മൂന്ന് മണിക്കൂർ 21 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം എന്നാണ് റിപ്പോട്ടുകൾ
ലോകെമെമ്പാടുമുള്ള അല്ലു അർജുൻ ആരാധകരെ ആവേശത്തിരയിലാഴ്ത്താൻ ഡിസംബർ അഞ്ചിന് പുഷ്പ 2 : ദി റൂൾ തീയേറ്ററുകളിലെത്തും. അല്ലു അർജുൻ, രശ്മിക മന്ദനാ, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് നവംബർ 26 ന് അവസാനിച്ചു. പക്ഷെ ചിത്രത്തിന്റെ ദൈർഘ്യമാണ് പലരിലും ആശങ്കയുയർത്തുന്നത്. മൂന്ന് മണിക്കൂർ 21 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം എന്നാണ് റിപ്പോട്ടുകൾ. ഇതിനോടൊപ്പം സിനിമയുടെ ഇടവേള കൂടി കണക്കിലെടുത്താൽ മൂന്നര മണിക്കൂറിലധികം നേരം പ്രേക്ഷകർ തീയേറ്ററിൽ ഇരിക്കേണ്ടിവരും. എന്നാൽ ചിത്രത്തിന്റെ റൺടൈമിനെ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും വന്നിട്ടില്ല.
ALSO READ: 'പുഷ്പ 2ല്‍ നീ നിന്റെ വിശ്വരൂപം കാണിച്ചു'; അല്ലു അര്‍ജുനെ കുറിച്ച് ദേവി ശ്രീ പ്രസാദ്
വരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ, അല്ലു അർജുന്റെ സിനിമാജീവിതത്തിലെയും ഇന്ത്യൻ സിനിമയിലെയും ഏറ്റവും ദൈർഘ്യമേറിയ ചിത്രങ്ങളിലൊന്നായിരിക്കുമിത്. സിനിമയുടെ ദൈർഘ്യകൂടുതൽ വെല്ലുവിളി ഉയർത്തുന്നത് തീയേറ്റർ ഉടമകൾക്കായിരിക്കും. റൺടൈം കൂടുന്നതനുസരിച്ചു ദിവസേനയുള്ള ഷോക്കൾക്കിടയിലുള്ള ഇടവേളകൾ ചെറുതാകുകയും ഇത് സ്‌ക്രീനിങ്ങിന്റെ എണ്ണം കുറയ്ക്കുകയും ചെയ്യും. വൈകാതെ തന്നെ അല്ലു അർജുൻ പുഷ്പ 2 കാണുമെന്നും, ചിലപ്പോൾ സിനിമയുടെ ദൈർഘ്യം കുറയ്ക്കുവാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുവാൻ സാധ്യത ഉണ്ടാവുമെന്നാണ് മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ ദൈർഘ്യം സിനിമയുടെ കളക്ഷനെ സാരമായി ബാധിക്കില്ലായെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. സന്ദീപ് റെഡ്‌ഡി വാങ്കയുടെ അനിമൽ മൂന്ന് മണിക്കൂർ 21 മിനിട്ടായിരുന്നു റൺടൈം . കൂടാതെ പുഷ്പ: ദി റൈസ് എന്ന ആദ്യ ഭാഗത്തിന് രണ്ടു മണിക്കൂർ 58 മിനിട്ടായിരുന്നു ദൈർഘ്യം. ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനാണ് നേടിയത്.