മുഖ്യമന്ത്രി ആരെന്ന കാര്യം, തെരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നതായും ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയായിരുന്നു മഹായുതി സർക്കാർ മഹാരാഷ്ട്ര പിടിച്ചെടുത്തത്. മുഖ്യമന്ത്രി പദവിയിലേക്ക് ആരെന്ന ചോദ്യമാണ് ഇനി ബാക്കിയുള്ളത്. പുതിയ മഹായുതി സർക്കാരിൻ്റെ തലപ്പത്ത് ആരായിരിക്കുമെന്നതിനെകുറിച്ചുള്ള സസ്പെൻസ് തുടരുകയാണ്. ഇതിനിടെയാണ് മുഖ്യമന്ത്രി കസേര ഫഡ്നാവിസിനെന്ന തരത്തിൽ സൂചന നൽകികൊണ്ടുള്ള ബിജെപി നേതാക്കളുടെ പ്രതികരണം.
മുഖ്യമന്ത്രിയെ നേരത്തെ പ്രഖ്യാപിച്ച ബിഹാറിലെ രീതിയല്ല മഹാരാഷ്ട്രയിലേതെന്നാണ് ബിജെപി ദേശീയ വക്താവ് പ്രേം ശുക്ലയുടെ പ്രതികരണം. മുഖ്യമന്ത്രി ആരെന്ന കാര്യം, തെരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നതായും ശുക്ല പറഞ്ഞു.
ALSO READ: പട വിജയിച്ചു ഇനി പാളയത്തില്‍ പോര്; മഹായുതിയുടെ മുഖ്യമന്ത്രി ആരാകും? ഷിന്‍ഡെയോ ഫഡ്നാവിസോ?
"ബിഹാറിൽ നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള പ്രഖ്യാപനം തെരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്നു. എന്നാൽ, മഹാരാഷ്ട്രയിൽ ഞങ്ങൾക്ക് ശക്തമായ സംഘടനാ അടിത്തറയും നേതൃത്വവും ഉള്ളതിനാൽ അത്തരമൊരു പ്രതിബദ്ധതയുമില്ല. തെരഞ്ഞെടുപ്പിന് ശേഷവും ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി നിലനിർത്താമെന്ന ഉറപ്പ് പാർട്ടി ഒരിക്കലും നൽകിയിട്ടില്ല. നേരെമറിച്ച്, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന നിലപാട് തെരഞ്ഞെടുപ്പിലുടനീളം നേതൃത്വം നിലനിർത്തിയിരുന്നു," പ്രേം ശുക്ല പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുൻപ് ഷിൻഡെയ്ക്ക് ഉന്നത പദവി വാഗ്ദാനം ചെയ്തിരുന്നുവെന്ന ചില ശിവസേന നേതാക്കളുടെ അവകാശവാദങ്ങൾ മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ തെരഞ്ഞെടുപ്പ് കോ ഓർഡിനേറ്ററുമായ റാവുസാഹെബ് ധൻവെയും തള്ളിക്കളഞ്ഞു. 288 ൽ 234 സീറ്റുകളുമായാണ് മഹായുതി ഇത്തവണ ഭരണം നിലനിർത്തിയത്.