ഈ കാര്യങ്ങളുടെ പേരിൽ സ്റ്റാഫ് റൂമിൽ വിളിച്ചുകൊണ്ടുപോയി മർദിച്ചു എന്ന് ഭവത് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു
കണ്ണൂർ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി ഭവത് മാനവ് ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനത്തിൽ മനം നൊന്തെന്ന ആരോപണവുമായി കുടുംബം. പഠനത്തിൽ പിന്നോക്കം നിന്നതിനും മുടി നീട്ടി വളർത്തിയതിനും അധ്യാപകർ മാനസികമായും ശരീരികമായും പീഡിപ്പിച്ചു. ഇതിൽ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
പഠനത്തിൽ അധ്യാപകർ പ്രതീക്ഷിച്ച മികവ് ഇല്ലാത്തതിനെ തുടർന്ന് പ്രത്യേക ക്ലാസുകൾ ഉൾപ്പെടെ നൽകിയിരുന്നു. മാർക്ക് കുറഞ്ഞ ഭവത് ഉൾപ്പെടെയുള്ള 18 കുട്ടികൾക്കാണ് സ്കൂൾ സമയത്തിന് ശേഷം പ്രത്യേക ക്ലാസ് ഏർപ്പാടാക്കിയിരുന്നത്. ഇതിനിടെയാണ് നീട്ടി വളർത്തിയ മുടി മുറിക്കാൻ അധ്യാപകർ ആവശ്യപ്പെട്ടത്. ഈ കാര്യങ്ങളുടെ പേരിൽ സ്റ്റാഫ് റൂമിൽ വിളിച്ചുകൊണ്ടുപോയി മർദിച്ചു എന്ന് ഭവത് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു. ഇതോടെ ഇനി സ്‌കൂളിലേക്ക് പോകുന്നില്ലെന്ന് കുട്ടി പറഞ്ഞതായും ബന്ധുക്കൾ വ്യക്തമാക്കി.
അതേസമയം, കുടുംബത്തിന്റെ ആരോപണം സ്കൂൾ പ്രിൻസിപ്പൽ രാജേഷ് ശരിവെക്കുന്നുമുണ്ട്. അച്ചടക്കത്തിൻ്റെയും വിജയ ശതമാനത്തിൻ്റെയും കാര്യത്തിൽ പുലർത്തുന്ന കർശന നിലപാട് തുടരുകയാണ് അധ്യാപകർ ചെയ്തത് എന്ന് സ്കൂൾ പ്രിൻസിപ്പൾ പ്രതികരിച്ചു. മാർക്ക് കുറഞ്ഞപ്പോൾ രണ്ടാം വർഷം സയൻസ് ബാച്ചിൽ നിന്ന് മറ്റ് ബാചിലേക്ക് മാറുക എന്നതുൾപ്പെടെ കുട്ടികളെ സമ്മർദ്ദത്തിലാക്കുന്ന നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നതായി പ്രിൻസിപ്പൽ തന്നെ പറയുന്നുണ്ട്. മുടി നീട്ടി വളർത്തിയ കുട്ടികൾ കഞ്ചാവ് ആണെന്നും, പ്രണയം പോലുള്ള കാര്യങ്ങൾ സ്കൂളിൽ അനുവദിക്കില്ലെന്നും വിജയശതമാനം നിലനിർത്താൻ കർശനമായി ഇടപെടുമെന്നും പ്രിൻസിപ്പൽ പറയുന്നു.
ALSO READ: ലൈംഗികാതിക്രമ പരാതി: മലയാളം സീരിയല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസ്
2010 ൽ പ്ലസ് ടു ബാച്ച് അനുവദിച്ച സ്കൂളിൽ ആദ്യ വർഷം 50 ശതമാനമായിരുന്നു വിജയം. അവസാന വർഷങ്ങളിൽ 95 ശതമാനമായി വിജയശതമാനം ഉയർന്നു. ഇത് നിലനിർത്താൻ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മേൽ അധ്യാപകരുടെ സമ്മർദ്ദം ഉണ്ടായിരുന്നതായി മറ്റ് കുട്ടികളും രക്ഷിതാക്കളും തുറന്നുപറയുന്നു.
ഭവത്തിന്റെ പിതാവ് മനോജ് കുമാർ പ്രവാസിയാണ്. അമ്മ ഷീബയുടെ പരാതിയിൽ മയ്യിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധ്യാപകരുടെ പീഡനം അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജനുവരി 8 ആം തീയതി രാവിലെ 11 മണിക്കും 12നുമിടയിലാണ് കണ്ണൂർ കമ്പിലിലെ ഭവത് മാനവ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ഒന്നാം നിലയിലെ മുറിയിൽ മേൽക്കൂരയിലെ കൊളുത്തിൽ ബെഡ് ഷീറ്റിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)