fbwpx
'ലോക രക്ഷകനെ കാത്തിരിക്കുകയായിരുന്നു, ആ സമയത്താണ് ചോദിക്കാതെ BJP അധ്യക്ഷന്‍ കേക്കുമായി കയറി വന്നത്'
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Dec, 2024 06:14 PM

ക്രിസ്ത്യാനിയായ താന്‍ ക്രിസ്മസ് ആഘോഷിക്കുന്ന ആളാണ്. കോണ്‍ഗ്രസും എല്‍ഡിഎഫും തനിക്ക് കേക്ക് തന്നില്ല

KERALA


ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്ന് കേക്ക് വാങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. സ്‌നേഹം പങ്കിടാന്‍ ഒരു കേക്ക് കൊണ്ടു വരുമ്പോള്‍ വീട്ടിലേക്ക് കയറരുത് എന്ന് തനിക്ക് പറയാന്‍ ആവില്ലെന്നാണ് മേയറുടെ വിശദീകരണം.

വി.എസ്. സുനില്‍ കുമാര്‍ ബിജെപിക്കാര്‍ കേക്ക് കൊണ്ടുവന്നാല്‍ വാങ്ങിക്കില്ലേയെന്നും വര്‍ഗീസ് ചോദിച്ചു. ബിജെപിയില്‍ നിന്നും കേക്ക് സ്വീകരിച്ച മേയറെ വി.എസ്. സുനില്‍ കുമാര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേക്ക് വാങ്ങിയത് നിഷ്‌കളങ്കമായി ചെയ്തതായി കാണാന്‍ കഴിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് മേയര്‍ എന്നും സുനില്‍കുമാര്‍ ആരോപിച്ചിരുന്നു.

എന്നാല്‍, സുനില്‍ കുമാര്‍ അങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് എം.കെ. വര്‍ഗീസിന്റെ പ്രതികരണം. ലോക്‌സഭാ കാലത്ത് സുരേഷ് ഗോപി വന്നു. പക്ഷേ, സുനില്‍ കുമാര്‍ വന്നില്ല. സുരേഷ് ഗോപി വന്നതില്‍ തനിക്ക് തെറ്റ് പറയാനില്ല. സുനില്‍ കുമാറിന്റെ രാഷ്ട്രീയവും തന്റെ രാഷ്ട്രീയവും വേറെയാണ്.

തന്നില്‍ ബിജെപി അനുഭാവം കണ്ടത് എവിടെ നിന്നാണെന്ന് സുനില്‍ കുമാറിനോട് ചോദിക്കണം. ബിജെപി വര്‍ഗീയ പാര്‍ട്ടിയാണോ എന്ന് തനിക്ക് പറയാനാകില്ല. ക്രിസ്ത്യാനിയായ താന്‍ ക്രിസ്മസ് ആഘോഷിക്കുന്ന ആളാണ്. കോണ്‍ഗ്രസും എല്‍ഡിഎഫും തനിക്ക് കേക്ക് തന്നില്ല. ഇടതുപക്ഷമാണ് തന്റെ മനസിലിപ്പോള്‍. വേറെ ഒന്നും മനസിലില്ല. സുനില്‍ കുമാറിന്റേത് ബാലിശമായ വാദമാണ്. അതിന് വിലകല്‍പ്പിക്കുന്നില്ല.


Also Read: "ചോറ് ഇവിടെയും കൂറ് അവിടെയും"; തൃശൂർ മേയർക്കെതിരെ വിമർശനവുമായി വി.എസ്. സുനില്‍കുമാർ


സുനില്‍ കുമാര്‍ എംപിയായിരുന്നെങ്കില്‍ ബിജെപി കേക്ക് കൊടുത്താല്‍ വാങ്ങിക്കില്ലേ. അദ്ദേഹത്തിന് എന്തും പറയാം. താന്‍ ഇടതുപക്ഷത്തിന്റെ ചട്ടക്കൂടില്‍ നില്‍ക്കുന്നയാളാണ്. അതിനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി ഇത്തരം കാര്യങ്ങള്‍ പറയുന്നത് തെറ്റാണ്. അദ്ദേഹത്തിന് എന്താണ് തന്നോട് ഇത്ര സ്‌നേഹം എന്ന് മനസിലാകുന്നില്ലെന്നും എം.കെ വര്‍ഗീസ് പറഞ്ഞു.

