ക്രിസ്മസ് ദിനത്തില്‍ തൃശൂർ മേയറുടെ വസതിയിലെത്തി സുരേന്ദ്രന്‍ കേക്ക് നല്‍കിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്
തൃശൂർ മേയർ എം.കെ. വർഗീസിന് ക്രിസ്മസ് കേക്ക് നല്‍കിയതുമായി ബന്ധപ്പെട്ട വിമർശനങ്ങളില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് പരാജയപ്പെട്ടതിന്‍റെ 'ചൊരുക്ക്' തീർന്നിട്ടില്ലെന്നാണ് വി. എസ് സുനിൽകുമാറിന്‍റെ പ്രതികരണം കാണുമ്പോള്‍ തോന്നുന്നതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഈ ക്രിസ്മസ് കാലത്ത് ഒട്ടേറെ സമുദായ നേതാക്കളേയും ബിഷപ്പുമാരേയും പോയി കണ്ടിരുന്നു. അതിലൊന്നും രാഷ്ട്രീയമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുനിൽ കുമാറിന്റെ അന്തിക്കാട്ടെ വസതിയിൽ പോയിട്ടുണ്ടെന്നും അദ്ദേഹം സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ടെന്നും കെ. സുരേന്ദ്രന്‍ കുറിപ്പില്‍ പറയുന്നു.
Also Read: 'ലോക രക്ഷകനെ കാത്തിരിക്കുകയായിരുന്നു, ആ സമയത്താണ് ചോദിക്കാതെ BJP അധ്യക്ഷന്‍ കേക്കുമായി കയറി വന്നത്'
ക്രിസ്മസ് ദിനത്തില്‍ തൃശൂർ മേയറുടെ വസതിയിലെത്തി സുരേന്ദ്രന്‍ കേക്ക് നല്‍കിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. മേയർ കേക്ക് വാങ്ങിയത് നിഷ്കളങ്കമായി ചെയ്തതായി കാണാൻ കഴിയില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച ആളാണ് മേയർ എന്നുമായിരുന്നു സുനില്‍കുമാറിന്‍റെ പ്രതികരണം. മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയും ആണെന്നും എൽഡിഎഫ് ചെലവിൽ അത് വേണ്ടെന്നും സിപിഐ നേതാവ് പറഞ്ഞു.
സ്നേഹം പങ്കിടാൻ ഒരു കേക്ക് കൊണ്ട് വരുമ്പോൾ വീട്ടിലേക്ക് കയറരുത് എന്ന് തനിക്ക് പറയാൻ ആവില്ലെന്നായിരുന്നു സുനില്‍കുമാറിനോടുള്ള മേയറുടെ മറുപടി. താൻ ഇടതുപക്ഷത്തിൻ്റെ ചട്ടക്കൂടിൽ നിൽക്കുന്നയാളാണെന്നും ലോക്സഭാ കാലത്ത് സുരേഷ് ഗോപി വന്നിട്ടും സുനിൽ കുമാർ വന്നില്ലെന്നും മേയർ കുറ്റപ്പെടുത്തി. മേയറെ പിന്തുണച്ച് തൃശൂർ കോർപ്പറേഷന്‍ കൗണ്‍സില്‍ അംഗവും സിപിഎം നേതാവുമായ വർഗീസ് കണ്ടംകുളത്തിയും സിപിഐ കൗൺസിലർ സതീഷ് കുമാറും രംഗത്തെത്തിയിട്ടുണ്ട്.
Also Read: "ചോറ് ഇവിടെയും കൂറ് അവിടെയും"; തൃശൂർ മേയർക്കെതിരെ വിമർശനവുമായി വി.എസ്. സുനില്‍കുമാർ
സുനില്‍കുമാർ തൃശൂരിലെ കലിയുടെ അവതാരമാണെന്നായിരുന്നു ബിജെപി തൃശൂർ ജില്ലാ പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാറിന്‍റെ പ്രതികരണം. സുനിൽകുമാറിന്‍റേത് വെറുപ്പിന്‍റെ രാഷ്ട്രീയമാണെന്നും കുത്തിത്തിരിപ്പ് ഉണ്ടാക്കാനാണ് ശ്രമമെന്നും അനീഷ് കുമാർ പറഞ്ഞു. വെറുപ്പിന്‍റെ രാഷ്ട്രീയം വച്ചുപുലർത്തുന്നത് ഒട്ടും ശരിയല്ലെന്നും ജില്ലാ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
കെ. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ലോകസഭാ തെരഞ്ഞെടുപ്പിൽ ശ്രീ. സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും എന്റെ സുഹൃത്ത് ശ്രീ. വി. എസ് സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നു പുതിയ പ്രതികരണം കാണുമ്പോൾ. ഈ ക്രിസ്തുമസ് കാലത്ത് ഒട്ടേറെ സമുദായ നേതാക്കളേയും ബിഷപ്പുമാരേയും ഞാന്‍ പോയി കാണുകയും കേക്കു നൽകുകയും ആശംസകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കണ്ടിട്ടില്ല. കാണാനുമാവില്ല. ആളുകളെ കാണുകയും ചായകുടിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കിൽ അദ്ദേഹവും ആ തെറ്റ് ചെയ്തിട്ടുണ്ടുതാനും. സുനിൽ കുമാറിന്റെ അന്തിക്കാട്ടെ വസതിയിൽ ഞാൻ പോയിട്ടുണ്ട്. അദ്ദേഹം എന്ന സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും കടികളും തന്നിട്ടുമുണ്ട്. എന്റെ ഉള്ളിയേരിയിലെ വീട്ടിൽ അദ്ദേഹവും വന്നിട്ടുണ്ട്. നിലപാടുകൾ വേറെ സൗഹൃദങ്ങൾ വേറെ. കാര്യങ്ങൾ ഇങ്ങനെയൊക്കയാണെങ്കിലും സുനിൽ എന്നും എന്റെ ഒരു നല്ല സുഹൃത്തുതന്നെ....