ഹിന്ദി സിനിമയിലെയും സൗത്ത് ഇന്ത്യന്‍ സിനിമകളിലെയും പ്രകടനത്തിന് വാമികയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
വരുണ്‍ ധവാനിനും കീര്‍ത്തി സുരേഷിനും ഒപ്പം ബേബി ജോണ്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് സമൂഹമാധ്യമത്തില്‍ നടി വാമിക ഗബ്ബിക്ക് പ്രശംസകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അക്ഷയ് കുമാറിന്റെ ഭൂത് ബംഗ്ലയിലും വാമിക പ്രധാന കഥാപാത്രമാകുന്നുവെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തതായി രണ്‍വീര്‍ സിംഗിന്റെ നായികയാവാന്‍ പോവുകയാണ് വാമിക ഗബ്ബി എന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ശക്തിമാനില്‍ വാമിക ഗബ്ബിയായിരിക്കും നായിക എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ഹിന്ദി സിനിമയിലെയും സൗത്ത് ഇന്ത്യന്‍ സിനിമകളിലെയും പ്രകടനത്തിന് വാമികയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാനിക്കൊപ്പം ഒരു തെലുങ്ക് സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് താരമെന്നും അഭ്യൂഹങ്ങളുണ്ട്.
'നിലവില്‍ എല്ലാം സംസാരം മാത്രമെ ആയിട്ടുള്ളു. പക്ഷെ സിനിമയില്‍ വാമിക ഗബ്ബി രണ്‍വീറിന്റെ നായികയായി എത്തിയാല്‍ അതൊരു നല്ല കാര്യമായിരിക്കും. അഞ്ച് വര്‍ഷമായി ചിത്രത്തിന്റെ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്', എന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്തായാലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. നിലവില്‍ ശക്തിമാനിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് സൂചന. മുംബൈയില്‍ വെച്ച് രണ്‍വീറുമായി ബേസില്‍ ജോസഫ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'തിരക്കഥ പൂര്‍ത്തിയായി അവസാന തീയതികള്‍ കൂടി ഉറപ്പിച്ചാല്‍ എല്ലാത്തിനും തീരുമാനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രണ്‍വീര്‍ സിംഗ് അദിത്യ ധറിന്റെ സ്‌പൈ സിനിമയുടെ ചിത്രീകരണത്തിലാണ്. മാര്‍ച്ചിന് ശേഷമെ രണ്‍വീര്‍ സൂപ്പര്‍ ഹീറോ സിനിമയായ ശക്തിമാനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബേസില്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മൂന്ന് വര്‍ഷമായി അതിന്റെ തിരക്കഥയുടെ ജോലികളിലാണ്. സോണി പിക്‌ച്ചേഴ്‌സ് ഇന്ത്യയാണ് ചിത്രം നിര്‍മിക്കുന്നത്. 2025 മെയില്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന ചിത്രം 2026ല്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.