ഇന്നലെയാണ് ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ ചേർന്നത്
സന്ദീപ് വാര്യയുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബ്. നീക്കങ്ങൾ നടത്തിയത് കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയെന്നും പാലക്കാട് തികഞ്ഞ വര്‍ഗീയത മാത്രം പറഞ്ഞ ഒരാള്‍ നിലപാട് മാറ്റാതെ കോൺഗ്രസ് ഓഫീസിലിരിക്കുന്നത് കണ്ടുവെന്നും ഷാനിബ് ആരോപിച്ചു. സന്ദീപിന്‍റെ കോണ്‍ഗ്രസിലേക്കുള്ള വരവ് മുരളീധരനടക്കമുള്ള നേതാക്കളുടെ അറിവോടെയല്ലെന്നും എ.കെ. ഷാനിബ് വ്യക്തമാക്കി. ഇന്നലെയാണ് ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ ചേർന്നത്.
"സതീശനെതിരെ പറഞ്ഞത് തിരുത്തിയാല്‍ ഒരു മണിക്കൂറിനകം സംസാരിക്കാമെന്ന് സതീശന് ഒപ്പമുള്ള ഒരാള്‍ പറഞ്ഞു. ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും എതിരെ പറഞ്ഞ ഒരാളെ, മുസ്ലീം വിഭാഗത്തെ ഇല്ലാതാക്കണമെന്ന പറഞ്ഞ ഒരാളെ, തിരുത്താതെ കൂടെ ഇരുത്തുന്നു.വര്‍ഗീയ പരാമര്‍ശം തിരുത്താതെ കൂടെ ഇരുത്തില്ലെന്ന് പറയാനുള്ള നട്ടെല്ല് സതീശന് ഇല്ലാതായിപ്പോയി", ഷാനിബ് പറഞ്ഞു.
നിരന്തരം കള്ളം പറയുന്ന, കള്ളനായ ഒരാളെ അടുത്തിരുത്തിയാണ് പ്രതിപക്ഷ നേതാവ് എല്‍ഡിഎഫ് സ്വതന്ത്രനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നത്. നിലപാട് മാറ്റാൻ തയ്യാറല്ലെന്ന് പറഞ്ഞാണ് കോൺഗ്രസ് ഓഫീസിലേക്ക് സന്ദീപ് ഓടിക്കയറിയത് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് കൂട്ടിച്ചേർത്തു.
"സരിൻ നീട്ടിയ കൈ ഒഴിവാക്കിയവര്‍ വര്‍ഗീയവാദിയെ അനിയാ, ചേട്ടാ എന്നു വിളിക്കുന്നത് മതേതര കേരളം കാണുന്നുണ്ട്. ബിജെപി ഡീല്‍ ഞങ്ങള്‍ തുറന്നു പറഞ്ഞു, എ.കെ. ഷാനിബ് പറഞ്ഞു.
കോൺഗ്രസിനകത്തുള്ള വലിയൊരു വിഭാഗം സരിന് വോട്ട് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നു പറഞ്ഞ ഷാനിബ് യുഡിഎഫ് സ്ഥാനാർഥി എല്ലാ അര്‍ത്ഥത്തിലും വ്യാജനാണെന്നും ആരോപിച്ചു. വ്യാജ അഫിഡവിറ്റ് ആണ് നല്‍കിയിട്ടുള്ളത്. നാല് സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് പറഞ്ഞത്. നാല് സ്ഥാപനങ്ങളുള്ള ആള്‍ ഇതുവരെ ഐടി റിട്ടേൺസ് നല്‍കിയിട്ടുണ്ടോയെന്നും ഷാനിബ് ചോദിച്ചു.
Also Read: മാനവ സംസ്കാരം മലപ്പുറത്തിന് ലഭിക്കാൻ കാരണം പാണക്കാട് കുടുംബമെന്ന് സന്ദീപ്; ആശംസകള്‍ നേർന്ന് സാദ്ദിഖലി തങ്ങള്‍
അതേസമയം, സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശനത്തോടെ സിപിഎം പ്ലാനാണ് പൊളിച്ചതെന്ന് പാലക്കാട്ടെ കൊണ്‍ഗ്രസ് നേതാവ് പി. ഹരിഗോവിന്ദൻ പറഞ്ഞു. ഹരിഗോവിന്ദനാണ് കോൺഗ്രസിനു വേണ്ടി സന്ദീപുമായി ചർച്ച നടത്തിയത്. ഹരിഗോവിന്ദന്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് അധ്യാപക സംഘടനയില്‍ അംഗമായിരുന്നു സന്ദീപിന്‍റെ അമ്മ. ഈ പരിചയത്തിലാണ് ഹരിഗോവിന്ദനെ തന്നെ പാർട്ടി ഈ ദൗത്യത്തിനു ചുമതലപ്പെടുത്തിയത്.
മുഖ്യമന്ത്രിക്കൊപ്പം സന്ദീപ് വാര്യരെ വേദിയിൽ കൊണ്ടു വരാനായിരുന്നു സിപിഎം പദ്ധതി. ഇതറിഞ്ഞ ഉടൻ സന്ദീപുമായി ചർച്ച നടത്തിയെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു. ജയകൃഷ്ണൻ മാസ്റ്ററെ കൊന്ന പാർട്ടിയിലേക്ക് പോകണോയെന്ന് ചോദിച്ചു. സുരക്ഷിതത്വം വേണമെന്നായിരുന്നു സന്ദീപിന്റെ ആവശ്യം. ഇനിയും ആളുകൾ പാർട്ടിയിലേക്ക് വരുമെന്നും ഹരിഗോവിന്ദൻ കൂട്ടിച്ചേർത്തു.
നാടകീയമായിരുന്നു സന്ദീപിന്‍റെ കോണ്‍ഗ്രസ് പ്രവേശനം. കോണ്‍ഗ്രസിന്‍റെ വാർത്താസമ്മേളനത്തിന് ഇടയിലേക്ക് കയറി വന്ന സന്ദീപിനെ ആഘോഷത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും വി.ഡി. സതീശനും അടക്കമുള്ള നേതാക്കള്‍ സന്ദീപിനെ വാനോളം പുകഴ്ത്തുകയും ചെയ്തു.
Also Read: 'മുഴുവൻ വഖഫ് ഭൂമികളും തിരിച്ചുപിടിക്കണം' ; മുനമ്പം വിഷയത്തിൽ നിലപാട് കടുപ്പിച്ച് കാന്തപുരം വിഭാഗവും