fbwpx
മലയാള സിനിമയെ മാറ്റത്തിലേക്ക് നയിക്കുന്ന WCC

മലയാള സിനിമ വ്യവസായത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അശാന്തിക്കും മോശമായ അന്തരീക്ഷത്തിനും അടിയന്തിര പരിഹാരം കാണണം. അതിനായി WCC മുന്നോട്ട് വെക്കുന്നത് ഒരു സിനിമ പെരുമാറ്റച്ചട്ടമാണ്

MALAYALAM MOVIE


മലയാള സിനിമ മേഖലയെ അടിമുടി അഴിച്ചുപണിയാനുള്ള ശ്രമത്തിലാണ് Women In Cinema Collective (WCC). 2017ലാണ് WCCയുടെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിക്കുന്നത്. തുടര്‍ന്ന് 2019ല്‍ സര്‍ക്കാരിന് ജസ്റ്റിസ് ഹേമ അടങ്ങുന്ന അംഗങ്ങള്‍ കമ്മിറ്റി റിപ്പേര്‍ട്ട് സമര്‍പ്പിച്ചു. പിന്നീട് നാലര വര്‍ഷത്തിന് ശേഷം 2024 ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് പുറത്തുവരുകയും ചെയ്തു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയില്‍ തങ്ങള്‍ അനുഭവിച്ച ചൂഷണങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സിനിമ നയരൂപീകരണ സമിതി രൂപീകരിച്ചത്. ഇപ്പോഴിതാ WCC സിനിമ നയരൂപീകരണ സമിതിക്ക് മുന്നില്‍ ചില നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ്. മലയാള സിനിമ വ്യവസായത്തില്‍ വ്യാപകമായ പരിഷ്‌കാരങ്ങള്‍ക്കായുള്ള 40തിലധികം ശുപാര്‍ശകളാണ് ഇതിലുള്ളത്.

മലയാള സിനിമ വ്യവസായത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അശാന്തിക്കും മോശമായ അന്തരീക്ഷത്തിനും അടിയന്തിര പരിഹാരം കാണണം. അതിനായി WCC മുന്നോട്ട് വെക്കുന്നത് ഒരു സിനിമ പെരുമാറ്റച്ചട്ടമാണ്. അതായത് cinema code of conduct.

എന്താണ് cinema code of conduct?


പുരോഗമനപരമായ തൊഴില്‍ സംസ്‌കാരവും വ്യവസായവും സൃഷ്ടിക്കുക. എല്ലാ ജീവനക്കാര്‍്ക്കും ജോലി സ്ഥലത്തെ അവകാശങ്ങള്‍ നല്‍കുക. സ്ത്രീകളുടെ സുരക്ഷയും തൊഴിലിടത്തെ അവകാശങ്ങളും ഉറപ്പാക്കുക. സീറോ ടോളറന്‍സ് പോളിസി നടപ്പാക്കുക. എന്നിവയോടുള്ള പ്രതിബദ്ധതയാണ് cinema code of conduct.

സിനിമ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന ആറ് പ്രധാന പ്രശ്‌നങ്ങളെ കുറിച്ചും WCC പറഞ്ഞുവെക്കുന്നുണ്ട്. അതില്‍ ആദ്യം പറയുന്നത് സിനിമ തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചാണ്. അതോടൊപ്പം തന്നെ തൊഴിലിടത്തില്‍ ഉണ്ടാകുന്ന എന്തെങ്കിലും രീതിയിലുള്ള പവര്‍ പ്ലേ, നിരോധനങ്ങള്‍ തുടങ്ങിയവയെ കുറിച്ചും പറയുന്നുണ്ട്. മദ്യം അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ച് തൊഴിലിടത്തില്‍ വരുന്നതും WCC ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലുണ്ട്.

