പുതിയ പാർട്ടി ഓഫീസ് തിരുവനന്തപുരത്തെ പഴയ എകെജി സെൻ്ററിൻ്റെ എതിർവശത്തായാണ് സ്ഥിതി ചെയ്യുന്നത്
സിപിഐഎമ്മിൻ്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ പാർട്ടി ഓഫീസ് തിരുവനന്തപുരത്തെ പഴയ എകെജി സെൻ്ററിൻ്റെ എതിർവശത്തായാണ് സ്ഥിതി ചെയ്യുന്നത്. മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ള പുതിയ ഓഫീസിനു മുന്നിൽ ആദ്യ പതാക ഉയർത്തി. നിലവിൽ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എകെജി സ്‌മാരക പഠനഗവേഷണ കേന്ദ്രത്തിനു സമീപം ഡോ. എൻ എസ് വാര്യർ റോഡിലാണ് പുതിയ മന്ദിരം.
പുതിയ എകെജി സെന്റർ ഉദ്ഘാടന തീയതി നേരത്തെ നിശ്ചയിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനത്തിന് ശേഷം സംസാരിച്ചു. ഈ തിയതിക്ക് പല പ്രത്യേകതകളും ഉണ്ട്. പഞ്ചാംഗം നോക്കി നിശ്ചയിച്ചു എന്ന് ചില ആളുകൾ കണ്ടുപിടിച്ചു. ആ ഗവേഷണ ബുദ്ധിക്ക് നമസ്കാരം. അതൊന്നും ഏശുന്ന പാർട്ടിയല്ലല്ലോ ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഴിവുള്ള ദിനം നോക്കി ഉദ്ഘാടനം തീരുമാനിക്കുക മാത്രമാണ് ചെയ്തത്. പുതിയ എ. കെ. ജി സെൻറർ യഥാർത്യമാക്കുന്നതിന് സഹായമായത് കോടിയേരി ബാലകൃഷ്ണനാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അഭിമാനിക്കാൻ കഴിയുന്ന സങ്കേതമായി പുതിയ കെട്ടിടം തലയുയർത്തി നിൽക്കുന്നു. പാർട്ടി വല്ലാത്തൊരു ദശാസന്ധിയിലാണ്. സിപിഎമ്മിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു. ഇതൊരു പുതിയ കാര്യമല്ലെന്നും പിണറായി വിജയൻ പ്രതികരിച്ചു.
എൽഡിഎഫ് മൂന്നാം ഗവൺമെൻ്റിൻ്റെ തുടർച്ച പുതിയ ഓഫീസിൽ നിന്നാകുമെന്ന് മുതിർന്ന നേതാവ് എ. കെ. ബാലനും പ്രതികരിച്ചു. അതാകും പുതിയ ഓഫീസിൻ്റെ ചരിത്രപ്രാധാന്യവുമെന്നും എ. കെ. ബാലൻ പറഞ്ഞു. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ വി. ശിവൻകുട്ടി, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, കെ. കൃഷ്ണൻ കുട്ടി, ഒ.ആർ. കേളു തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
31.95 സെൻ്റിൽ നിർമിച്ച ഒമ്പത് നിലകളുള്ള പുതിയ എകെജി സെൻ്ററിന് പ്രത്യേകതകളേറെയാണ്. ഒൻപത് നിലകളും രണ്ട് പാർക്കിങ് ഏരിയകളുമാണ് കെട്ടിടത്തിനുളളത്. പ്രശസ്ത വാസ്തു ശില്‍പ്പി എന്‍. മഹേഷാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2022 ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പുതിയ സെൻ്ററിൻ്റെ നിർമാണപ്രവർത്തനം ഉദ്‌ഘാടനം ചെയ്‌തത്.