ഡിസ്‌നിയുടെ മുഫാസ : ദി ലയൺ കിംഗ് സംവിധാനം ചെയ്തിരിക്കുന്നത് ഓസ്കാർ പുരസ്‌കാര ജേതാവായ ബാരി ജെങ്കിൻസാണ്.
ഡിസ്നി ആനിമേഷൻ ചിത്രമായ മുഫാസ: ദി ലയൺ കിങ്ങിന്റെ ഹിന്ദി പതിപ്പിൽ പ്രധാന കഥാപാത്രമായ മുഫാസയ്ക്കു ശബ്ദം നൽകിയിരിക്കുന്നത് ബോളിവുഡ് നടൻ ഷാരുഖ് ഖാനാണ്. ഇപ്പോൾ വാൾട് ഡിസ്നി സ്റ്റുഡിയോസ് ഇന്ത്യ പുറത്തുവിട്ട പ്രൊമോഷൻ വിഡിയോയിൽ കിംഗ് ഖാൻ തന്റെയും ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മുഫാസയുടെയും ജീവിതയാത്രയിലെ സാമ്യതകൾ വ്യക്തമാക്കുകയാണ്.
സിംഹരാജാവായ മുഫാസയുടെ ഉദയത്തെ കുറിച്ചാണ് ഒരു മിനിട്ടു ഒമ്പതു സെക്കൻസ് ദൈർഘ്യമുള്ള വീഡിയോയിൽ ഷാരുഖ് സംസാരിക്കുന്നത്. വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെയാണ് :-" ഒരു ബൃഹത്തായ പാരമ്പര്യത്തിന് പകരം അന്ധകാരം മാത്രം ലഭിച്ച ഒരു രാജാവിന്റെ കഥയാണിത്. എന്നാൽ അവനിൽ അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു. ആ അഭിനിവേശത്തിലൂടെ അവൻ ഭൂമിയിൽ നിന്നും ഉയർന്ന് ആകാശത്തെ സ്പർശിച്ചു. ഒട്ടനവധി രാജാക്കന്മാർ ആ രാജ്യം ഭരിച്ചിരുന്നുവെങ്കിലും , അവൻ കീഴടക്കിയത് ജനങ്ങളുടെ മനസ്സായിരുന്നു. പ്രയാസമേറിയ സാഹചര്യങ്ങളിൽ നിന്നും ഉയർന്നു വന്ന അവൻ ഒരു യഥാര്ത്ഥ രാജാവായിരുന്നു. കഥയ്ക്ക് ചില സാമ്യതകൾ തോന്നുന്നില്ലേ?. എന്നാൽ ഇത് മുഫാസയുടെ കഥയാണ്." തുടർന്ന് വീഡിയോയിൽ ചിത്രത്തിന്റെ ചില രംഗങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്.
ഡിസ്‌നിയുടെ മുഫാസ : ദി ലയൺ കിംഗ് സംവിധാനം ചെയ്തിരിക്കുന്നത് ഓസ്കാർ പുരസ്‌കാര ജേതാവായ ബാരി ജെങ്കിൻസാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ ഷാരുഖ് ഖാൻ കൂടാതെ നടന്റെ മക്കളായ ആര്യൻ ഖാൻ ,അബ്രാം ഖാൻ ,ബോളിവുഡ് നടന്മാർ ശ്രേയസ് തല്‍പാഥേ, സഞ്ജയ് മിശ്ര എന്നിവരും ശബ്ദം നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് , ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി എത്തുന്ന ചിത്രം ഡിസംബർ 20 നാണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.