എല്ലാ സിനിമ വ്യവസായ ഓര്‍ഗനൈസേഷനുകളും സഹകരിക്കുന്ന ഒരു സീറോ ടോളറന്‍സ് പോളിസി രൂപീകരിക്കുക എന്നതാണ് ഇതിനൊരു പരിഹാരമായി WCC മുന്നോട്ട് വെക്കുന്നത്. 2013ലെ പോഷ് ആക്ട് പ്രകാരം ലൈംഗിക അതിക്രമം ഉണ്ടാകാന്‍ പാടില്ല. തൊഴിലിടത്ത് ലിംഗ വിവേചനവും മറ്റ് അതിക്രമങ്ങളും നടക്കരുത്. മയക്കുമരുന്നോ മറ്റ് ലഹരി പദാര്‍ത്തങ്ങളോ ഉപയോഗിച്ച് തൊഴിലിടത്തില്‍ വരരുത്. ഏജന്റുമാര്‍ അല്ലെങ്കില്‍ പ്രൊഡക്ഷന്‍ ക്രൂ അനധികൃതമായി കമ്മീഷന്‍ വാങ്ങിക്കരുത് തുടങ്ങിയ കാര്യങ്ങളാണ് സീറോ ടോളറന്‍സ് പോളിസിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

സിനിമ മേഖലയിലെ ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ പ്രശ്‌നങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. തൊഴില്‍ പരമായി വേണ്ട കോണ്‍ട്രാകറ്റുകള്‍ ഉണ്ടാകുന്നില്ല. പറഞ്ഞ ശമ്പളം കിട്ടാതിരിക്കുക. ടോയിലറ്റുകളോ വസ്ത്രം മാറാനുള്ള ഇടമോ ഇല്ലാതിരിക്കുക. തൊഴില്‍ സമയത്ത് കൃത്യമായ ഭക്ഷണവും വെള്ളവും നല്‍കാതിരിക്കുക. ആവശ്യത്തിന് വിശ്രമം ഇല്ലാതെ ജോലി ചെയ്യുക. സിനിമ സെറ്റുകളില്‍ നിയമപരമായി രൂപീകരിക്കേണ്ട പരാതി സെല്ലുകളുടെ അഭാവം. ജോലി സ്ഥലത്ത് ശാരീരികവും മറ്റ് തരത്തിലുള്ള സുരക്ഷയുടെ അഭാവം. മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് ഇതില്‍ പറയുന്ന പ്രശ്‌നങ്ങള്‍.

അതിനെയെല്ലാം എങ്ങനെ പരിഹരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മലയാള സിനിമ മേഖലയില്‍ പ്രൊഡക്ഷനും, സിനി വര്‍ക്കേഴ്‌സിനും, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഡാന്‍സര്‍ കോ ഓര്‍ഡിനേറ്റര്‍, മലയാളം ഇന്റസ്ട്രി ബോഡി എന്നിവയ്ക്ക് രജിസ്‌റ്റേഡ് ഫിലിം ഇന്റസ്ട്രി ഐഡികള്‍ വേണമെന്നാണ് WCC മുന്നോട്ട് വെക്കുന്ന ആശയം. ഓരോ സിനിമ നിര്‍മ്മാണ സംരംഭത്തിനും വ്യക്തമായ തിരിച്ചറിയല്‍ രേഖയുണ്ടായിരിക്കണം. അതില്‍ പ്രൊഡക്ഷന്‍ ബാനര്‍, നിര്‍മാതാവ്, സംവിധായകന്‍, പോഷ് ഐസിസി എന്നിവയുടെ വിശദാംശങ്ങളും ബന്ധപ്പെടാനുള്ള നമ്പറുകളും ഉണ്ടായിരിക്കണം. എല്ലാ നിര്‍മാതാക്കള്‍ക്കും, സംവിധായകര്‍ക്കും, ഫിലിം ടെക്‌നീഷ്യന്‍സിനും, ക്രിയേറ്റീവ് വര്‍ക്കേഴ്‌സിനും ദിവസ വേതന തൊഴിലാളികള്‍ക്കും മലയാളം സിനി വര്‍ക്കര്‍ ഐഡി ഉണ്ടായിരിക്കണം. അത് അവരുടെ പാന്‍ കാര്‍ഡായും ഗവണ്‍മെന്റ് ഐഡിയായും ലിങ്ക് ചെയ്തിരിക്കണം. അതുപോലെ എല്ലാ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും ഡാന്‍സേഴ്‌സിനും ലൈസന്‍സ് നല്‍കണം. ഇത് എന്തെങ്കിലും രീതിയിലുള്ള ചൂഷണം കുറയ്ക്കാന്‍ വേണ്ടിയാണ്. സിനിമ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന എല്ലാ സംഘടനകളും കളക്ടീവുകളും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത് ഐഡി നമ്പര്‍ സ്വീകരിക്കേണ്ടതാണെന്നും മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. അതോടൊപ്പം നിര്‍മാതാക്കള്‍ ഫിലിം ഇന്‍ഷൂറന്‍സ് ഉപയോഗിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ഫിലിം ഇന്‍ഷുറന്‍സ് നിര്‍മാതാക്കളെ സെറ്റില്‍ തൊഴിലാളികള്‍ക്ക് അസുഖമോ അപകടമോ ഉണ്ടായാല്‍ അതിന്റെ ചിലവ് വഹിക്കാന്‍ സഹായിക്കും. അതുപോലെ മറ്റൊരു പ്രധാന കാര്യമാണ് എല്ലാ സിനിമ തൊഴിലാളികള്‍ക്കും ജോലിസ്ഥലത്തെ അവകാശങ്ങള്‍ ഉറപ്പാക്കുക എന്നത്. കൂടാതെ പരാതി റിപ്പോര്‍ട്ട് ചെയ്യാനും പരാതി പരിഹരിക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കണം.


