ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിറം കൊടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണോ എന്ന സംശയവും തള്ളിക്കളയാനാവില്ലെന്നും മന്ത്രി പറഞ്ഞു
കേരള സർവകലാശാല എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. അധ്യാപകൻ്റേത് ഗുരുതരമായ കൃത്യവിലോപമാണെന്നും, സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയമെന്നും മന്ത്രി പറഞ്ഞു. കേരള സർവകലാശാല നാക് ഗ്രേഡിങ്ങിൽ A++ ഗ്രേഡ് നേടി തിളങ്ങി നിൽക്കുന്ന സാഹചര്യമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിറം കൊടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണോ എന്ന സംശയവും തള്ളിക്കളയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൂന്ന് തവണ വിശദീകരണം തേടിയപ്പോഴും ആരോപണവിധേയനായ അധ്യാപകൻ നിശബ്ദത പാലിക്കുകയാണ് ഉണ്ടായത്. അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്നും, ഡിജിപിക്ക് പരാതി നൽകുമെന്നും മന്ത്രി അറിയിച്ചു. കുട്ടികളുടെ ഭാവിക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ കാര്യം പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ALSO READ: ഉത്തരക്കടലാസ് കാണാതായത് സര്‍വകലാശാലയുടെ വീഴ്ച, വിദ്യാര്‍ഥികളെ ക്രൂശിക്കരുത്: വി.ഡി സതീശൻ
വീണ്ടും പരീക്ഷ നടത്താനാണ് നിലവിലെ തീരുമാനം. ഫീസ് വാങ്ങാതെ പരീക്ഷ നടത്തും. ഏഴാം തീയതി പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ബദൽ സംവിധാനം ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം സിൻഡിക്കേറ്റ് ഗൗരവമായി ചർച്ച ചെയ്തു. സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഇതിനായി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് സർവകലാശാല രജിസ്ട്രാർ കെ. എസ്. അനിൽകുമാർ അറിയിച്ചു. ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് തീരുമാനമെടുക്കുമെന്നും, അധ്യാപകനെ വിലക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടെന്നും സിൻഡിക്കേറ്റ് അറിയിച്ചു. അധ്യാപകൻ്റെ റിപ്പോർട്ട് അനുസരിച്ചാണ് ഡിജിപിക്ക് പരാതി നൽകിയത്. വിഷയം അറിഞ്ഞ സമയം മുതൽ ഗൗരവത്തോടെ ഇടപെട്ടുവെന്നും രജിസ്ട്രാർ അറിയിച്ചു.