ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹണിറോസ് നിലപാട് വ്യക്തമാക്കിയത്
രാഹുൽ ഈശ്വറിനെതിരെ നിയമ നടപടിയുമായി നടി ഹണിറോസ്. താനും കുടുംബവും നിലവിൽ അനുഭവിക്കുന്ന കടുത്ത മാനസികസമ്മർദ്ദത്തിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വർ ആണെന്ന് ഹണിറോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹണിറോസ് നിലപാട് വ്യക്തമാക്കിയത്. "ഞാൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുൽ ഈശ്വർ ചെയ്യുന്നത്" ഹണിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. രാഹുൽ ഈശ്വർ മാപ്പ് അർഹിക്കുന്നില്ലെന്നും ഹണി റോസ് പറഞ്ഞു.
"തുടർച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ, എന്റെ മൗലിക അവകാശങ്ങൾക്കെതിരെ നിയന്ത്രണം ഏർപ്പെടുത്താനും, എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ടിച്ച് എന്നെ ആക്രമിക്കാനും താങ്കൾ കഴിഞ്ഞ ദിവസങ്ങൾ ആയി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എന്റെ തൊഴിലിനു നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധഭീഷണികൾ, അപായഭീഷണികൾ, അസ്ലീല, ദ്വയാർഥം, അപമാനകുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങ്ങിനും പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വർ ആണ്" എന്നും ഹണിറോസ് പറയുന്നു.
കോടതിയിൽ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ തന്നെ കടുത്ത മാനസികാവസ്ഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ ആണ് രാഹുൽ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും ഹണിറോസ് വ്യക്തമാക്കി.