വിമർശനം ഉന്നയിച്ചത് കൊണ്ട് ഒരാളെയും സൈഡ് ലൈൻ ചെയ്യില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു
ശശി തരൂർ
വിവാദ പരമാർശങ്ങളിൽ ശശി തരൂരിനെതിരെ ഉടൻ നടപടി ഇല്ല. വിവാദങ്ങളെ അവഗണിക്കാനാണ് ഹൈക്കമാൻഡിന്റെ നിർദേശം. തരൂർ വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നും തീരുമാനമായി. കേരളത്തിലെ നേതാക്കളോടും വിഷയത്തിൽ തുടർപ്രതികരണങ്ങൾ വേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നിർദേശം നൽകി. കോൺഗ്രസിന് കേരളത്തിൽ ഒരു നേതാവിന്റെ അഭാവമുണ്ടെന്നും പാർട്ടിക്ക് തന്നെ ഉപയോഗിക്കണമെങ്കില്‍ ഒപ്പമുണ്ടാകുമെന്നും അല്ലെങ്കില്‍ തന്‍റെ മുന്നില്‍ വേറെ വഴികളുണ്ടെന്നുമായിരുന്നു തരൂരിന്റെ വിവാദ പ്രസ്താവന. ദ ഇന്ത്യൻ എക്സ്‌പ്രസിന്റെ വർത്തമാനം എന്ന മലയാളം പോഡ്‌കാസ്റ്റിലായിരുന്നു തരൂരിന്റെ പ്രതികരണം. പിന്നാലെ തരൂരിന്റെ പേര് പരാമർശിച്ചും പരാമർശിക്കാതെയും കോൺഗ്രസ് നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു.
വിമർശനം ഉന്നയിച്ചത് കൊണ്ട് ഒരാളെയും സൈഡ് ലൈൻ ചെയ്യില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. നന്മയുള്ള വിമർശനങ്ങളെ സ്വാഗതം ചെയ്യും. കേരളത്തിലെ നേതൃത്വത്തിലും ഐക്യം ഊട്ടി ഉറപ്പിക്കുമെന്നും താൻ ഒരു പക്ഷത്തിൻ്റെയും ഭാഗം അല്ലെന്നും വേണുഗോപാൽ പറഞ്ഞു.
നാല് വട്ടം തിരുവനന്തപുരത്ത് നിന്നും വിജയിച്ച തനിക്ക് ജനപിന്തുണയുണ്ടെന്നും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തെ സംബന്ധിക്കുന്ന തന്റെ സ്വതന്ത്ര നിലപാടുകളെ ജനങ്ങൾ പിന്തുണയ്ക്കുന്നതായുമാണ് തരൂർ പോഡ്കാസ്റ്റിൽ പറഞ്ഞത്. സംസ്ഥാനത്ത് കോൺഗ്രസ് സ്ഥിരം വോട്ട് ബാങ്കിന് അപ്പുറത്തേക്കും ജനങ്ങളെ ആകർഷിക്കാൻ തയ്യാറാകണം. സ്വതന്ത്ര സംഘടനകള്‍ നടത്തിയ അഭിപ്രായ വോട്ടിങ്ങുകളിൽ സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് നേതാക്കളേക്കാളും നേതൃത്വ പദവിയിലേക്ക് തന്റെ പേരാണ് ഉയർന്ന് കേൾക്കുന്നതെന്നും തരൂർ പോഡ്കാസ്റ്റിൽ പറഞ്ഞു. പാർട്ടിക്ക് അത് ഉപയോഗിക്കണമെങ്കിൽ താൻ പാർട്ടിക്കൊപ്പമുണ്ടാകുമെന്നും അങ്ങനെ അല്ലെങ്കിൽ തന്റെ മുന്നിൽ മറ്റ് വഴികളുണ്ടെന്നും തരൂർ വ്യക്തമാക്കി.
കേരളത്തിൽ ഒരുകാലത്തും കോൺഗ്രസിന് നേതൃക്ഷാമമുണ്ടായിട്ടില്ലെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. ശശി തരൂരിന്റെ മനസിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു കൂടെ നിർത്തണമെന്നും അദ്ദേഹത്തിന്റെ സേവനം കോൺഗ്രസിന് ആവശ്യമാണെന്നും കെ. മുരളീധരൻ അറിയിച്ചു. കേരളത്തിൽ ഇപ്പോൾ ചില രാജദാസന്മാർ ഇറങ്ങിയിരിക്കുന്നുവെന്നും രാജകൊട്ടാരത്തിലെ വിദൂഷകന്മാരെപ്പോലെയാണ് ചിലരെന്നുമായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. തരൂരിൻ്റെ പേര് പരാമർശിക്കാതെയായിരുന്നു വേണുഗോപാലിൻ്റെ മറുപടി. മുഖ്യമന്ത്രിക്ക് സ്തുതിപാടുന്ന മന്ത്രിമാരെയാണ് ഉദ്ദേശിച്ചതെന്നും പ്രസംഗം ദുർവ്യാഖ്യാനം ചെയ്തുവെന്നായിരുന്നു ഹൈക്കമാൻഡ് നിർദേശത്തിന് പിന്നാലെ വേണുഗോപാൽ പറഞ്ഞു.
മറുവശത്ത് തരൂരിനെ പ്രശംസിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. കോൺഗ്രസ് വിട്ടാൽ ശശി തരൂർ അനാഥമാകില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് പറഞ്ഞു. തരൂർ ഇത്രയും കാലം കോൺഗ്രസിൽ തുടർന്നത് അത്ഭുതമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂട്ടിച്ചേർത്തു. എന്നാൽ, തരൂരിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോൾ പറയേണ്ട കാര്യമല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി. സ്വന്തം നിലയിൽ കാര്യങ്ങൾ പറയാൻ കഴിവുള്ള നേതാവാണ് തരൂർ എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ ഒരു നേതാവ് ഇത്തരത്തിൽ പറയുമ്പോൾ തള്ളിക്കളയേണ്ട കാര്യമില്ലെന്നും തരൂരിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഒരു സമീപനം സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വന്ന സാഹചര്യത്തിൽ കൂടിയാണ് തുടർ പ്രതികരണങ്ങളഅ ഒഴിവാക്കാൻ കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശം നൽകിയിരിക്കുന്നത്.