ലിംഗ വിവേചനവും ചൂഷണവുമാണ് WCC മുന്നോട്ട് വെക്കുന്ന മറ്റൊരു പ്രധാന പ്രശനം. തൊഴിലിടത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക അതിക്രമം മുതല്‍ പുരുഷാധിപത്യം വരെ നീണ്ടു നില്‍ക്കുന്നു ഇത്തരം പ്രശ്‌നങ്ങള്‍. അതിന് ഒരേ ഒരു പരഹാരമെയുള്ളു. 2013ലെ പോഷ് നിയമം സെറ്റുകളില്‍ നടപ്പാക്കുക എന്നത്. അതുപോലെ സത്രീകളുടെ പരാതികള്‍ക്കായി റിപ്പോര്‍ട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തണം. വേതനത്തിന്റെ കാര്യത്തില്‍ ജന്‍ഡറിന്റെ പേരില്‍ വിവേചനം പാടില്ല. എല്ലാവര്‍ക്കും മാന്യമായ വേതനം ഉറപ്പാക്കണം. അശ്ലീലമായ കമന്റുകള്‍ക്കെതിരെയും ഓണ്‍ലൈന്‍ ഹറാസ്‌മെന്റിനെതിരെയും കൃത്യമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കണം. അതുപോലെ തന്നെ WCC മുന്നോട്ട് വെക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് മൈനര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍. ദേശീയ ബാലാവകാശ കമ്മീഷന്‍ പുറത്തുവിട്ട പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളുണ്ട്. എന്റര്‍ട്ടെയിന്‍മെന്റ് മേഖലയില്‍ ബാലതാരങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ളതാണത്. അത് നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. അതുപോലെ തന്നെ സിനിമ വ്യവസായവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ തരം പരിപാടികളിലും പോഷ് നിയമ പ്രകാരമുള്ള സുരക്ഷാ നടപടികള്‍ ഉറപ്പാക്കുകയും വേണം.

