെടുപ്പിനെ അനുകൂലിക്കണം. ഈ സ്വപ്നം സാക്ഷാത്ക്കരിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ പുരോഗതിയെ മോശമായി ബാധിക്കുമെന്നും മോദി സ്വാതന്ത്ര്യ ദിനത്തിൽ പറഞ്ഞിരുന്നു.
രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ ഒരു നിശ്ചിത സമയപരിധിക്കുള്ളിലോ സമന്വയിപ്പിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിൻ്റെ പരിഗണനയിലുള്ള ഒരു നിർദേശമാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. 2014ലാണ് ഇത്തരമൊരാശയം മോദി സർക്കാർ അവതരിപ്പിക്കുന്നത്. 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ നിർദേശം.
എന്നാൽ കേരളം പ്രമേയത്തെ തുടക്കം മുതൽ തന്നെ ശക്തമായി എതിർത്തിരുന്നു.എല്ലാ തെരഞ്ഞെടുപ്പുകളും ഒറ്റ ഘട്ടമാക്കുന്നത് തങ്ങളുടെ സര്‍ക്കാരുകളെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിനു മേലുള്ള വെല്ലുവിളിയാണെന്നാണ് കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തില്‍ പറയുന്നത്.
കേന്ദ്ര തീരുമാനം ഇന്ത്യന്‍ ഭരണഘടനയ്ക്ക് മേലുള്ള കൈകടത്തലാണെന്നും ജനാധിപത്യവിരുദ്ധ ചിന്താഗതിയാണ് ഇതിനു പിന്നിലെന്നുമായിരുന്നു കേരളത്തിൻ്റെ പ്രമേയത്തിലെ ഉള്ളടക്കം. തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടം ആക്കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് ചേരാത്തതാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണിത്. ഈ നടപടി അധികാര വികേന്ദ്രീകരണത്തെ ശിഥിലമാക്കുമെന്നും കേന്ദ്രം അടിയന്തരമായി ആവശ്യത്തില്‍ നിന്ന് പിന്മാറണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു.