ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചിന്റേതാണ് നിർദേശം
ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയെന്ന് വിമൻ ഇൻ സിനിമാ കളക്ടീവ്. സിനിമാരംഗത്തെ പീഡനങ്ങളിൽ പരാതി നൽകിയ നിരവധി പേർക്കെതിരെ ഭീഷണി സന്ദേശങ്ങളും കോളുകളും ലഭിക്കുന്നതായി ഡബ്ല്യൂസിസി ഹൈക്കോടതിയിൽ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ പരാതി നൽകാൻ പ്രത്യേക അന്വേഷണ സംഘം നോഡൽ ഓഫീസറെ നിയമിക്കണമെന്ന് കോടതി നിർദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചിന്റേതാണ് നിർദേശം.
നോഡൽ ഓഫീസറുടെ നിയമനം, പുതിയ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിൽ അതിൽ സ്വീകരിച്ച നടപടികൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട് എസ്ഐടി കോടതിയിൽ സമർപ്പിക്കണം. സിനിമാ നയരൂപീകരണവുമായി ബന്ധപ്പെട്ട ഷാജി. എൻ. കരുൺ കമ്മിറ്റിക്ക് ഇതിനോടകം 75 സംഘടനകളും 500 വ്യക്തികളും നിർദ്ദേശങ്ങൾ സമർപ്പിച്ചതായി സർക്കാർ അറിയിച്ചു. ഇവ ക്രോഡീകരിച്ച് ജനുവരിയിൽ നടക്കുന്ന സിനിമാ കോൺക്ലേവിൽ ചർച്ചചെയ്യും. കോൺക്ലേവിലെ തീരുമാനങ്ങൾ കൂടി ചേർത്ത് സർക്കാരിന് കരടുനയം സമർപ്പിക്കും. അന്തിമ നയരൂപീകരണം സർക്കാർ നിർവഹിക്കും. എസ്ഐടിക്ക് പരാതി നൽകിയ ചമയകലാകാരികളെ ബന്ധപ്പെട്ട സംഘടന ഷോക്കോസ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.
രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം തുടരുന്നതായി സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതോടൊപ്പം ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ മൂന്ന് പേർ റിപ്പോർട്ടിലുള്ള മൊഴി തങ്ങളുടേതല്ലെന്ന് പറഞ്ഞായി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കമ്മിറ്റിയിൽ മൊഴി നൽകിയ അഞ്ച് പേർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നായിരുന്നു വെളിപ്പെടുത്തൽ.
ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് അന്ന് കേസ് പരിഗണച്ചത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമനിർമാണം നടത്തുന്നതിന് സർക്കാരിനെ സഹായിക്കാൻ കരട് നിർദേശങ്ങൾ സമർപ്പിക്കാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഇത് ക്രോഡീകരിക്കാനായി അമിക്കസ് ക്യൂറിയായി അഡ്വ. മിത സുരേന്ദ്രനെ ഡിവിഷൻ ബഞ്ച് നിയമിക്കുകയും ചെയ്തു.