തെക്കൻ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമായാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ. ടിആർഎഫ് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്. തെക്കൻ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമായാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം. പഹൽഗാമിന് ശേഷം വീണ്ടും പ്രകോപനപരമായ നിലപാടിലേക്കും ആക്രമം നടത്തുന്നതുമായി ബന്ധപ്പെട്ട ആഹ്വാനങ്ങളിലേക്കും ടിആർഎഫ് നീങ്ങുന്നത് കഴിഞ്ഞ മണിക്കൂറുകളിൽ കണ്ടിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു വിനോദസഞ്ചാര മേഖലയിൽ സൈന്യം നടത്തിയ തെരച്ചിലിനിടെ വീണ്ടും ഏറ്റുമുട്ടലുണ്ടായിരിക്കുന്നത് എന്നാണ് ദേശീയ വാർത്താ ഏജൻസികൾ നൽകുന്ന വിവരം.
നിരവധി തവണ വെടിയൊച്ചകൾ കേട്ടതായും ടിആർഎഫ് കമാൻഡറെ സൈന്യം വളഞ്ഞതായിട്ടുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അബർബൽ വെള്ളച്ചാട്ടതിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് ലഭ്യമാകുന്ന വിവരം. നേരത്തെ തന്നെ ഈ പ്രദേശങ്ങളിൽ വലിയ തരത്തിലുള്ള സൈനികനീക്കം ആരംഭിച്ചിരുന്നു. ഭീകരർക്കായുള്ള തെരച്ചിൽ വളരെ ശക്തമായി പുരോഗമിക്കുകയാണ്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങിയിരിക്കുകയാണ് ഇന്ത്യ. നയതന്ത്രതലത്തിൽ ബന്ധം വിച്ഛേദിക്കാനാണ് ആലോചന. സൈനികനടപടിയും ഇന്ത്യയുടെ പരിഗണനയിലുണ്ട്. ആക്രമണത്തിന് പിന്നിലെ സൂത്രധാരനായ ലഷ്കർ ഭീകരൻ സെയ്ഫുള്ള കസൂരിയെ വിട്ടുനൽകാനും ഇന്ത്യ ആവശ്യപ്പെടും. പാക് സൈനിക മേധാവി നടത്തിയ പ്രസ്താവനയ്ക്ക് എതിരെയും ഇന്ത്യ പ്രതിഷേധം അറിയിക്കും. ആ പ്രസ്താവന ഗൂഢാലോചനയ്ക്ക് സഹായകമായെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാകിസ്ഥാനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാകും ഇന്ത്യ നടപ്പാക്കുകയെന്നാണ് സൂചനകള്‍. ഇന്ത്യയിലെത്താന്‍ പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും റദ്ദാക്കും. ഇന്ത്യക്കാരുടെ പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കും വിലക്ക് കൊണ്ടുവന്നേക്കും. പാകിസ്ഥാനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കും. പാകിസ്ഥാനില്‍ നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികളും നിരോധിച്ചേക്കും.
അതേസമയം, ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ സജ്ജമായിരിക്കണമെന്ന് സൈന്യത്തിന് നിർദേശം. പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് നിർദേശം നൽകിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സായുധ സേനാ തലവന്മാർ എന്നിവരാണ് യോഗം ചേർന്നത്. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് രണ്ടര മണിക്കൂറാണ് ചർച്ച നടത്തിയത്.