ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ബംഗ്ലാദേശ് സർക്കാർ ഏറ്റെടുക്കണമെന്നും ഇന്ത്യ നിർദേശം നൽകി
ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദു ന്യൂനപക്ഷ നേതാവായ ഭാബേഷ് ചന്ദ്ര റോയിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ. സംഭവത്തെ അപലപിക്കുകയും, ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസിൻ്റെ സർക്കാർ പരാജയപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
"ഹിന്ദു ന്യൂനപക്ഷ നേതാവായ ശ്രീ ഭാബേഷ് ചന്ദ്ര റോയിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതിൽ ഞങ്ങൾക്ക് ദുഃഖം തോന്നി". സമാനമായി ഉണ്ടായ ഇത്തരം സംഭവ വികാസങ്ങളിൽ കുറ്റവാളികൾ ശിക്ഷാ വിധികളില്ലാതെ വിഹരിക്കുമ്പോൾ, സർക്കാരിന് കീഴൽ ഹിന്ദു ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും ഇന്ത്യ നിർദേശം നൽകി.
ALSO READ: ബംഗ്ലാദേശിൽ ഹിന്ദു സമുദായ നേതാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തി
കൊല്ലപ്പെട്ട ഭാബേഷ് ചന്ദ്ര റോയ് ബംഗ്ലാദേശ് പൂജ ഉദ്‌ജപൻ പരിഷത്ത് ബിരാൽ യൂണിറ്റിൻ്റെ വൈസ് പ്രസിഡൻ്റായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെ ഭാബേഷിന് ഒരു ഫോൺ കോൾ വന്നതായി ഭാര്യ പറഞ്ഞതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. ഇതിനുപിന്നാലെ അര മണിക്കൂറിന് ശേഷം ബൈക്കിലെത്തിയ നാല് പേർ ചേർന്ന് ഇയാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഭാബേഷിനെ നരബരി ഗ്രാമത്തിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് ക്രൂരമായി മർദിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
പിന്നീട് ബോധരഹിതനായ ഭാബേഷിനെ അക്രമികൾ തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. ബന്ധുക്കൾ ചേർന്ന് ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുന്‍പ് തന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.