മത വികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപത്തെ തുടര്‍ന്ന് ടര്‍ക്കിഷ് തര്‍ക്കം തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചു. കഴിഞ്ഞയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. സിനിമയിലെ ചില സംഭാഷണങ്ങള്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നീക്കം.
നവാഗതനായ നവാസ് സുലൈമാനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. സണ്ണി വെയ്നും ലുക്മാന്‍ അവറാനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ ഒരു പരമ്പരാഗത മുസ്ലിം സമൂഹത്തില്‍ നടക്കുന്ന ഖബറടക്കവും അതുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പ്രശ്‌നങ്ങളുമാണ് പ്രമേയം. മികച്ച അഭിപ്രായങ്ങളുമായി മുന്നേറിയ ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ പ്രശ്നമായെന്നും സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമമുണ്ടായെന്നുമുള്ള വിലയിരുത്തലിലാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. നാദിര്‍ ഖാലിദ് ആണ് സിനിമയുടെ നിര്‍മാതാവ്.
Also Read: മൂന്നര മണിക്കൂറോളം തീയേറ്ററിൽ; ആരാധകരെ വെട്ടിലാക്കുമോ പുഷ്പ 2-വിന്റെ ദൈർഘ്യം ?
പ്രചരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും മതത്തിന്റെ പേരില്‍ സിനിമയെ വ്യാഖ്യാനിച്ച് നശിപ്പിക്കുന്ന നടപടി ശരിയല്ലെന്നും സംവിധായകന്‍ പറഞ്ഞു. സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിനിമ പരിശോധിച്ച് ആവശ്യമെങ്കില്‍ ആക്ഷേപമുയര്‍ന്ന സംഭാഷണങ്ങള്‍ നീക്കം ചെയ്ത് വീണ്ടും റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.