ഞാന്‍ ലോക രക്ഷകനെ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ബിജെപി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കാതെ കയറി വന്നത്. ആ സമയത്ത് കയറി വരരുത് എന്ന് പറയാന്‍ കഴിയില്ലല്ലോയെന്നും വര്‍ഗീസ് പറഞ്ഞു.

അതേസമയം, കേക്ക് വിവാദത്തില്‍ വി.എസ്. സുനില്‍ കുമാറിനെ തള്ളി സിപിഐ കൗണ്‍സിലര്‍ സതീഷ് കുമാര്‍ രംഗത്തെത്തി. ഒരു രാഷ്ട്രീയ നേതാവ് വീട്ടില്‍ വരുന്നതിനോട് ഒന്നും ചെയ്യേണ്ടതില്ലെന്ന് സുനില്‍ കുമാര്‍ പ്രതികരിച്ചു. മേയര്‍ക്ക് ബിജെപിയോട് അനുഭാവമുള്ളതായി തോന്നിയിട്ടില്ല. പാര്‍ട്ടി നിലപാട് പറയേണ്ടത് ജില്ലാ സെക്രട്ടറിയാണെന്നും സതീഷ് കുമാര്‍ പറഞ്ഞു.


Also Read: 2016ല്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചു, സാമുദായിക നേതാക്കളെ വിമർശിക്കുന്നവരല്ല കോൺഗ്രസുകാർ: കെ. മുരളീധരന്‍


സംഭവത്തില്‍ മേയറെ പിന്തുണച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗമായ സിപിഎം നേതാവ് വര്‍ഗീസ് കണ്ടംകുളത്തിയും രംഗത്തെത്തി. ബിജെപി നടത്തിയത് വിഭജനത്തിന്റെ തന്ത്രമാണ്. ചിലപ്പോള്‍ കേക്കും ബോംബും കൊണ്ടുപോകും. എന്നാല്‍, അവര്‍ ആഗ്രഹിക്കുന്നതു പോലെ ആരും ബിജെപിയിലേക്ക് പോകില്ല. സുരേന്ദ്രന്റെ സന്ദര്‍ശനം രാഷ്ട്രീയ പ്രക്രിയയാണ്. ടാര്‍ഗറ്റ് വെച്ചുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. മേയറോട് ചോദിക്കാതെ വീട്ടില്‍ പോകുന്നു, അതിന് പബ്ലിസിറ്റി കൊടുക്കുന്നു. അതെല്ലാം രാഷ്ട്രീയ പ്രക്രിയയാണ്. വേറെ അവിശ്വസിക്കേണ്ട കാര്യം ഇല്ലെന്നും വര്‍ഗീസ് കുണ്ടംകുളത്തി അഭിപ്രായപ്പെട്ടു.

വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞത്

പ്രത്യേക സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ മേയറായ ആളാണ് അദ്ദേഹം. സിപിഐ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. നിലവില്‍ മറ്റൊന്നും ചെയ്യാനില്ല. മറ്റാരും കേക്ക് വാങ്ങിയില്ലല്ലോ. ഇടതുപക്ഷ ചെലവില്‍ ഇത് അനുവദിക്കാന്‍ ആകില്ല. മേയര്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയും ആണെന്നും എല്‍ഡിഎഫ് ചെലവില്‍ അത് വേണ്ട.

വിവാദങ്ങളുടെ തുടക്കം

ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ക്രിസ്മസ് ദിനത്തില്‍ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ വീട്ടിലെത്തി കേക്ക് നല്‍കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. എം.കെ. വര്‍ഗീസുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്‌നേഹത്തിന്റെ സന്ദര്‍ശനം മാത്രമാണെന്നുമായിരുന്നു സന്ദര്‍ശനത്തിന് ശേഷം കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

KERALA
മുനമ്പം വഖഫ് വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളെ കബളിപ്പിക്കുന്നു, സ്ഥലം വ്യാജരേഖയുണ്ടാക്കി വിറ്റത് കെപിസിസി സെക്രട്ടറി: പി. രാജീവ്
Also Read
user
Share This

Popular

KERALA
KERALA
'മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല'; തിരുവമ്പാടി ദേവസ്വം വേലയുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് തൃശൂര്‍ എഡിഎം