സിനിമ തൊഴിലിടത്ത് സ്ത്രീകള്‍ നേരിടുന്ന തടസങ്ങളാണ് മറ്റൊരു പ്രധാന പ്രശ്‌നമായി WCC ഉന്നയിക്കുന്നത്. ലീഡര്‍ഷിപ്പ് പൊസിസഷിനില്‍ സ്ത്രീകളുടെ അഭാവം, ടെക്‌നിക്കല്‍ മേഖലയില്‍ സ്ത്രീകളെ കൊണ്ടുവരാനുള്ള വിമുഖത. തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന സ്ത്രീകളെ പ്രശ്‌നക്കാരികളായി കാണുക എന്നിങ്ങനെയുള്ളവയാണ് ഈ വിഭാഗത്തില്‍ വരുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഇത് മറികടക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ആവശ്യമാണ്. അതിനായി 30-50ശതമാനം സ്ത്രീ ജീവനക്കാരെ ഉള്‍പ്പെടുത്തിയെടുക്കുന്ന സിനിമകള്‍ക്ക് സര്‍ക്കാര്‍ വേണ്ട ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പാക്കണം. സ്ത്രീ കേന്ദ്രീകൃത സിനിമകളെ പിന്തുണയ്ക്കുന്ന വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ അനുപാതിക ഇന്‍സെന്റീവ് നല്‍കണം. അതോടൊപ്പം സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന ചിത്രങ്ങളില്‍ 30-50% സ്ത്രീപങ്കാളിത്തം ഉറപ്പാക്കണം. വര്‍ഷം 10 വനിതാ തിരക്കഥാകൃത്തുകള്‍ക്ക് മാനദണ്ഡം നിര്‍ണയിച്ച് സര്‍കാര്‍ ഫണ്ട് നല്‍കണം. കമ്മീഷനിംഗ് ബോഡികളും നയരൂപീകരണ ബോര്‍ഡുകളും സെലക്ഷന്‍ പാനലുകളും ജൂറികളും 50% ലിംഗസമത്വത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കണം. കൂടാതെ സിനിമാ റെഗുലേഷന്‍ ആക്ട് രൂപ്പപ്പെടുത്തണം. സിനിമയിലെയും സര്‍ക്കാര്‍ തലത്തിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്വയം ഭരണാധികാരമുള്ള കമ്മിഷന്‍ രൂപീകരിക്കണം.50 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പാക്കി പരാതി പരിഹാര സെല്ലും ട്രിബ്യൂണലും സ്ഥാപിക്കണമെന്നും ഡബ്ല്യുസിസി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

കണ്ടന്റിലും കള്‍ച്ചറല്‍ പോളിസിയിലും ജന്‍ഡര്‍ സെന്‍സിറ്റൈസേഷന്റെ ആവശ്യകത ഉറപ്പാക്കണമെന്നതാണ് അഞ്ചാമതായി WCC മുന്നോട്ട് വെക്കുന്ന ആശയം. കൊമേഷ്യല്‍ മാര്‍ക്കറ്റ് വാല്യുവിലേക്ക് ചുരുക്കിയിരിക്കുകയാണ് ഉള്ളടക്കത്തിന്റെ മൂല്യം, സ്‌ക്രീനില്‍ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതിയിലുള്ള പ്രശ്‌നങ്ങള്‍, സ്ത്രീ ക്രിയേറ്റേഴ്‌സില്‍ നിന്നും വളരെ പരിമിതമായ കണ്ടന്റുകളാണ് സിനിമ മേഖലയില്‍ ഉണ്ടാകുന്നത്, സ്‌ക്രീനില്‍ പുരുഷാധിപത്യത്തെയും ലിംഗ അസമത്വത്തെയും ആഘോഷമാക്കുന്ന പ്രവണത തുടങ്ങിയവയാണ് പ്രധാനമായുള്ള പ്രശ്‌നങ്ങള്‍. 50 ശതമാനം ലിംഗസമത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എല്ലാ കമ്മീഷണിംഗ് ബോഡികളും നയരൂപീകരണ ബോര്‍ഡുകളും സെലക്ഷന്‍ പാനലുകളും ജൂറികളെയും രൂപീകരിക്കേണ്ടത്. അതോടൊപ്പം ഫിലിം സൊസൈറ്റികള്‍ ലിംഗഭേതമന്യ പ്രവര്‍ത്തിക്കുകയും അതിനനുസരിച്ചുള്ള കണ്ടന്റുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.

