2019 മുതൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി
2016ലെ തെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തില്‍ തനിക്ക് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നതായി വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബിജെപിയുടെ കുമ്മനം രാജശേഖരനായിരുന്നു വട്ടിയൂർക്കാവില്‍ മുരളീധരന്‍റെ എതിർസ്ഥാനാർഥി.
2019 മുതൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. 2019 മുതൽ വെൽഫയർ പാർട്ടി പിന്തുണയും കോൺഗ്രസിനാണ്. ദേശീയ നയത്തിന്‍റെ ഭാഗമായി എടുത്ത തീരുമാനമാണ് ഇത്. ബിജെപിക്ക് ബദൽ കോൺഗ്രസ് എന്ന നിലപാടിൽ എടുത്ത നയമാണിതെന്നും ഈ നയത്തിൻ്റെ ഭാഗമായി കോൺഗ്രസ് മുന്നണിയിലുള്ള സിപിഎമ്മിന് തമിഴ്നാട്ടിൽ പിന്തുണ നൽകിയെന്നും കെ. മുരളീധരൻ പറഞ്ഞു.
സാമുദായിക നേതാക്കളെ വിമർശിക്കുന്നവരല്ല കോൺഗ്രസുകാരെന്നും കെ. മുരളീധരൻ വ്യക്തമാക്കി. എല്ലാ രാഷ്ട്രീയക്കാരെയും വിമർശിക്കുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി. സമുദായ നേതാക്കൾ വിളിക്കുമ്പോൾ എല്ലാവരും പോകാറുണ്ട്. എൻഎസ്എസിന്റെ ചടങ്ങിൽ കൂടുതലും കോൺഗ്രസ് നേതാക്കൾ ആണ് പങ്കെടുക്കാറുള്ളത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകാൻ യോഗ്യൻ എന്ന പരാമർശം ചർച്ചയാക്കേണ്ടതില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.