പത്താം വയസില്‍ ഒരു ഇരവ് എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സുകുമാരി ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്
മലയാളത്തിന്റെ സൗകുമാര്യമായിരുന്ന സുകുമാരിയമ്മ വിടവാങ്ങിയിട്ട് ഇന്നേക്ക് 12 വര്‍ഷം. ആറ് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തില്‍ 2500-ലേറെ സിനിമകളിലാണ് സുകുമാരി അഭിനയിച്ചത്. ഇന്നും, മലയാളി പ്രേക്ഷകര്‍ ടെലിവിഷനിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും നിത്യവും സുകുമാരിയമ്മയുടെ കഥാപാത്രങ്ങളെ കണ്ടാസ്വദിക്കുന്നു.
ഒരു ഓര്‍മച്ചിത്രം കാണാം...
മലയാള സിനിമയില്‍ ആറു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ നടി. 2500 ലേറെ സിനിമകള്‍. എണ്ണമറ്റ കഥാപാത്രങ്ങള്‍, ആറ് ഭാഷകളിലേക്ക് നീണ്ട അഭിനയസപര്യ. ബോയിങ് ബോയിങിലെ ഡിക്കമ്മായി, വന്ദനത്തിലെ കാര്‍ക്കശ്യക്കാരിയായ മാഗിയാന്റി, തലയണ മന്ത്രത്തിലെ പരിഷ്‌ക്കാരിയായ സുലോചന തങ്കപ്പന്‍ അങ്ങനെയെത്ര അനശ്വര വേഷങ്ങള്‍. പ്രതിച്ഛായയില്‍ കുടുങ്ങി കിടക്കാതെ ഏതു റോളും തന്മയത്തോടെ ചെയ്യുന്ന നടിയായിരുന്നു സുകുമാരി.
'അഭിനയിക്കാന്‍ മടി തോന്നുന്നതോ അഭിനയിക്കാന്‍ പറ്റാത്തതോ ആയ വേഷമില്ല. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ കിട്ടുന്നതെല്ലാം നല്ല വേഷങ്ങളായി കണക്കാക്കണം. സിനിമയില്‍ മോശപ്പെട്ട കഥാപാത്രമെന്നൊന്നില്ല.' ഇതായിരുന്നു അഭിനയത്തെ കുറിച്ച് സുകുമാരിയുടെ നിലപാട്.
പത്താം വയസില്‍ ഒരു ഇരവ് എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സുകുമാരി ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്. പത്മിനിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ സുകുമാരിയെ സംവിധായകന്‍ നീലകണ്ഠന്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു. തസ്‌കര വീരനാണ് ആദ്യ മലയാള ചിത്രം. പ്രധാന വേഷത്തില്‍ അഭിനയിക്കേണ്ട നടി എത്താത്തതിനാല്‍ നൃത്ത സംഘത്തില്‍ അംഗമായ സുകുമാരിക്ക് അവസരം ലഭിക്കുകയായിരുന്നു. നൃത്തത്തോടൊപ്പം നാടകങ്ങളിലും സുകുമാരി സജീവമായിരുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള വേഷങ്ങളില്‍ സുകുമാരിയമ്മ നിറഞ്ഞാടി. പിന്നീട് ഹാസ്യവേഷങ്ങളും അമ്മ വേഷങ്ങളും ഒരുപോലെ സുകുമാരി ഭദ്രമാക്കി. വിടപറഞ്ഞ് ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും ഇന്നും വീട്ടിലെ ഒരു അംഗത്തേയെന്ന പോലെ സുകുമാരിയമ്മയെ നമ്മള്‍ എന്നും കാണുന്നു, സ്‌നേഹിക്കുന്നു ഇഷ്ടപ്പെടുന്നു.