15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്
29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) നാളെ (ഡിസംബര്‍ 13) തിരുവനന്തപുരത്ത് ആരംഭിക്കും. നാളെ വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും, മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ലോക സിനിമാ വിഭാഗത്തില്‍ 63 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് മേളയുടെ മറ്റൊരു ആകര്‍ഷണമായിരിക്കും.
അര്‍മേനിയന്‍ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 'റെട്രോസ്‌പെക്റ്റീവ്, 'ദ ഫീമേല്‍ ഗെയ്‌സ്' എന്ന പേരില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, ലാറ്റിനമേരിക്കന്‍ സിനിമകളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, ആനിമേഷന്‍ ചിത്രങ്ങള്‍, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള റീസ്റ്റോര്‍ഡ് ക്‌ളാസിക്‌സ് എന്നിവ മേളയുടെ പ്രത്യേകതകളാണ്. പി. ഭാസ്‌കരന്‍, പാറപ്പുറത്ത്, തോപ്പില്‍ഭാസി എന്നീ പ്രതിഭകളുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് 'ലിറ്റററി ട്രിബ്യൂട്ട്' വിഭാഗത്തില്‍ മൂന്നു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
13000ല്‍പ്പരം ഡെലിഗേറ്റുകള്‍ പങ്കെടുക്കുന്ന ഐഎഫ്എഫ്‌കെയുടെ 29-ാം പതിപ്പില്‍ നൂറോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ അതിഥികളായെത്തും. പ്രദര്‍ശനം നടക്കുന്ന തിയേറ്ററുകളില്‍ ആകെ സീറ്റിന്റെ 70 ശതമാനം റിസര്‍വേഷന്‍ ചെയ്തവര്‍ക്കും 30 ശതമാനം റിസര്‍വേഷന്‍ ഇല്ലാതെയുമാണ് പ്രവേശനം. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും ക്യൂ നില്‍ക്കാതെ പ്രവേശനം അനുവദിക്കും.