അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന് വിട നൽകി കേരളം. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഉച്ചയ്ക്ക് 1.20 ഓടെ പിതൃ സ്മൃതി ശ്മശാനത്തില്‍ വെച്ച് സംസ്‌കരിച്ചു. മകന്‍ ദിന്‍ നാഥ് ചിതയ്ക്ക് തീകൊളുത്തി.പറവൂര്‍ ചേന്ദമംഗലം പാലിയം തറവാട് വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാവില്ലെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു.
ഇന്ന് രാവിലെ ഏഴരയോടെയാണ് പൂങ്കുന്നത്തെ വീട്ടില്‍ നിന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടു വന്നത്. പി ജയചന്ദ്രന്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു ചേന്ദമംഗലത്തെ വീട്ടിലേക്ക് കൊണ്ടു വന്നത്.
കഴിഞ്ഞ ദിവസം പൂങ്കുന്നത്തെ വീട്ടില്‍ നടത്തിയ പൊതുദര്‍ശനത്തില്‍ സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തകരും നൂറ് കണക്കിന് സംഗീതപ്രേമികളുമാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മമ്മൂട്ടി അടക്കമുളള താരങ്ങള്‍ പൂങ്കുന്നത്തെ വീട്ടിലെത്തിയാണ് അന്തിമോപചാരം അര്‍പ്പിച്ചത്.
ജനുവരി ഒന്‍പതാം തീയതി രാത്രി 7.54 ഓടെയാണ് ജയചന്ദ്രന്‍ അന്തരിച്ചത്. തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഏറെക്കാലമായി അര്‍ബുദം അടക്കമുള്ള വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ഗാനരംഗത്തു നിന്നു വിട്ടുനിന്ന ശേഷം മടങ്ങിവരവിനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം.