ഷോയിൽ പങ്കെടുത്ത നവി മുംബൈയിലെ ഒരു ബാങ്കിങ് ഉദ്യോഗസ്ഥന് പൊലീസ് നോട്ടീസ് നൽകിയിരുന്നെന്നും തുടർന്ന് ഇയാൾക്ക് തിരിച്ചുള്ള യാത്ര റദ്ദാക്കേണ്ടി വന്നതായും പറയുന്ന വാർത്താ റിപ്പോർട്ടും കുനാൽ പോസ്റ്റിനൊപ്പം പങ്കുവെച്ചു
വിവാദ പരിപാടിയിൽ പങ്കെടുത്ത കാണികൾക്ക് പൊലീസ് നോട്ടീസ് അയച്ചെന്ന വാർത്തയ്ക്ക് പിന്നാലെ കാണികളിൽ ഒരാളോട് ക്ഷമ ചോദിച്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പരിഹസിച്ചെന്ന കേസിൽ കുനാൽ കമ്രയുടെ ‘നയാ ഭാരത് ഷോ’യിൽ പങ്കെടുത്ത കാണികളെ മുംബൈ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നെന്ന വാർത്തകൾ പുറത്തെത്തിയിരുന്നു. പിന്നാലെയാണ് ഖേദപ്രകടനവുമായി കുനാൽ കമ്ര രംഗത്തെത്തിയത്.
എക്സ് പോസ്റ്റിലൂടെയാണ് കുനാൽ കമ്ര ഖേദപ്രകടനം നടത്തിയത്. ഷോയിൽ പങ്കെടുത്ത നവി മുംബൈയിലെ ഒരു ബാങ്കിങ് ഉദ്യോഗസ്ഥന് പൊലീസ് നോട്ടീസ് നൽകിയിരുന്നെന്നും തുടർന്ന് ഇയാൾക്ക് തിരിച്ചുള്ള യാത്ര റദ്ദാക്കേണ്ടി വന്നതായും പറയുന്ന വാർത്താ റിപ്പോർട്ടും കുനാൽ പോസ്റ്റിനൊപ്പം പങ്കുവെച്ചു. "എന്റെ ഷോയിൽ പങ്കെടുത്തതിൽ നിങ്ങൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞാൻ അഗാധമായി ഖേദിക്കുന്നു," കുനാൽ കുറിച്ചു. "ദയവായി നിങ്ങൾ എനിക്ക് ഇമെയിൽ അയയ്ക്കൂ, നിങ്ങളുടെ അടുത്ത അവധിക്കാലം ഇന്ത്യയിൽ എവിടെ വേണമെങ്കിലും ഷെഡ്യൂൾ ചെയ്യാൻ എനിക്ക് കഴിയും," പോസ്റ്റിൽ പരിഹാസരൂപേണ കുനാൽ കുറിച്ചു.
ഫെബ്രുവരി രണ്ടിന് ഖാർറോഡിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവരിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയാണ് നിലവിൽ മുംബൈ പൊലീസ്. സിആർപിസി സെക്‌ഷൻ 179 പ്രകാരമാണ് പ്രേക്ഷകർക്ക് നോട്ടീസ് നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. സാക്ഷിമൊഴികൾ രേഖപ്പെടുത്താനായി ഒന്നോ രണ്ടോ പേരെ വിളിച്ചുവരുത്താൻ മുംബൈ പൊലീസിന് അവകാശമുണ്ടെങ്കിലും, വീഡിയോ റെക്കോഡിങ്ങുകൾപോലുള്ള ഇലക്‌ട്രോണിക് തെളിവുകൾ നിലവിലുള്ളതിനാൽ അത് നിർബന്ധമല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം മദ്രാസ് ഹൈക്കോടതി കേസിൽ കുനാൽ കമ്രയ്ക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഏപ്രിൽ 7 വരെയാണ് കോടതി കുനാൽ കമ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ഹാസ്യ പരിപാടിക്കിടെ ഏക്നാഥ് ഷിൻഡെയെ വഞ്ചകനെന്ന് പരിഹസിച്ച് പാരഡി ഗാനം ആലപിച്ചതിനാണ് കുനാലിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്.
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് സുന്ദർ മോഹൻ്റേതാണ് ഉത്തരവ്. മുംബൈയിലെ ഖാർ പൊലീസിന് കോടതി ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചു. അടുത്ത വാദം കേൾക്കൽ ഏപ്രിൽ 7ന് നടക്കും. സ്റ്റാൻഡ് അപ് കോമഡി ഷോയിലെ പരാമർശത്തിനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്നായിരുന്നു കാമ്ര മുൻകൂർ ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചത്. താൻ നിരപരാധിയാണെന്നും ഒരു കലാകാരനായ തന്നെ ഉപദ്രവിക്കാനാണ് പരാതിക്കാർ ശ്രമിക്കുന്നതെന്നുമായിരുന്നു കുനാൽ കാമ്രയുടെ വാദം.
2022 ൽ ഉദ്ധവ് താക്കറെയെ വഞ്ചിച്ച് ഷിൻഡെ നടത്തിയ നീക്കങ്ങളെ പ്രശസ്തമായ ഹിന്ദി ഗാനത്തിന്റെ താളത്തിൽ പരാതിയായി അവതരിപ്പിച്ചായിരുന്നു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കാമ്രയുടെ വിമർശനം. പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.
വിമർശനത്തിൽ ഷിൻഡെ പക്ഷ എംഎൽഎ മുർജി പട്ടേൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതുവികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശമെന്നാണ് പരാതിയിൽ പറയുന്നത്. ഹോട്ടൽ സ്റ്റുഡിയോ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായെന്നും, പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർക്കെതിരെ ആ സ്റ്റുഡിയോയിൽ മോശം പരാമർശം നടത്തിയിട്ടുണ്ടെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും മന്ത്രി പ്രതാപ് സർനായിക് വ്യക്തമാക്കിരുന്നു.