പവര്‍ഗ്രൂപ്പ് കുത്തകകളാണ് WCC ഉന്നയിക്കുന്ന ആവസാനത്തെ പ്രശ്‌നം. സിനിമ മേഖലയില്‍ പവര്‍ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍, ഭീഷണികള്‍ക്കും, നിരോധനത്തിനും എതിരെ ശബ്ദിക്കാതിരിക്കുക, തൊഴിലാളികളേക്കാള്‍ സംഘടനകള്‍ക്ക് ഗുണം ചെയ്യുന്ന വ്യവസായ സമ്പ്രദായങ്ങള്‍ ഉണ്ടാവുക, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍, പവര്‍ ഗ്രൂപ്പുകളുടെ ആധിപത്യം കാരണം സിനിമ പ്രൊഡക്ഷനുകളില്‍ ഐസിസി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥ എന്നിവയാണ് പവര്‍ഗ്രൂപ്പ് കുത്തകകള്‍ കാരണം സിനിമ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളായി wcc എടുത്ത് പറയുന്നത്.

മലയാളം സിനിമ മേഖല നേരിടുന്ന പ്രധാന പ്രശ്‌നമായി WCC മുന്നോട്ട് വെക്കുന്ന മറ്റൊരു കാര്യം ഇതാണ്. സിനിമ മേഖലയിലെ അംഗങ്ങള്‍ക്ക് സംഘടനകളുടെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പ്രശ്‌നമില്ല. എന്നാല്‍ രാജ്യത്തുള്ള നിയമങ്ങള്‍ പാലിക്കാനാണ് പ്രശ്‌നം. സിനിമ സംഘടനകള്‍ അവരുടെ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടത്. ഇതിന് സംഘടനകള്‍ നിയമപ്രകാരമുള്ള അവരുടെ ജോലിസ്ഥലത്തെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാവേണ്ടതുണ്ട്. അതുപോലെ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട സിനിമാ പെരുമാറ്റച്ചട്ടം സ്വീകരിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യണം. സംഘടന ഭാരവാഹികളുടെ വാര്‍ഷിക തെരഞ്ഞെടുപ്പ് നടത്തുകയും തീരുമാനങ്ങള്‍ എടുക്കുന്ന സ്ഥാനത്തേക്ക് 30-50ശതമാനം സ്ത്രീകള്‍ വരുകയും വേണം. സിനിമ നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ജോലി സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം. സംഘടനകള്‍ക്ക് അകത്തും പോഷ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണം. എന്തെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകള്‍ ഉണ്ടാവുകയാണെങ്കില്‍ പോഷ് സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് WCC മുന്നോട്ട് വെക്കുന്നത്.


ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയവ പഠിച്ചതിന് ശേഷമാണ് WCC ഈ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. സിനിമ മേഖലയെ സുരക്ഷിതവും ലിംഗ അസമത്വം ഇല്ലാത്തതുമായ ഇടമാക്കി മാറ്റുക എന്ന ഒറ്റ ഉദ്ദേശമാണ് WCCക്കുള്ളത്. അതിനായി 2017 മുതല്‍ അവര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനായി അവര്‍ക്ക് നഷ്ടപ്പെട്ടത് അവകാശങ്ങളും അവസരങ്ങളും കൂടിയാണെന്നത് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഇനിയും WCC പറയുന്ന കാര്യങ്ങളുടെ പ്രാധാന്യം മലയാള സിനിമ മേഖലയ്ക്ക് മനസിലാകുന്നില്ലെങ്കില്‍ അത് മാറേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഓഗസ്റ്റില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ഒരു മാറ്റത്തിന്റെ തുടക്കമാണ്. മലയാള സിനിമ മേഖലയെ ചിലത് പഠിപ്പിക്കാനും അറിയിക്കാനുമുണ്ട്. അതിന് മുന്നിട്ടിറങ്ങിയിരിക്കുക തന്നെയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്.

KERALA
കാസർഗോട്ടെ പതിനഞ്ചുകാരിയുടെ മരണം: ആദ്യം തന്നെ പോക്സോ കേസായി രജിസ്റ്റർ ചെയ്യാത്തതില്‍ പൊലീസിനെ വിമർശിച്ച് കോടതി
Also Read
user
Share This

Popular

WORLD
KERALA
WORLD
യുഎസ്- കാനഡ താരിഫ് പോര് മുറുകുന്നു; കനേഡിയന്‍ സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് വീണ്ടും വർധിപ്പിക്കാന്‍ ഉത്തരവിട്ട് ട്രംപ്