അൻവറിന്റെ കോൺഗ്രസിനുള്ള നിരുപാധിക പിന്തുണയെന്ന പ്രഖ്യാപനത്തിൽ സന്തോഷമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറിന്റെ രാജിയിൽ പ്രതികരിച്ച് ഇടത് വലത് നേതാക്കൾ. പി.വി. അൻവറിന്റെ കോൺഗ്രസിനുള്ള നിരുപാധിക പിന്തുണയെന്ന പ്രഖ്യാപനത്തിൽ സന്തോഷമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർട്ടി ആലോചിക്കും അതിന് ശേഷം യുഡിഎഫ് ചർച്ച ചെയ്യും. അൻവർ ഉന്നയിച്ച വിഷയങ്ങൾ നേരത്തെ കോൺഗ്രസ് ഉന്നയിച്ചിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അൻവറിന് മുന്നിൽ പാർട്ടി വാതിൽ തുറന്നിട്ടില്ല, അടച്ചിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു അത് തന്നെയാണ് മറുപടിയെന്നും ചെന്നിത്തല കൂട്ടിചേർത്തു.
പി.വി. അൻവർ വിഷയം യുഡിഎഫ് ചർച്ചക്കെടുത്തിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ പ്രതികരിച്ചു. അൻവർ പത്രസമ്മേളനത്തിൽ പറയുന്നതിന്റെ അടിസ്ഥാനത്തിൽ മറുപടി പറയാൻ കഴിയില്ല. രാജി ഒരു ചലനവും ഉണ്ടാക്കില്ലെന്നാണ് എം.വി. ഗോവിന്ദൻ്റെ പ്രസ്താവന. അങ്ങനെ ഒരു അഭിപ്രായം തനിക്കില്ലെന്നും എം.എം. ഹസൻ പറഞ്ഞു.
ALSO READ: രാജി മമതയുടെ നിർദേശപ്രകാരം; ഇനി പോരാട്ടം മലയോര, വനമേഖലയിലെ ജനങ്ങൾക്കായി: പി.വി. അൻവർ
നിലമ്പൂരിലെ അൻവറിന്റെ പിന്തുണ ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ തീരുമാനിക്കും. യുഡിഎഫ് സ്വന്തം നിലയിൽ പി.വി. അൻവറിനെ സ്വാഗതം ചെയ്യില്ല. കോൺഗ്രസിലേക്ക് വരാൻ അൻവർ താൽപര്യം പ്രകടിപ്പിച്ചാൽ മാത്രം മറ്റു കാര്യങ്ങൾ സംസാരിക്കാമെന്നും എം.എം. ഹസൻ പറഞ്ഞു.
പി.വി അൻവറിൻ്റെ രാജി അദ്ദേഹത്തിന്റെ ഇഷ്ടമെന്ന് പി.കെ. ബഷീർ എംഎൽഎയും പ്രതികരിച്ചു. നിലമ്പൂരിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കും. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കുക കോൺഗ്രസ്. അത് മറ്റുള്ളവർ തീരുമാനിക്കണ്ടെന്നും പി.കെ. ബഷീർ പറഞ്ഞു.
പി.വി അൻവറിന് മറുപടിയുമായി ആര്യാടൻ ഷൗക്കത്തും രംഗത്തെത്തി. അൻവറിൻ്റെ പരിഹാസങ്ങളോട് പ്രതികരിക്കുന്നില്ല. നിലമ്പൂരിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർഥി വിജയിക്കും. അൻവറിൻ്റെ സ്ഥാനാർഥിത്വം പാർട്ടി ചർച്ച ചെയ്യുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ALSO READ: തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായി അന്‍വറിന് നിയമനം; രാജ്യസഭാ സീറ്റും വാഗ്ദാനം
അതേസമയം, പി.വി. അൻവറിന്റെ കാര്യത്തിൽ ഒന്നും പറയാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അൻവർ എവിടെ പോയാലും, എന്ത് ചെയ്താലും പ്രശ്നമേ ഇല്ല. ഒരു തരത്തിലും അത് തങ്ങളെ ബാധിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അൻവറിന്റെ രാജി നിലമ്പൂരിലോ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉള്ളിലോ യാതൊരു വിധ ചലനവും ഉണ്ടാക്കില്ലെന്ന് മലപ്പുറം സിപിഎം ജില്ല സെക്രട്ടറി വി.പി. അനിൽ പറഞ്ഞു. പി. ശശിക്കെതിരെയും അജിത് കുമാറിനെതിരെയും പാർട്ടിയിലെ ഉന്നതർ പറഞ്ഞിട്ടാണ് ആരോപണമുന്നയിച്ചത് എന്ന അൻവറിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സംസ്ഥാന കമ്മിറ്റി ഉചിതമായ സ്ഥാനാർഥിയെ നിർത്തുമെന്നും വി.പി. അനിൽ പറഞ്ഞു.