"തുടർന്നുള്ള ഔദ്യോഗിക ജീവിതത്തിൽ ഗുരുതര വേട്ടയാടൽ ഉണ്ടാകുമെന്ന് നവീൻ ബാബു ഭയപ്പെട്ടു "എന്നും കുറ്റപത്രത്തിൽ പരമാർശമുണ്ട്.
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയെ ഏക പ്രതിയാക്കി കൊണ്ട് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നവീൻ ബാബു ജീവനൊടുക്കിയത് മരണമല്ലാതെ മറ്റൊരു മാർഗമില്ലെന്ന ബോധ്യത്താലാണ് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നവീൻ ബാബു ആത്മഹത്യ ചെയ്തത് പുലർച്ചെ 4.56 നും രാവിലെ 8 മണിക്കുമിടയിലാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
"തുടർന്നുള്ള ഔദ്യോഗിക ജീവിതത്തിൽ ഗുരുതര വേട്ടയാടൽ ഉണ്ടാകുമെന്ന് നവീൻ ബാബു ഭയപ്പെട്ടു "എന്നും കുറ്റപത്രത്തിൽ പരമാർശമുണ്ട്. ആകെ 79 സാക്ഷികളാണ് കേസിലുള്ളത്. പെട്രോൾ പമ്പിന് അപേക്ഷിച്ച ടി. വി. പ്രശാന്തൻ കേസിൽ 43- ആം സാക്ഷിയാണ്.
ആസൂത്രിതമായ അധിക്ഷേപമാണ് ദിവ്യ നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.യാത്രയയപ്പ് ചടങ്ങിനെ കുറിച്ച് അറിയാൻ പലതവണ കളക്ടറുടെ പിഎയെ ഫോണിൽ വിളിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളും പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി.ദൃശ്യങ്ങൾ പ്രചരിപ്പിച്ചതും ദിവ്യ തന്നെയാണെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ALSO READ: പി.പി. ദിവ്യ കുറ്റക്കാരി; എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു
ദിവ്യയുടെ ആരോപണം സാധൂകരിക്കുന്ന സാഹചര്യ തെളിവുകൾ ലഭിച്ചു. എൻഒസി ലഭിക്കുന്നതിനു മുൻപ് പ്രശാന്തൻ ബാങ്കിൽ നിന്നും പണം പിൻവലിച്ചതിനുള്ള തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. നവീൻ ബാബുവും പ്രശാന്തനും നിരവധി തവണ ഫോണിൽ സംസാരിച്ചു. എൻഒസി അനുവദിക്കുന്നതിന് മുമ്പ് പ്രശാന്തൻ ക്വാർട്ടേഴ്സിലെത്തി നവീൻ ബാബുവിനെ കണ്ടു. എന്നാൽ പണം കൈമാറിയതിന് നേരിട്ടുള്ള തെളിവുകൾ ഇല്ല.
സാധൂകരണ തെളിവുകൾ ഉണ്ടെങ്കിലും സ്വീകരിക്കേണ്ട നിയമ നടപടി ദിവ്യ സ്വീകരിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. പൊതുമധ്യത്തിൽ ഉന്നയിക്കും മുൻപ് എവിടെയും പരാതി അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. 2024സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.