ജനുവരി 10നാണ് മദ്രാസ്‌കാരന്‍ എന്ന ഷെയ്ന്‍ ചിത്രം റിലീസ് ചെയ്തത്
ഷെയ്ന്‍ നിഗത്തിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ 'മദ്രാസ്‌കാരന്‍' കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണുന്നതിനായി ഷെയ്ന്‍ എടപ്പള്ളി വനിത വിനീത തിയേറ്ററില്‍ എത്തിയിരുന്നു. അവിടെ വെച്ച് ഷെയ്ന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. ചിലര്‍ സിനിമ കാണാതെയാണ് വിലയിരുത്തുന്നതെന്നാണ് ഷെയ്ന്‍ പറഞ്ഞത്.
'സിനിമ കണ്ടിട്ട് വിലയിരുത്തുക. അല്ലാതെ ചിലര്‍ കാണിക്കുന്നത് കണ്ടിട്ട് നിങ്ങള്‍ വിലയിരുത്തരുത്. അത്രയേ പറയാനുള്ളൂ. എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത്, അത് പ്രചരിപ്പിക്കുക. അല്ലാതെ വെറുപ്പ് പ്രചരിപ്പിക്കരുത് ബ്രോ. ഒരുപാട് പറയുന്നില്ല. പറഞ്ഞാല്‍ ചിലപ്പോള്‍ കണ്ണൊക്കെ നിറഞ്ഞുപോകും. അങ്ങനത്തെ ഒരു സീനിലാണ് ഞാന്‍ നില്‍ക്കുന്നത്. സഹായിക്കുക. വലിയൊരു അപേക്ഷയാണ്', ഷെയ്ന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ ഷെയ്‌നിനോട് ടാര്‍ഗെറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്ന ചോദ്യവും ചോദിച്ചു. അതില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു ഷെയ്‌നിന്റെ മറുപടി. 'ദൈവം ഉണ്ട്, നീതിയേ നടപ്പാവൂ. അതില്‍ പൂര്‍ണ്ണമായ വിശ്വാസമുണ്ട്', എന്നാണ് ചിത്രത്തെ കുറിച്ച് ബോധപൂര്‍വ്വം നെഗറ്റീവ് പ്രചരണം നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഷെയ്ന്‍ മറുപടി പറഞ്ഞത്.
ജനുവരി 10നാണ് മദ്രാസ്‌കാരന്‍ എന്ന ഷെയ്ന്‍ ചിത്രം റിലീസ് ചെയ്തത്. വാലി മോഹന്‍ദാസാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ സത്യമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിച്ചത്. ഷെയ്ന്‍, കളിയരസന്‍, നിഹാരിക, ഐശ്വര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.