ഈ പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ കൂടുതലും പൃഥ്വിരാജിനെ വിമര്‍ശിച്ചുകൊണ്ടാണ്. സമാനമായ രീതിയില്‍ ഇന്ദ്രജിത്ത് സുകുമാരന്റെ പോസ്റ്റിന് താഴെയും പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്
പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനമറിയിച്ചുള്ള മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ സൈബര്‍ ആക്രമണം. എമ്പുരാന്‍ സിനിമയുടെ വിവാദവുമായി ബന്ധപ്പെട്ടാണ് സൈബര്‍ ആക്രമണം നടക്കുന്നത്. നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
'പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകളെയോര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും വലിയ ക്രൂരതയ്ക്ക് കാണേണ്ടി വന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവന്‍ എടുക്കുന്നത് ഒരു കാരണവശാലും ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. ദുഃഖിക്കുന്ന കുടുംബാംഗങ്ങള്‍ക്ക്, നിങ്ങളുടെ ദുഃഖം വാക്കുകള്‍ക്കും അപ്പുറമാണെന്ന് അറിയാം. ഒരിക്കലും നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് അറിയുക. രാജ്യം മുഴുവനും ഈ ദുഃഖത്തില്‍ നിങ്ങളോടൊപ്പമുണ്ട്. നമുക്ക് പരസ്പരം കുറച്ചുകൂടി മുറുകെ പിടിക്കാം. ഇരുട്ടിന്റെ മുഖത്ത് പോലും സമാധാനം നിലനില്‍ക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്', എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
ALSO READ: "ഹൃദയ ഭേദകം, വേദനാജനകം"; പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് താരങ്ങള്‍
'പാകിസ്ഥാനില്‍ നിന്ന് പരിശീലനം കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന സയീദ് മസൂദ് മാരെ സൂക്ഷിക്കു', 'ഒരു എമ്പുരാന്‍ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്', 'ഈ സംഭവത്തില്‍ ഇന്ന് നടന്ന കാര്യങ്ങള്‍ വെട്ടിമാറ്റി നാളെ നടക്കാന്‍ പോകുന്നത് മാത്രം ഒരു സിനിമയായി കാണിച്ചാല്‍ എങ്ങനെയിരിക്കും', 'ഒരേ സമയം ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും ആണെന്ന് നിങ്ങള്‍ നേരത്തേ തെളിയിച്ചതാണ്. അതുകൊണ്ട് ഈ പോസ്റ്റിന് യാതൊരു വിശ്വാസ്യതയില്ല', എന്നീ തരത്തിലാണ് കമന്റുകള്‍ വരുന്നത്. ഈ പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ കൂടുതലും പൃഥ്വിരാജിനെ വിമര്‍ശിച്ചുകൊണ്ടാണ്. സമാനമായ രീതിയില്‍ ഇന്ദ്രജിത്ത് സുകുമാരന്റെ പോസ്റ്റിന് താഴെയും പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.
പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ എമ്പുരാന്‍ തീവ്ര വലതുപക്ഷത്തിന്റെ ഭാഗത്തുനിന്നും വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. സിനിമയില്‍ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നായിരുന്നു പ്രധാന ആരോപണം. പൃഥ്വിരാജിനെ രൂക്ഷമായ ഭാഷയിലാണ് ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍ വിമര്‍ശിച്ചത്. പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധ ആശയങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും ഓര്‍ഗനൈസര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.