റാഗിങ് അതിക്രമമോ പരാതിയോ ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂറിനകം പൊലീസിനെ അറിയിക്കണമെന്ന വ്യവസ്ഥയും മിക്ക കോളജുകളും പാലിക്കാറില്ല.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് റാഗിങിനെ തുടർന്ന് മരിച്ചത് 51 വിദ്യാർഥികളെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത് മെഡിക്കൽ കോളേജ് ഹോസ്റ്റലുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെന്നും റിപ്പോർട്ടിലുണ്ട്. സൊസൈറ്റി എഗെയിൻസ്റ്റ് വയലൻസ് ഇൻ എജ്യൂക്കേഷൻ നടത്തിയ പഠനത്തിലേതാണ് ഈ കണ്ടെത്തലുകൾ.
സൊസൈറ്റി എഗെൻസ്റ്റ് വയലൻസ് ഇൻ എജ്യൂക്കേഷൻ- അഥവാ സേവ് നടത്തിയ പഠനത്തിലെ വെളിപ്പെടുത്തലാണിത്. മെഡിക്കൽ വിദ്യഭ്യാസം നേടുന്നവരുടെ എണ്ണം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 1.1 ശതമാനം മാത്രമാണെങ്കിലും റാഗിങിനെ തുടർന്നുണ്ടായ രാജ്യത്തെ മരണങ്ങളിൽ 45.1 ശതമാനവും മെഡിക്കൽ കോളജുകളിൽ നിന്നാണെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ റിപ്പോർട്ടിലുണ്ട്. റാഗിങുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ 38.6 ശതമാനവും മെഡിക്കൽ കോളജുകളിലേതാണ്. ഇതിൽ 35.4 ശതമാനവും ഗുരുതര സ്വഭാവമുള്ള റാഗിങ് അതിക്രമങ്ങളും.
2024 ൽ 1,946 കോളേജുകളിൽ നിന്നായി 3,156 പരാതികളാണ് ലഭിച്ചത്. റാഗിങ് പരാതികളും കേസുകളുമുണ്ടായിട്ടും അതൊരു ഗൗരവ പ്രശ്നമായി ക്യാംപസ് മാനേജ്മെന്റുകൾ എടുക്കുന്നില്ലെന്ന് വിമർശനം റിപ്പോർട്ടിലുണ്ട്. റാഗിങ് അതിക്രമമോ പരാതിയോ ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂറിനകം പൊലീസിനെ അറിയിക്കണമെന്ന വ്യവസ്ഥയും മിക്ക കോളജുകളും പാലിക്കാറില്ല.
Also Read; യുപിയില്‍ ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിതരാണ്: യോഗി ആദിത്യനാഥ്
രാജ്യത്തെ റാഗിങ് പീഡനങ്ങളുടെ വലിയ ചരിത്രമാണ് മെഡിക്കൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കെന്ന് റിപ്പോർട്ട് തയ്യാറാക്കിയ സേവ് വൈസ് പ്രസിഡന്റ് ഗൗരവ് സിംഗാൾ പറഞ്ഞു. യഥാർത്ഥ റാഗിങ് കണക്ക് ഇതിനേക്കാൾ പത്ത് മടങ്ങ് കൂടുതലാണ്. ഭൂരിഭാഗം പേരും പരാതികളുമായി മുന്നോട്ടുപോകുന്നില്ല. തുടർ നടപടികളും പരാതിയുമായി പോയവരുടെ കണക്ക് മാത്രമാണിത്.
രാജ്യത്തെ ഏറ്റവും പേരുകേട്ട 5 പ്രധാന മെഡിക്കൽ കോളജുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്. 2025 ജനുവരി 25 ന് 18 മെഡിക്കൽ കോളജുകൾക്ക് റാഗിങ് സംബന്ധിച്ച പരാതികളില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നൽകാനും ഇല്ലാത്തപക്ഷം അനുമതി റദ്ദാക്കുമെന്നും കാണിച്ച് യുജിസി കത്തയച്ചിരുന്നു. എൻട്രൻസ് കോച്ചിങിന് പേരുകേട്ട രാജസ്ഥാനിലെ കോട്ടയിലെ ആത്മഹത്യാ നിരക്കാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മറ്റൊരു ആശങ്കപ്പെടുത്തുന്ന സംഭവമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.