പ്രതിപക്ഷം രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിഷപ്പുമാരുടെ പ്രസ്താവനയെന്നും അവരിൽ നിന്ന് നല്ല വാക്കുകൾ ആണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു
ബിഷപ്പുമാർക്കെതിരായ പരാമർശത്തിൽ വിശദീകരണവുമായി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. രാഷ്ട്രീയക്കാർ സംസാരിക്കുന്നത് പോലെ ബിഷപ്പുമാർ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവരുടെ ശൈലിയിൽ മാറ്റമുണ്ടായോ എന്നാണ് താൻ ചോദിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ബിഷപ്പുമാരിൽ നിന്ന് നല്ല വാക്കുകളാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബിഷപ്പുമാർ വലിയ വലിയ ആളുകളാണെന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ പ്രസ്താവന. രാഷ്ട്രീയക്കാർ സംസാരിക്കുന്നത് പോലെ ബിഷപ്പുമാർ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നാണ് പറഞ്ഞത്. അവരുടെ ശൈലിയിൽ മാറ്റമുണ്ടായോ എന്നാണ് ചോദിച്ചത്. രാജി ആവശ്യം സാധാരണ രാഷ്ട്രീയ ആവശ്യമാണ്. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിഷപ്പുമാരുടെ പ്രസ്താവനയെന്നും അവരിൽ നിന്ന് നല്ല വാക്കുകൾ ആണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും എ.കെ.ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
കോഴിക്കോട് കൊയിലാണ്ടിയിൽ ആനകളിടഞ്ഞ സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയോടെ റിപ്പോർട്ട് ലഭിക്കും. നാട്ടാന പരിപാലന ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. വെടിക്കെട്ടിന്റെ ശബ്ദം കേട്ട് ആനകൾ വിരണ്ടു എന്നാണ് പ്രാഥമിക നിഗമനമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകും. കേസെടുത്ത് അന്വേഷിക്കണോ എന്ന കാര്യം പരിശോധിക്കുകയാണ്. വെടിക്കെട്ട് നടത്താൻ അനുമതി ഉണ്ടോയെന്നും ആനകളെ എഴുന്നള്ളിക്കാൻ അനുമതി ഉണ്ടോയെന്നും അന്വേഷിക്കും. ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ ചില നിബന്ധനകൾ അപ്രായോഗികമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.