സ്ത്രീകളുടെ ഇടയിലുണ്ടാവേണ്ട പങ്കാളിത്തം, നിശ്ചയദാർഢ്യം, ഇൻക്ലൂസ്സിവിറ്റി തുടങ്ങിയവയുടെ പ്രാധാന്യത്തെ കുറിച്ചാണ് വേദിയിൽ ഐശ്വര്യ സംസാരിച്ചത്
ഐശ്വര്യ റായ് ദുബായിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറത്തിൽ സംസാരിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. വയലറ്റ് - വെള്ളി നിറത്തിലുള്ള ഗൗൺ ധരിച്ചാണ് ഐശ്വര്യ വേദിയിൽ പ്രത്യക്ഷപെട്ടത്. ദുബായ് വിമൻസ് എസ്റ്റാബ്ലിഷ്‌മെന്റ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഐശ്വര്യ പ്രസംഗിക്കുന്ന വീഡിയോ പങ്കുവെച്ചത്.
സ്ത്രീകളുടെ ഇടയിലുണ്ടാവേണ്ട പങ്കാളിത്തം, നിശ്ചയദാർഢ്യം, ഇൻക്ലൂസ്സിവിറ്റി തുടങ്ങിയവയുടെ പ്രാധാന്യത്തെ കുറിച്ചാണ് വേദിയിൽ ഐശ്വര്യ സംസാരിച്ചത്. തുടർന്ന്, ഐശ്വര്യയുടെ സൗന്ദര്യത്തെയും പ്രചോദാത്മകമായ വാക്കുകളെയും പ്രശംസിച്ചുകൊണ്ടു ആരാധകരുടെ കമന്‍റുകളും വന്നിരുന്നു. ബ്യൂട്ടി ബ്ലോഗറും ഹുദാ ബ്യൂട്ടി എന്ന സൗന്ദര്യ സംരക്ഷക ബ്രാൻഡിന്റെ സ്ഥാപകയുമായ ഹുദാ കട്ടൻ, ഹോളിവുഡ് നടി ആംബർ ഹെർഡുമായുള്ള നിയമ പോരാട്ടത്തിൽ ജോണി ഡെപ്പിന്റെ അഭിഭാഷകയായിരുന്ന കാമിൽ വാസ്‌ക്വസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ALSO READ: ബയോപിക് കഴിഞ്ഞു, ഇനി മസാല സിനിമകള്‍: രണ്‍ദീപ് ഹൂഡ
അടുത്തിടെ, സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും തെരുവുകളിൽ സ്ത്രീകൾ നേരിടുന്ന അക്രമങ്ങളെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ ഐശ്വര്യ പങ്കുവെച്ച വിഡിയോ ശ്രദ്ധ നേടിയിരുന്നു. സ്ത്രീകൾ തങ്ങളുടെ സ്വാഭിമാനത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാവരുതെന്നും അതിക്രമങ്ങളെ ശക്തമായി നേരിടണമെന്നും താരം വിഡിയോയിൽ പറഞ്ഞു. പ്രശ്നങ്ങളെ ധൈര്യപൂർവം നേരിടുവാനും നിങ്ങളുടെ മൂല്യമെന്താണെന്നു തിരിച്ചറിയണമെന്നും മറ്റുള്ളവർ നിങ്ങളെ ആജ്ഞാപിക്കാനുള്ള ഇട വരുത്തരുതെന്നും താരം വിഡിയോയിൽ വ്യക്തമാക്കി. അവസാനമായി ആരാധകർ ഐശ്വര്യയെ ബിഗ്‌സ്‌ക്രീനിൽ കണ്ടത് മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിലാണ്.