fbwpx
മനുഷ്യനോ പ്രകൃതിയോ അതോ അന്യഗ്രഹ ജീവിയോ? കടലിലെ കടങ്കഥയായി യോനാഗുനി
logo

നസീബ ജബീൻ

Posted : 19 Apr, 2025 04:59 PM

ഒറ്റനോട്ടത്തില്‍ ഒരു പര്‍വതത്തിന്റെ മുകളില്‍ നിര്‍മിച്ചെടുത്തതു പോലെ തോന്നും യോനാഗുനിയിലെ കടലിനടിയിലെ രൂപങ്ങള്‍ കണ്ടാല്‍. ഇതിലെ ഏറ്റവും ഉയര്‍ന്ന സ്തൂപത്തിന് ഏകദേശം 500 അടി നീളവും 130 അടി വീതിയും 90 അടി ഉയരവുമുണ്ട്

WORLD


1987 ലെ ഒരു സാധാരണ ദിവസം... ജപ്പാനിലെ പ്രശസ്തമായ യൊനാഗുനി ദ്വീപിന്റെ പരസിരത്ത് സ്‌കൂബാ ഡൈവിങ്ങിന് പറ്റിയ സ്ഥലം അന്വേഷിച്ചു നടക്കുകയായിരുന്നു കിഹാചിറോ അറാട്ടാക്കെ എന്ന ഡൈവര്‍. ഡൈവിങ്ങാനായി താന്‍ കണ്ടെത്താന്‍ പോകുന്ന സ്ഥലം ലോകം അന്നുവരെ വിശ്വസിച്ചിരുന്ന ചരിത്രത്തേയും സിവിലൈസേഷനെ കുറിച്ചുള്ള ധാരണകളേയും ചോദ്യം ചെയ്യാന്‍ കെല്‍പ്പുള്ളതാകുമെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു.


കടലിനടിയില്‍ താന്‍ കണ്ട കാഴ്ചകള്‍ അറാട്ടാക്കെയെ അത്യധികം ആഹ്ലാദിപ്പിച്ചു, ഒപ്പം ചെറുതല്ലാത്ത രീതിയില്‍ ഭയപ്പെടുത്തുകയും ചെയ്തു. ആദ്യഘട്ടത്തില്‍ അയാള്‍ തന്റെ കണ്ടെത്തല്‍ രഹസ്യമാക്കി വെക്കാനായിരുന്നു ശ്രമിച്ചത്. അജ്ഞാതമായിക്കിടന്ന യൊനാഗുനി ദ്വീപിന്റെ നിധിയാണ് തന്റെ കണ്ണിനു മുന്നില്‍ വെളിപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെ ആ സ്‌കൂബ ഡൈവര്‍ ആ രഹസ്യം ലോകത്തോട് വിളിച്ചു പറയുകയായിരുന്നു.

അന്ന് തൊട്ട് ഇന്നുവരെ ശാസ്ത്രലോകം രണ്ട് തട്ടിലായി തിരിഞ്ഞ് പരസ്പരം തര്‍ക്കിക്കുകയാണ്. അപ്പോള്‍ എന്താണ് അറാട്ടാക്കെ കണ്ടെത്തിയ നിധി? 1987 കഴിഞ്ഞിട്ട് 37 വര്‍ഷം പിന്നിട്ടിട്ടും തീരാത്ത തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായ എന്തായിരിക്കും അയാള്‍ യൊനാഗുനി ദ്വീപിലെ കടലാഴങ്ങളില്‍ 90 അടി താഴ്ച്ചയില്‍ കണ്ടത്?


Also Read: ആമസോണ്‍ കാട്ടിലെ നാല്‍പ്പത് ദിവസം



ഭൂമിയില്‍ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിര്‍മ്മിത വാസ്തുശില്പ്പമായി കരുതപ്പെടുന്നതാണ് ഈജിപ്തിലെ ഗിസ പിരമിഡ്. ക്രിസ്തുവിന് 2750 വര്‍ഷങ്ങല്‍ക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ചതാണിത്. പ്രാചീന സപ്താത്ഭുതങ്ങളില്‍ അവശേഷിക്കുന്ന ഒന്നേയൊന്ന്. ഈജിപ്തിലെ നാലാം രാജവംശത്തിന്റെ കാലത്ത്, ഏതാണ്ട് 4500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിക്കപ്പെട്ടതാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍, അറാട്ടാക്കെ കടലിനിടയില്‍ കണ്ടെത്തിയ അത്ഭുതത്തിന് ഏകദേശം 10,000 വര്‍ഷങ്ങള്‍ക്കു മേല്‍ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇനി എന്താണ് ആ അത്ഭുതമെന്ന് നോക്കാം. പിരമിഡിനു സമാനമായ സ്തൂപങ്ങളും പടികളും തൂണുകളും പല ആകൃതികളിലുള്ള പാറകളും നിറഞ്ഞ അത്ഭുതം. അതായിരുന്നു അറാട്ടാക്കെ കണ്ടെത്തിയത്. നേരത്തേ പറഞ്ഞതു പോലെ, ഇതിന്റെ കാലപ്പഴക്കം തന്നെയാണ് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നത്. ഗിസയിലെ ഗ്രേറ്റ് പിരമിഡുകളേക്കാളും 5000 വര്‍ഷം പഴക്കമുള്ള നെതര്‍ലന്‍ഡിലെ സ്റ്റോണ്‍ഹെഞ്ചിനെക്കാളും പഴക്കമുള്ളതാകും കടലിനടിയിലെ നിര്‍മിതികള്‍. അത് അംഗീകരിച്ചാല്‍, ഇതുവരെ നാം വിശ്വസിച്ചു പോന്നതും പഠിച്ചതുമായ സിവിലൈസേഷനെ കുറിച്ചുള്ള ചരിത്രങ്ങളെല്ലാം മാറ്റി എഴുതേണ്ടി വരും.


