33 ബില്യൺ ഡോളറിന്റെ ഓൾ-സ്റ്റോക്ക് ഡീലിലാണ് എക്സ് വിറ്റതെന്നും ഇലോൺ മസ്ക് അറിയിച്ചു
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് സ്വന്തം കമ്പനിക്ക് തന്നെ വിറ്റ് ശതകോടീശ്വരനും എക്സ് ഉടമയുമായ ഇലോൺ മസ്‌ക്. തൻ്റെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ xAI-യ്ക്കാണ് മസ്ക് എക്സിനെ വിറ്റത്. 33 ബില്യൺ ഡോളറിന്റെ ഓൾ-സ്റ്റോക്ക് ഡീലിലാണ് എക്സ് വിറ്റതെന്നും ഇലോൺ മസ്ക് അറിയിച്ചു. എഐയെയും എക്സിന്റെ റീച്ച് സമന്വയിപ്പിച്ചുള്ള 'അതിശയകരമായ പല കാര്യങ്ങൾക്കും' ഈ നീക്കം വഴിതുറക്കാനാകുമെന്നാണ് മസ്‌ക് പ്രതീക്ഷിക്കുന്നത്. മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്‌സിന് ലോകമെമ്പാടും 600 മില്യൺ ഉപയോക്താക്കളുണ്ട്.
"എക്സ് എഐയുടേയും, എക്സിൻ്റെയും ഭാവികൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് ഇരുകമ്പനികളുടെയും ഡാറ്റ, മോഡലുകൾ, കമ്പ്യൂട്ട്, വിതരണം എന്നിവ സംയോജിപ്പിക്കുന്നതിനുള്ള നടപടി ഞങ്ങൾ ഔദ്യോഗികമായി സ്വീകരിക്കുന്നു. എക്സ് എഐയുടെ വിപുലമായ എഐ ശേഷിയും വൈദഗ്ധ്യവും, എക്സിന്റെ വ്യാപ്തിയിൽ സംയോജിപ്പിച്ചുകൊണ്ട് നീക്കം അതിശയകരമായ സാധ്യതകൾ വഴിതുറക്കും," മസ്‌ക് എക്സിൽ കുറിച്ചു.
2022ല്‍ ഇലോൺ മസ്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങുന്നത്. ശേഷം ട്വിറ്ററിൻ്റെ പേര് 'എക്സ്' എന്ന് മാറ്റുകയും ചെയ്തു. തൊട്ടടുത്ത വർഷം എക്സ് എഐ എന്ന കമ്പനിയും മസ്ക് സ്ഥാപിച്ചു. പിന്നാലെ 2025ൽ എക്സ് എഐ തങ്ങളുടെ ചാറ്റ്ബോട്ടായ ഗ്രോക് 3 പുറത്തിറക്കി. പ്രമുഖ ചാറ്റ്‌ബോട്ടുകളായ ചാറ്റ്ജിബിടി, ഡീപ്സീക്ക് എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തിയായിരുന്നു ഗ്രോക് 3 പുറത്തിറങ്ങിയത്. ടെസ്ല, സ്പെയ്സ് എക്സ്, ന്യൂറാലിങ്ക്, ദ് ബോറിങ് കമ്പനി തുടങ്ങിയ നിരവധി കമ്പനികളുടെ തലവനാണ് ഇലോൺ മസ്ക്.