ഓസ്‌കാറിന് ആവശ്യം ഇന്ത്യയെ മോശമായി കാണിക്കുന്ന സിനിമകളാണ്
കിരണ്‍ റാവുവിന്റെ ലാപത്താ ലേഡീസ് ഓസ്‌കാര്‍ റേസില്‍ നിന്നും പുത്തായതിന് പിന്നാലെ നിരവധി ചര്‍ച്ചകള്‍ ഓസ്‌കാറുമായി ബന്ധപ്പെട്ട് വന്നിരുന്നു. ഓസ്‌കാറിന് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ രാജ്യത്തെ മോശമായി കാണിക്കുന്നവയാണെന്ന വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ടൈംസ് നൗന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ പ്രതികരണം.
'ഇന്ത്യയെ മോശം രീതിയില്‍ കാണിച്ചിരിക്കുന്ന സിനിമകളാണ് കൂടുതലായും ഓസ്‌കാറിലേക്ക് തിരഞ്ഞെടുക്കപ്പെടാറ്. അവര്‍ ഇന്ത്യക്ക് വേണ്ടി മുന്നോട്ട് വെക്കുന്ന അജണ്ട വളരെ വ്യത്യസ്തമാണ്. ആന്റീ ഇന്ത്യന്‍ സിനിമകളെയാണ് ഓസ്‌കാര്‍ തിരഞ്ഞെടുക്കുന്നത്. ഓസ്‌കാറിന് ആവശ്യം ഇന്ത്യയെ മോശമായി കാണിക്കുന്ന സിനിമകളാണ്. സ്ലംഡോഗ് മില്യണയര്‍ പോലുള്ള സിനിമകള്‍. എപ്പോഴും അത് അങ്ങനെയാണ്', എന്നാണ് കങ്കണ റണാവത്ത് പറഞ്ഞത്.
'എമര്‍ജെന്‍സി അങ്ങനെയൊരു സിനിമയല്ല. വെസ്റ്റ് ഇന്ത്യ എങ്ങനെയാണ് ഇന്ന് നിലകൊള്ളുന്നതെന്ന് കാണാന്‍ തയ്യാറായിക്കോളു. ഞാന്‍ ഒരിക്കലും ഈ പുരസ്‌കാരങ്ങളെ വലുതായി കണ്ടിട്ടില്ല. എനിക്ക് ഇന്ത്യന്‍ പുരസ്‌കരമെന്നോ അന്താരാഷ്ട്ര പുരസ്‌കാരങ്ങളെന്നോ ഇല്ല. വളരെ മികച്ച രീതിയിലാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ഏതൊരു അന്താരാഷ്ട്ര ചിത്രവും പോലെ എമര്‍ജെന്‍സിയും മികച്ചതാണ്', കങ്കണ കൂട്ടിച്ചേര്‍ത്തു.
ബയോഗ്രഫിക്കല്‍ ആക്ഷന്‍ ഡ്രാമയായ എമര്‍ജെന്‍സി സംവിധാനം ചെയ്തിരിക്കുന്നത് കങ്കണ ഖണാവത്ത് തന്നെയാണ്. കങ്കണ ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. കങ്കണയ്‌ക്കൊപ്പം അനുപം ഖേര്‍, ശ്രേയസ് താല്‍പാഡേ, വിശാഖ് നായര്‍, മഹിമ ഛൗദരി, മിലിന്ദ് സോമന്‍, സതീഷ് കൗഷിക് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ചിത്രം ജനുവരി 17ന് തിയേറ്ററിലെത്തും.