ഇതോടെ, ഗവേഷകര്‍ രണ്ട് തട്ടായി. അറ്റ്ലാന്റിക്കില്‍ മറഞ്ഞു പോയെന്നു കരുതുന്ന ഭാവനാനഗരമായ അറ്റ്ലാന്റിസ് നഗരത്തോടാണ് ഒരു കൂട്ടം ഗവേഷകര്‍ ഈ പ്രദേശത്തെ ഉപമിച്ചത്. അങ്ങനെ ജാപ്പനീസ് അറ്റ്ലാന്റിസ് എന്ന പേരും വീണു. ഇത് മനുഷ്യ നിര്‍മിതമല്ല, കാലചക്രത്തിന്റെ ഒഴുക്കില്‍ കടലിനടയില്‍ സ്വാഭാവികമായി രൂപപ്പെട്ട നിര്‍മിതകളാണെന്നും നിഗൂഢ സിദ്ധാന്തങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, ഭൂമിയില്‍ അന്യഗ്രഹ ജീവികള്‍ വന്നു പോയതിന്റെ തെളിവാണ് കടലിനടിയില്‍ അവശേഷിക്കുന്നതെന്നും അജ്ഞാതരായ അന്യഗ്രഹവാസികളുടെ നിര്‍മിതായാണിതെന്നും കോണ്‍സ്പിറസി തീയറിസ്റ്റുകള്‍ വിശ്വസിക്കുന്നു.





ഒറ്റനോട്ടത്തില്‍ ഒരു പര്‍വതത്തിന്റെ മുകളില്‍ നിര്‍മിച്ചെടുത്തതു പോലെ തോന്നും യോനാഗുനിയിലെ കടലിനടിയിലെ രൂപങ്ങള്‍ കണ്ടാല്‍. ഇതിലെ ഏറ്റവും ഉയര്‍ന്ന സ്തൂപത്തിന് ഏകദേശം 500 അടി നീളവും 130 അടി വീതിയും 90 അടി ഉയരവുമുണ്ട്. കളിമണ്ണും ചെളിയും ചേര്‍ന്നുള്ള ചെളിക്കല്ല്, അഥവാ മഡ് സ്റ്റോണ്‍ എന്നയിനം പാറയും ചുണ്ണാമ്പുകല്ലും ചേര്‍ന്നാണ് നിര്‍മിതി. സ്തൂപത്തിന്റെ മുകള്‍ ഭാഗവും ജലോപരിതലവും തമ്മിലുള്ള വ്യത്യാസം വെറും 16 അടി മാത്രമാണ്. ഇതിനൊപ്പം നക്ഷത്രാകൃതിയിലുള്ള ഒരു സ്റ്റേജും 33 അടി വീതിയുള്ള ചുമരും കല്ലുകൊണ്ടുള്ള വന്‍ സ്തൂപങ്ങളുമെല്ലാം ചേര്‍ന്നതാണ് യോനാഗുനി സ്മാരകം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ സ്ഥലം.


Also Read:  തുത്മോസ് രണ്ടാമന്റെ കല്ലറയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും




1990 ല്‍ ജപ്പാനിലെ ഒരു കൂട്ടം ഗവേഷകര്‍ ഈ സ്ഥലത്തിന്റെ രഹസ്യം കണ്ടെത്താനായി ഇറങ്ങിത്തിരിച്ചു. നിര്‍മിതിയുടെ കാലപ്പഴക്കവും രൂപഘടനയുമെല്ലാം പരിശോധിച്ച് ഇത് മനുഷ്യനിര്‍മിതമാണോ അതോ പ്രകൃതിയുടെ അത്ഭുതമാണോ എന്നതിനെ കുറിച്ചായിരുന്നു പ്രധാന അന്വേഷണം.

അമ്പരപ്പിക്കുന്നതും ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നതുമായിരുന്നു അന്വേഷണങ്ങളില്‍ ഗവേഷകര്‍ക്കു മുന്നില്‍ തെളിഞ്ഞ വസ്തുതകള്‍. നിര്‍മിതിയിലെ സ്തൂപങ്ങള്‍ക്ക് ഏകദേശം 2000 കൊല്ലത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. എന്നാല്‍, സ്തൂപം നിര്‍മിച്ച കല്ലുകള്‍ക്ക് ഏകദേശം രണ്ട് കോടി വര്‍ഷത്തെ പഴക്കവുമുണ്ട്. ഗവേഷക സംഘത്തിലുണ്ടായിരുന്ന മറൈന്‍ സീസ്മോളജിസ്റ്റായ മസാകി കിമുറോ അവകാശപ്പെടുന്നത് ഈ നിര്‍മിതിയില്‍ മനുഷ്യന്റെ കൈ പതിഞ്ഞിട്ടുണ്ടെന്ന് തന്നെയാണ്. ഗവേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇത് മനുഷ്യനിര്‍മിതമാണോ എന്ന് സംശയിച്ചിരുന്ന ആളായിരുന്നു അദ്ദേഹം.

തന്റെ കണ്ടെത്തലുകള്‍ പിന്നീട് കിമുറോ പുറത്തിറക്കിയിരുന്നു. ഒന്നുകില്‍ ഈ നിര്‍മിതി പൂര്‍ണമായും മനുഷ്യന്‍ നിര്‍മിച്ചത്. അല്ലെങ്കില്‍, ഏതെങ്കിലും ഘട്ടത്തില്‍ മനുഷ്യന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് നിശ്ചയം എന്നാണ് കിമുറോയുടെ വാദം. നിര്‍മാണ കാലഘട്ടത്തില്‍ ഇത് കരയിലായിരുന്നിരിക്കാമെന്നും പിന്നീട് കടലില്‍ മുങ്ങിയതാകാമെന്നും അദ്ദേഹം കരുതുന്നു.




എന്നാല്‍, 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ജപ്പാനില്‍ കല്‍പ്പണിക്കാര്‍ ഏറെ ഉണ്ടായിരുന്നെങ്കിലും ഇതുപോലെ കൂറ്റന്‍ സ്തൂപങ്ങള്‍ നിര്‍മാക്കാനും മാത്രം ശേഷിയും വൈദഗ്ധ്യവുമൊന്നും അവര്‍ക്കുണ്ടായിരുന്നോ എന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു കൂട്ടം ഗവേഷകര്‍ ചോദിക്കുന്നു. യൊനാഗുനിയില്‍ ഇടക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങളും കടലിലെ ഒഴുക്കും ചേര്‍ന്ന് സ്വാഭാവികമായി രൂപപ്പെട്ട പ്രകൃതിയുടെ അത്ഭുതം മാത്രമാണിതെന്നാണ് ഈ വിഭാഗം ഗവേഷകര്‍ വാദിക്കുന്നത്.

പക്ഷെ, അപ്പോഴും ചതുരാകൃതിയുള്ള പാറകളും മൂര്‍ച്ചയേറിയ അരികുകളും ചോദ്യചിഹ്നമായി നില്‍ക്കുന്നു. കടല്‍ത്തിരയേറ്റ് അരികുകള്‍ക്ക് ഇത്ര മൂര്‍ച്ചയുണ്ടാകില്ല, ഇത് ആയുധം ഉപയോഗിച്ച് ചെത്തി മിനുക്കിയതിനു സമാനമാണ്. ഒപ്പം ഒരേ വലുപ്പത്തിലും ആകൃതിയിലുമുള്ള രൂപങ്ങളും ഗവേഷകര്‍ക്ക് തലവേദനയുണ്ടാക്കുന്നു. ഇത് മനുഷ്യ നിര്‍മിതിയാണെന്ന് വാദിക്കുന്നയാളാണ് ഗ്രഹാം ഹാന്‍കോക്ക് എന്ന എഴുത്തുകാരന്‍. അദ്ദേഹം പറയുന്നത്, കൊത്തിയെടുത്തതു പോലുള്ള പടികളും മെഗാലിത്തുകളും കമാനങ്ങളും കല്ലിലെ മുഖം പോലുള്ള കൊത്തുപണികളുമെല്ലാം ബുദ്ധിപരമായ രൂപകല്‍പ്പനയുടെ വ്യക്തമായ അടയാളങ്ങളാണെന്നാണ്.

യോനാഗുനി സ്മാരകത്തിന്റെ കാലപ്പഴക്കമാണ് അതിനെ നൂഗൂഢമാക്കുന്നതും ഒത്തുതീര്‍പ്പിലെത്താത്ത ചര്‍ച്ചകള്‍ക്കും കാരണമാക്കുന്നത്. ഗവേഷണങ്ങളിലൂടെ ഇത് മനുഷ്യ നിര്‍മിതമാണെന്ന് തെളിഞ്ഞാല്‍, വാസ്തുവിദ്യയുടെ അറിയപ്പെടുന്ന ആദ്യകാല ഉദാഹരണങ്ങളിലൊന്നായ തുര്‍ക്കിയിലെ ഗോബെക്ലി ടെപെയ്ക്കൊപ്പം യോനാഗുനി സ്മാരകത്തേയും ഉള്‍പ്പെടുത്താം.

Also Read
user
Share This

Popular

KERALA
IPL 2025
'ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചു, ലഹരിയിടപാടുകാരുമായി ബന്ധം'; നടനെതിരായ എഫ്ഐആർ വിവരങ്ങള്‍