അതേസമയം, ഇതെല്ലാം ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്നാണ് ഇസ്രയേൽ സൈന്യം പ്രതികരിച്ചത്
വടക്കൻ ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ മരണ സംഖ്യ ഉയരുന്നു. ഗാസ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ബെയ്ത് ലഹിയയിൽ നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ 87 പേരാണ് കൊല്ലപ്പെട്ടത്. നാൽപ്പത് പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.
ഇന്നലെ രാത്രി ഗാസ അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം വ്യോമാക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്നാണ് ഇസ്രയേൽ സൈന്യം പ്രതികരിച്ചത്.
അതേസമയം, വടക്കൻ ഇസ്രയേലിന് നേരെ ലബനനിൽ നിന്നും റോക്കറ്റ് ആക്രമണം നടത്തിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. 30 ഓളം റോക്കറ്റുകളാണ് പതിച്ചതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ചിലതിനെ വ്യോമസേന നിർവീര്യമാക്കിയെന്നും ഇസ്രയേൽ സൈന്യം ട്വിറ്ററിലൂടെ അറിയിച്ചു.
ഗാസയിലേക്ക് എത്തിപ്പെടാൻ പാകത്തിനുള്ള റോഡുകളില്ലാത്തത് സഹായമെത്തിക്കുന്നതിന് തടസമാകുന്നുണ്ടെന്ന് യുഎൻ സംഘടനയായ ഒസിഎച്ച്എ അറിയിച്ചു. ആവശ്യക്കാർക്ക് യഥാസമയം സഹായം ലഭ്യമാക്കാനാവുന്നില്ലെന്നും യുഎൻ അധികൃതർ പരാതിപ്പെട്ടു. 2023 ഒക്ടോബർ 7 മുതലുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 42,603 ആയിട്ടുണ്ട്. 99,795 പേർക്കാണ് പരുക്കേറ്റതെന്നും ഗാസ ആരോഗ്യമന്ത്രാലയം ഞായറാഴ്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.