ദളിതരിലും കർഷകരിലും ഹിന്ദുത്വ ആശയങ്ങളുടെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു
സിപിഐഎം പാർട്ടി കോൺഗ്രസിൽ പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. വനിതകളെ നേതൃനിരയില്‍ കൊണ്ടുവരുന്നതില്‍ പാർട്ടിക്ക് പോരായ്മ ഉണ്ടെന്നാണ് സംഘടന റിപ്പോര്‍ട്ടിലെ വിമർശനം. സ്ത്രീകളുടെ പ്രവർത്തനം വില കുറച്ച് കാണുന്നു. ദളിതരിലും കർഷകരിലും ഹിന്ദുത്വ ആശയങ്ങളുടെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വനിതകൾക്ക് പാർട്ടി പ്രോത്സാഹനം നൽകുന്നില്ല. നേതൃസ്ഥാനത്തേക്ക് സ്ത്രീകളെ കൊണ്ടുവരുന്നതിൽ എല്ലാ തലങ്ങളിലും കുറവുണ്ടായി. അംഗത്വത്തിൽ 25% വനിതകൾ എന്ന കൊൽക്കത്ത പ്ലീനം നിർദ്ദേശം നടപ്പായില്ല. കേരളത്തിൻ്റെ സംസ്ഥാന സമിതിയിൽ സ്ത്രീ പ്രാതിനിധ്യം കുറവാണ്. 81 അംഗ സമിതിയിൽ 12 സ്തീകൾ മാത്രമാണുള്ളതെന്നും ഇത് വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കർഷകർക്കിടയിൽ ഹിന്ദുത്വ ആശയം അതിവേഗം സ്വാധീനിക്കുന്നു. തെരഞ്ഞെടുപ്പുകളിൽ അത് പ്രതിഫലിച്ചു. ഇത് തടയാനുള്ള പാർട്ടി പ്രവർത്തനം പര്യാപ്തമല്ല. പ്രവർത്തനം കൂടുതൽ ഗൗരവത്തോടെ വ്യാപിപ്പിക്കണം. പാർട്ടിയിലേക്ക് യുവാക്കളെ ആകർഷിക്കാൻ കഴിയുന്നില്ല. പാർട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണം. ആശാ പ്രവർത്തകർക്കിടയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു.