സെൻസറുകളുപയോഗിച്ച് അടുത്തുള്ള വസ്തുക്കളുടെ സാമീപ്യത്തെ ട്രാക്ക് ചെയ്യുന്ന രീതിയിലാണ് കണ്ണടയുടെ നിർമാണം.
സാങ്കേതിക വിദ്യയിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ചൈന. ഇത്തവണ എഐ സാങ്കേതിക വിദ്യയിലൂടെയാണ് ചൈന ലോകത്തെ ഞെട്ടിച്ചത്. കാഴ്ച പരിമിതിയുള്ളവർക്ക് സ്വതന്ത്രരായി നടക്കാൻ സഹായിക്കുന്ന കണ്ണടയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യം വികസിപ്പിച്ചത്.
കാഴ്ച പരിമിതിയുള്ളവർക്ക് വടിയുടെയും ആളുകളുടെയോ സഹായം കൂടാതെ സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും സഞ്ചരിക്കാൻ സാധിക്കുക. അതും കാഴ്ചയുള്ളവരുടേത് പോലെ. അപ്രാപ്യമെന്ന് കരുതിയവരെ ഞെട്ടിപ്പിക്കുന്നതാണ് ചൈനയിലെ ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാലയുടെ കണ്ടെത്തൽ. എഐ സഹായത്തോടെ കണ്ണട നിർമിച്ചിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞർ. തത്സമയ വീഡിയോ വിശകലനം, ഓഡിയോ സൂചകങ്ങൾ, ഹാപ്‌റ്റിക് ( സ്പർശനേന്ദ്രിയത്തെ സംബന്ധിച്ച ) ഫീഡ്‌ബാക്ക് എന്നിവ സംയോജിപ്പിച്ച് ഉപയോക്താക്കളെ അവരുടെ ചുറ്റുപാടുകളിലൂടെ സുരക്ഷിതമായി നയിക്കാൻ സഹായിക്കുന്ന തരത്തിലാണ് കണ്ണട വികസിപ്പിച്ചിരിക്കുന്നത്.
ഗൂഗിൾ ഗ്ലാസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയത്. കണ്ണടയിലുള്ള ചെറിയ ക്യാമറ, എഐ പ്രോസസർ, ചാലന ഹെഡ്‌ഫോണുകൾ, കൈത്തണ്ടയിൽ ധരിക്കുന്ന കൃത്രിമ ചർമ സെൻസറുകൾ എന്നിവ ഉപയോഗിച്ചാണ് ഉപയോക്താവിന് കണ്ണട നിർദേശം നൽകുക. കണ്ണടയിലുള്ള ക്യാമറ വഴി ലഭിക്കുന്ന വീഡിയോകൾ എഐ വിശകലനം ചെയ്യുകയും ചുറ്റുമുള്ള വസ്തുകളെയും ശബ്‌ദങ്ങളെയും ഹെഡ്‌ഫോണിലൂടെ നേരിട്ട് ഓഡിയോ പ്രോംപ്റ്റുകളായി ഉപയോക്താവിന് കൈമാറും. സെൻസറുകളുപയോഗിച്ച് അടുത്തുള്ള വസ്തുക്കളുടെ സാമീപ്യത്തെ ട്രാക്ക് ചെയ്യുന്ന രീതിയിലാണ് കണ്ണടയുടെ നിർമാണം.
ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി, ഷാങ്ഹായ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ലബോറട്ടറി, ഈസ്റ്റ് ചൈന നോർമൽ യൂണിവേഴ്സിറ്റി, ഹോങ്കോംഗ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഫുഡാൻ യൂണിവേഴ്സിറ്റിയിലെ സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് മെഡിക്കൽ ന്യൂറോബയോളജി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ ചേർന്നാണ് എഐ കണ്ണട നിർമിച്ചിരിക്കുന്നത്. എഐ കണ്ണട 20 പേരിൽ പരീക്ഷിച്ചുവെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.