പതിനായിരക്കണക്കിന് പേർ ഭൂകമ്പത്തിൽ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നാണ് അമേരിക്കൻ ജിയോളജിക്കൽ സർവേ പുറത്തുവിടുന്ന റിപ്പോർട്ട്
മ്യാൻമറിലെ ഭൂകമ്പത്തിൽ പൊലിഞ്ഞത് 1002 ജീവനുകളെന്ന് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,376 പേർക്ക് പരിക്കേറ്റു. 30 പേരെ കാണാതായെന്നും ഭരണകൂടം അറിയിച്ചു. പതിനായിരക്കണക്കിന് പേർ ഭൂകമ്പത്തിൽ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നാണ് അമേരിക്കൻ ജിയോളജിക്കൽ സർവേ പുറത്തുവിടുന്ന റിപ്പോർട്ട്.
രാജ്യത്തെ സൈനിക നേതൃത്വമാണ് മരണസംഖ്യ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ മണ്ടാലെ നഗരത്തിൽ നിന്ന് മാത്രം 694 മരിച്ചതായി സൈനിക നേതൃത്വം റിപ്പോർട്ട് ചെയ്തിരുന്നു. ഭൂകമ്പത്തിൻ്റെ ഉഭവകേന്ദ്രത്തിൻ്റെ തൊട്ടടുത്തുള്ള പ്രദേശമായ മണ്ടാലെ നഗരം, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരം കൂടിയാണ്. തലസ്ഥാനമായ നയ്പിഡാവിൽ 94 പേരും ക്യാക് സെയിൽ 30 പേരും സാഗൈങ്ങിൽ 18 പേരും മരിച്ചു. ഇന്നലെ അർധരാത്രിയോടെ മ്യാൻമറിൽ വീണ്ടും ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. തുടർചലനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
മ്യാൻമറിന് പിന്നാലെ തായ്‌ലാൻഡിലെ ബാങ്കോക്കിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ബാങ്കോക്കിലെ ചാറ്റുഹാക്കിൽ ബഹുനില കെട്ടിടത്തിനടിയിൽപ്പെട്ട് കാണാതായ 15 പേർക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയതായി തായ് അധികൃതർ അറിയിച്ചു. തകർന്ന കെട്ടിട ഭാഗങ്ങൾ എത്രയും വേഗം നീക്കം ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുകയാണ് അധികൃതർ.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മ്യാൻമറിലും ബാങ്കോക്കിലും ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് ദുരിതാശ്വാസ സഹായമെത്തിക്കുമെന്ന് ഇന്ത്യ അറിയിച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ആണ് കൈമാറുക. ഭക്ഷ്യവസ്തുക്കള്‍, അവശ്യമരുന്നുകള്‍, പുതപ്പുകള്‍ തുടങ്ങിയവ കൈമാറുമെന്നാണ് വിദേശമന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ വിമാനം മ്യാന്‍മറിലേക്ക് തിരിച്ചു. ഇന്ത്യയെ കൂടാതെ ഐക്യരാഷ്ട്രസംഘടനയും ചൈനയും മ്യാന്‍മാറിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.