ഖാനപൂരിലെ ബീഡി ഗ്രാമനിവാസികളായ ദിയോഗ്ജെറോൺ സാന്റൻ നസറെത്ത് (82), ഭാര്യ ഫ്ലാവിയാന (79) എന്നിവരാണ് ജീവനൊടുക്കിയത്
കർണാടക ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരയായതിന് പിന്നാലെ ജീവനൊടുക്കി വൃദ്ധദമ്പതികൾ. ഖാനപൂരിലെ ബീഡി ഗ്രാമനിവാസികളായ ദിയോഗ്ജെറോൺ സാന്റൻ നസറെത്ത് (82), ഭാര്യ ഫ്ലാവിയാന (79) എന്നിവരാണ് മരിച്ചത്. സൈബർ തട്ടിപ്പിലൂടെ ജീവത സമ്പാദ്യമായ 50 ലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ ഇരുവരും ജീവനൊടുക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അയൽക്കാർ ഫ്ലാവിയാനയെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിയോഗ്ജെറോണിന്റെ മൃതദേഹം കണ്ടെത്തിയത് വീട്ടിലെ ഭൂഗർഭ വാട്ടർ ടാങ്കിൽ നിന്നുമായിരുന്നു. മഹാരാഷ്ട്ര സർക്കാർ സെക്രട്ടേറിയറ്റ് ജീവനക്കാരനായിരുന്ന ഡിയോഗ്ജെറോൺ, കഴുത്തിൽ സ്വയം കുത്തി മരിക്കുകയായിരുന്നു. കൈത്തണ്ടയിലും മുറിവുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഫ്ലാവിയാനയുടെ മരണം വിഷം കഴിച്ചാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
രണ്ട് പേജോളമുള്ള ആത്മഹത്യാക്കുറിപ്പ് ബാക്കി വെച്ചായിരുന്നു ഇരുവരും ജീവനൊടുക്കിയത്. "എനിക്ക് 82 വയസ്സായി, എന്റെ ഭാര്യക്ക് 79ഉം. ഇനി ഞങ്ങളെ പിന്തുണയ്ക്കാനാരുമില്ല. ആരുടെയും കാരുണ്യത്തിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അതിനാൽ ഞങ്ങൾ ഈ തീരുമാനം എടുത്തിരിക്കുന്നു,"- ഇങ്ങനെ കുറിച്ചുകൊണ്ടാണ് ഡിയോഗ്ജെറോൺ തൻ്റെ ആത്മഹത്യാക്കുറിപ്പ് ആരംഭിക്കുന്നത്. മരണത്തിന് കാരണം സൈബർ തട്ടിപ്പാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും കുറിപ്പിലുണ്ട്. സുമിത് ബിറ, അനിൽ യാദവ് എന്നിങ്ങനെ രണ്ട് വ്യക്തികളുടെ പേര് ഡിയോഗ്‌ജെറോൺ കുറിപ്പിൽ പരാമർശിക്കുന്നു.
ന്യൂഡൽഹിയിൽ നിന്നുള്ള ടെലികോം ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് സുമിത് ബിറ വൃദ്ധദമ്പതികളെ ബന്ധപ്പെടുന്നത്. ഡിയോഗ്‌ജെറോണിൻ്റെ പേരിൽ ഒരു വ്യാജ സിം കാർഡ് വാങ്ങിയെന്നും അത് നിയമവിരുദ്ധ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും അറിയിച്ചായിരുന്നു ഫോൺ കോൾ. പിന്നീട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് സുമിത് കോൾ അനിൽ യാദവിന് കൈമാറി.
ഡിയോഗ്ജെറോണിന്റെ സ്വത്തിന്റെയും സാമ്പാദ്യത്തിൻ്റെയും വിശദാംശങ്ങൾ അനിൽ യാദവ് ചോദിച്ചറിഞ്ഞു. സിം കാർഡ് ദുരുപയോഗം ചെയ്തതിന്റെ പേരിൽ നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ പറയുന്നു. തട്ടിപ്പിന് ഇരയായ ഡിയോഗ്ജെറോൺ അവർക്ക് 50 ലക്ഷത്തിലധികം രൂപ കൈമാറി. പക്ഷേ തട്ടിപ്പുകാർ ദമ്പതികളിൽ നിന്നും കൂടുതൽ പണം ആവശ്യപ്പെട്ടിരുന്നെന്ന് ഡിജിറ്റൽ ഇടപാട് രേഖകൾ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.
തട്ടിപ്പുകാർക്ക് നൽകാനായി സ്വർണം പണയം വെച്ചെന്നും കുറിപ്പിലുണ്ട്. മക്കളില്ലാത്ത ദമ്പതികൾ, അവരുടെ മൃതദേഹങ്ങൾ ഒരു മെഡിക്കൽ കോളേജിലേക്ക് പഠനാവിശ്യത്തിനായി നൽകാനും ആഗ്രഹം പ്രകടിപ്പിച്ചു.
ആത്മഹത്യാക്കുറിപ്പിന്റെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ, രണ്ട് പേർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും സൈബർ തട്ടിപ്പിനും ബെലഗാവി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ബെലഗാവി പൊലീസ് സൂപ്രണ്ട് ഭീമശങ്കർ ഗുലേദ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)