'ദി പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി', 'കാലിഫോർണിയ സ്യുട്ട്' എന്നി ചിത്രങ്ങൾക്ക് മികച്ച നടിക്കും, മികച്ച സഹനടിക്കുമുള്ള ഓസ്കാർ അവാർഡ് ഇവർക്ക് ലഭിച്ചിരുന്നു.
മാഗി സ്മിത്ത്
'ഹാരിപോട്ടർ' സിനിമകളിലൂടെ പ്രശസ്തയായ നടിയും, രണ്ട് ഓസ്കാർ പുരസ്‌ക്കാരങ്ങൾ നേടിയ അഭിനേത്രിയുമായ മാഗി സ്മിത്ത് ഇന്നലെയാണ് അന്തരിച്ചത്. മാഗി സ്മിത്തിന്റെ കൂടെ അഭിനയിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് ഹാരിപോട്ടർ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഡാനിയൽ റാഡ്ക്ലിഫും നായിക എമ്മ വാട്സണും.
ഹാരി പോട്ടർ സിനിമയിൽ മിനർവ മഗൊനഗോള്‍സ എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ഇവർ നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. ഒരു കാലത്തെ ഏറ്റവും മികച്ച നടിയായാണ് ഇവരെ വിലയിരുത്തിയിരുന്നത്. 'ദി പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി', 'കാലിഫോർണിയ സ്യൂട്ട്' എന്നി ചിത്രങ്ങൾക്ക് മികച്ച നടിക്കും, മികച്ച സഹനടിക്കുമുള്ള ഓസ്കർ അവാർഡ് ഇവർക്ക് ലഭിച്ചിരുന്നു.
ALSO READ: 'മുകുന്ദിന്‍റെ ഇന്ദു' ആയി സായ് പല്ലവി; ടീസര്‍ പങ്കുവെച്ച് അമരന്‍ ടീം
മാഗി സ്മിത്തിനൊപ്പമുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് ഹാരിപോട്ടർ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഡാനിയൽ റാഡ്ക്ലിഫ്. "ഞാൻ ആദ്യമായി മാഗിയെ കണ്ടുമുട്ടുന്നത് എനിക്ക് 9 വയസുള്ളപ്പോഴാണ്. മാഗിയോടൊപ്പം ഞാൻ അഭിനയിക്കുന്നതിൽ എന്റെ മാതാപിതാക്കൾ ഏറെ ആകാംക്ഷാഭരിതരായിരുന്നു. ആദ്യമായി മാഗിയെ കാണുമ്പോൾ എനിക്ക് ഭയമായിരുന്നു, എന്നാൽ അവർ തന്നെ എന്നെ സമാധാനിപ്പിച്ചു. പിന്നീട് ഹാരി പോട്ടർ സിനിമയിലൂടെ അടുത്ത 10 വർഷവും എനിക്കവരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യമുണ്ടായി. ഒരേസമയം ഭയപ്പെടുത്താനും വശീകരിക്കാനും കഴിവുള്ളവരായിരുന്നു അവർ. മാഗിയുടെ കൂടെ അഭിനയിക്കാൻ സാധിച്ചതും അവരുടെ കൂടെ സമയം ചിലവഴിക്കാൻ സാധിച്ചതും എന്റെ ഭാഗ്യമായി കണക്കാക്കുന്നു," റാഡ്ക്ലിഫ് പറഞ്ഞു.
എമ്മ വാട്സണും മാഗി സ്മിത്തിന് അനുശോചനമറിയിച്ചു. "എന്റെ ചെറുപ്പത്തിൽ ഇവർ ഒരു ഇതിഹാസമാണെന്ന് അറിയില്ലായിരുന്നു. എനിക്ക് മാഗിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. വലുതായപ്പോഴാണ് എത്ര വലിയ ആളുടെ ഒപ്പമാണ് അഭിനയിക്കാൻ സാധിച്ചതെന്ന് മനസിലായത്. അവർ സത്യസന്ധതയും ആത്മാഭിമാനവുമുള്ള സ്ത്രീയായിരുന്നു. ഞാൻ നിങ്ങളെ മിസ് ചെയ്യും," എമ്മ വാട്സൺ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ലണ്ടനിലെ ആശുപത്രിയിൽ വെച്ചാണ് മാഗി സ്മിത്ത് അന്തരിച്ചത്. അവരുടെ മക്കളാണ് പ്രസ്താവനയിലൂടെ ദുഃഖ വാർത്ത പുറത്തുവിട്ടത്.