ഫൂലെ സിനിമയെ പിന്തുണച്ച് പങ്കുവെച്ച പോസ്റ്റിന്‍റെ പേരില്‍ സംവിധായകന്‍ വലിയ തോതില്‍ വിമർശനങ്ങള്‍ നേരിട്ടിരുന്നു
അനുരാഗ് കശ്യപ്
ബ്രാഹ്‌ണരെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. തന്‍റെ പോസ്റ്റിനെ പ്രതിയല്ല ക്ഷമയെന്നും അതിലെ ഒരു വരി സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വിദ്വേഷം പരത്താൻ ഇടയായതിനാലാണ് മാപ്പ് ചോദിക്കുന്നതെന്നും അനുരാഗ് കശ്യപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഫൂലെ സിനിമയെ പിന്തുണച്ച് പങ്കുവെച്ച പോസ്റ്റിന്‍റെ പേരില്‍ സംവിധായകന്‍ വലിയ തോതില്‍ വിമർശനങ്ങള്‍ നേരിട്ടിരുന്നു. പോസ്റ്റിനു താഴെവന്ന കമന്‍റിന് മറുപടിയായി 'ബ്രാഹ്‌ണരുടെ മേൽ മൂത്രമൊഴിക്കും' എന്ന അനുരാഗിന്‍റെ കമന്‍റും വിവാദമായി. ഇതോടെയാണ് ക്ഷമാപണവുമായി സംവിധായകന്‍ രംഗത്തെത്തിയത്.
മകൾക്കും, കുടുംബത്തിനും, കൂട്ടുകാർക്കും, സഹപ്രവർത്തകർക്കും പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണികൾ ലഭിക്കുന്നുവെന്നും അനുരാഗിന്‍റെ പോസ്റ്റിൽ പറയുന്നു. 'എന്റെ കുടുംബം ഒന്നും പറയാറില്ല, പറഞ്ഞിട്ടുമില്ല. അതുകൊണ്ടുതന്നെ ഞാൻ മാപ്പ് പറയുകയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഇതാ എന്റെ മാപ്പ്', അനുരാഗ് കുറിച്ചു.
ജ്യോതിറാവു ഫൂലെയുടെയും ഭാര്യ സാവിത്രി ഫൂലെയുടെയും ജീവതം പ്രമേയമാകുന്ന 'ഫൂലെ' സിനിമയെ ചൊല്ലിയുള്ള വിവാദത്തിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെയും (സിബിഎഫ്‌സി) ബ്രാഹ്മണ സംഘടനകളെയും വിമർശിച്ചായിരുന്നു അനുരാഗിന്‍റെ പോസ്റ്റ്. പഞ്ചാബ് 95, തീസ്, ധടക് 2, ഫൂലെ...തുടങ്ങി എത്ര സിനിമകളാണ് ഇവർ തടഞ്ഞതെന്ന് അറിയില്ല. ഈ ജാതിവാദികളും പ്രാദേശിക, വംശീയവാദി സർക്കാരും സ്വന്തം മുഖം കണ്ണാടിയിൽ കാണാൻ ലജ്ജിക്കണം. അവരെ അലട്ടുന്നതെന്താണെന്ന് അവർക്ക് തുറന്നു പറയാൻ പോലും പറ്റുന്നില്ല. ഭീരുക്കളെപ്പോലെയാണ് അവർ പെരുമാറുന്നതെന്നും കശ്യപ് കുറിച്ചു. ധടക് 2 റിലീസ് ചെയ്തപ്പോള്‍ ഇന്ത്യയില്‍ നിന്നും ജാതിവ്യവസ്ഥ നീക്കം ചെയ്തുവെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്. ഇപ്പോള്‍ ബ്രാഹ്‌ണന്മാര്‍ ഫൂലെയെ എതിര്‍ക്കുന്നു. ഇന്ത്യയിൽ ജാതി വ്യവസ്ഥ ഇല്ലെങ്കിൽ ബ്രാഹ്മണർക്ക് എന്താണ് പ്രശ്നം? ജാതി വ്യവസ്ഥ നിലവിലില്ലെങ്കിൽ നിങ്ങൾ ആരാണ്? ജാതിയില്ലെങ്കിൽ എന്തിനാണ് ഇത്രയധികം രോഷം? എന്നിങ്ങനെ പൊകുന്നു അനുരാഗിന്‍റെ വിമർശനങ്ങള്‍.
ഈ പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് അനുരാഗ് കശ്യപ് നല്‍കിയ മറുപടിയാണ് വിവാദമായത്. ബ്രാഹ്‌മണരുടെ മേൽ താൻ മൂത്രമൊഴിക്കുമെന്നും അതിൽ എന്താണ് കുറ്റമെന്നുമായിരുന്നു കശ്യപിന്റെ മറുപടി.
ഫൂലെ സിനിമയിൽ നിരവധി മാറ്റങ്ങള്‍ നിർദേശിച്ച സിബിഎഫ്‌സി ഏപ്രിൽ ഏഴിന് 'യു' സർട്ടിഫിക്കറ്റ് നൽകിയിരുന്നു. മഹർ, മാങ്, പെഷ്വാ തുടങ്ങിയ ജാതി സംബന്ധിച്ച പരാമർശങ്ങൾ നീക്കണമെന്നും 'മനു ജാതി വ്യവസ്ഥ' ഉൾപ്പെടെ ഏതാനും പരാമർശങ്ങൾ ഒഴിവാക്കണമെന്നും സിബിഎഫ്‌സി നിർദേശിച്ചു. ഏപ്രിൽ 11നാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. വിവാദങ്ങളെ തുടർന്ന് റിലീസ് എപ്രിൽ 25ലേക്ക് മാറ്റുകയായിരുന്നു.