ചിലപ്പോൾ സൈക്കിൾ ചവിട്ടിയും ഷെയർ ഓട്ടോ പിടിച്ചും ലിഫ്റ്റ് ചോദിച്ചൊക്കെയുമാണ് അവൻ ഗ്രൗണ്ടിലേക്ക് പോയിരുന്നതെന്ന് പിതാവ് ഹർകേഷ് കുമാർ ഓർത്തെടുത്തു.
ഐപിഎല്ലിൽ സ്വപ്നസമാനമായ തുടക്കമാണ് മുംബൈ ഇന്ത്യൻസിൻ്റെ പുതിയ ബൗളിങ് സെൻസേഷൻ അശ്വനി കുമാറിന് ലഭിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മൂന്നോവറിൽ 24 റൺസ് വഴങ്ങി നിർണായകമായ നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. നിലവിലെ ചാംപ്യന്മാരായ കെകെആറിനെ 116 റൺസിൽ എറിഞ്ഞൊതുക്കിയ മുംബൈ 43 പന്തുകൾ ശേഷിക്കെ എട്ട് വിക്കറ്റിൻ്റെ അനായാസ ജയം നേടിയിരുന്നു.
അതേസമയം, മകൻ്റെ കഠിനാധ്വാനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അശ്വനി കുമാറിൻ്റെ പിതാവ് ഹർകേഷ് കുമാർ. വെയിലും മഴയുമെല്ലാം അവഗണിച്ചാണ് മകൻ മൊഹാലിയിലെ പിസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലേക്കും മുല്ലാൻപൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കും പരിശീലനത്തിനായി പോയിരുന്നത്. ചിലപ്പോൾ സൈക്കിൾ ചവിട്ടിയും ഷെയർ ഓട്ടോ പിടിച്ചും ലിഫ്റ്റ് ചോദിച്ചൊക്കെയുമാണ് അവൻ ഗ്രൗണ്ടിലേക്ക് പോയിരുന്നതെന്ന് പിതാവ് ഓർത്തെടുത്തു.
"അവൻ ദിവസവും വണ്ടിക്കൂലിയായി 30 രൂപയാണ് എൻ്റെ പക്കൽ നിന്നും വാങ്ങിച്ചിരുന്നത്. ഇപ്പോൾ 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് അവനെ മെഗാ ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. അവൻ ഈ നേട്ടം അധ്വാനിച്ച് സ്വന്തമാക്കിയതാണ്. അവൻ ഐപിഎല്ലിൽ ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും ഞാനാ പഴയ ദുരിതമൊക്കെ ഓർത്തുപോയി. എല്ലാ ദിവസവും പരിശീലനത്തിന് ശേഷം രാത്രി 10 മണി കഴിഞ്ഞാണ് അവൻ വീട്ടിൽ വന്നിരുന്നത്. പുലർച്ചെ അഞ്ച് മണിക്ക് എഴുന്നേൽക്കുകയും ഗ്രൗണ്ടിലേക്ക് പോകുകയും ചെയ്യും," ഹർകേഷ് കുമാർ കൂട്ടിച്ചേർത്തു.
ക്രിക്കറ്റിൽ ജസ്പ്രീത് ബുംറയേയും മിച്ചൽ സ്റ്റാർക്കിനെയുമാണ് അശ്വനി കുമാർ റോൾ മോഡലുകളായി കണ്ടിരുന്നത്. എന്നാൽ 2025 ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി ബുംറയുടെ പകരക്കാരൻ്റെ സ്ഥാനം ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം തന്നിലേക്ക് വന്നു ചേരുമെന്ന് അശ്വനി കുമാറിന് ഒരിക്കലും അറിയില്ലായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നിവിടങ്ങളിൽ ഭാഗ്യം പരീക്ഷിച്ചെങ്കിലും മത്സരത്തിന് ഇറങ്ങാനുള്ള ഭാഗ്യം തുണച്ചിരുന്നില്ല.
"ഐപിഎൽ ടീമുകൾക്ക് വേണ്ടി ട്രയൽസിൽ പങ്കെടുത്തെങ്കിലും ജസ്പ്രീത് ബുംറയേയും മിച്ചൽ സ്റ്റാർക്കിനേയും പോലെയാകാനാണ് അവൻ എപ്പോഴും ആഗ്രഹിച്ചത്. അശ്വനി കുമാറിന് പരിശീലിക്കാനായി അവൻ്റെ സുഹൃത്തുക്കൾ ക്രിക്കറ്റ് ബോളുകൾ വാങ്ങാൻ പണം സ്വരൂപിക്കുമായിരുന്നു. മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്ക് ടീമിലെടുത്തപ്പോൾ അശ്വനി ആദ്യം ചെയ്തത് ക്രിക്കറ്റ് കിറ്റുകളും പന്തുകളും വാങ്ങി ഞങ്ങളുടെ ഗ്രാമത്തിനടുത്തുള്ള അക്കാദമികളിൽ വിതരണം ചെയ്യുകയായിരുന്നു. അവൻ്റെ പ്രിയപ്പെട്ട മുംബൈ ഇന്ത്യൻസ് ജേഴ്‌സിയിൽ സ്വന്തം പേര് ധരിച്ച് കളിക്കാൻ കഴിയുമെന്നുള്ള അതിയായ ആഗ്രഹം അവൻ എപ്പോഴും എന്നോട് പറയുമായിരുന്നു. അരങ്ങേറ്റത്തിലെ പ്രകടനത്തോടെ മറ്റുള്ള കുട്ടികൾ അവൻ്റെ പേരുള്ള ജേഴ്‌സി ധരിക്കുമെന്ന് അവൻ ഉറപ്പാക്കി," അശ്വനി കുമാറിൻ്റെ മൂത്ത സഹോദരൻ ശിവ് റാണ പറഞ്ഞു.
മത്സരത്തിന് ശേഷം ആലൂ പറാട്ടയും ബെസൻ കാ ചില്ലയും കഴിക്കാൻ കൊതി മൂത്തിരിക്കുകയാകും മകനെന്ന് അശ്വനി കുമാറിൻ്റെ അമ്മയും പറഞ്ഞു. മുംബൈയിൽ അത് കിട്ടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അമ്മ പറഞ്ഞു. ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് കുടുംബം പ്രതികരിച്ചത്.